ADVERTISEMENT

കഴിഞ്ഞ വർഷമാണ് ലോകത്തെ ഈജിപ്ഷ്യൻ സംസ്‌കാര കുതുകികളെ ഞെട്ടിച്ചു കൊണ്ട് പുതിയ ഒരു മമ്മിയെക്കുറിച്ചുള്ള വിചിത്ര രഹസ്യം പോളണ്ടിലെ വാഴ്‌സ മമ്മി പ്രോജക്ടിലെ ശാസ്ത്രജ്ഞർ അറിയിച്ചത്. ഈ മമ്മിയുടെ ഗർഭപാത്രത്തിൽ 6 മാസങ്ങൾ മാത്രം പ്രായമുള്ള ഒരു ഗർഭസ്ഥ ശിശു ഉണ്ടായിരുന്നു. മരിച്ചപ്പോൾ ഗർഭിണിയായിരുന്നു മമ്മിയാക്കപ്പെട്ട യുവതി. 25 മുതൽ 35 വയസ്സുവരെയാണ് ഈ മമ്മിക്ക് പ്രായം കണക്കാക്കുന്നത്. കണ്ടെത്തിയ കാലത്ത് ഈജിപ്തിൽ ജീവിച്ചിരുന്ന ഒരു പുരുഷ പുരോഹിതന്റെ മമ്മിയാണിതെന്നായിരുന്നു ഗവേഷകർ കണക്കാക്കിയിരുന്നത്. എന്നാൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്തിയതോടെ ഇതു പുരുഷനല്ല, സ്ത്രീയാണെന്നു തെളിഞ്ഞു. എന്നാൽ തന്നെയും ഈ മമ്മിയെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ അജ്ഞാതമായിത്തന്നെ തുടർന്നു.

 

ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ ഒരു ചോദ്യം, എങ്ങനെയാണ് മമ്മിക്കുള്ളിൽ ഗർഭസ്ഥ ശിശു രണ്ടു സഹസ്രാബ്ദങ്ങളോളം നശിക്കാതെ നിലനിന്നത് എന്ന ചോദ്യമാണ്. ഇതിനുള്ള കാരണത്തിന് ഇപ്പോൾ ഉത്തരമേകിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മമ്മിയാക്കപ്പെട്ട ശരീരത്തിൽ കാലം ചെല്ലുന്തോറും അമ്ലാംശം (ആസിഡ് സാന്നിധ്യം) കൂടും. ഈ അമ്ല സാന്നിധ്യം ഗർഭപാത്രത്തിലും ഉടലെടുക്കും. അമോണിയ, ഫോർമിക് ആസിഡ് എന്നീ രാസവസ്തുക്കളുടെ അളവ് കൂടുന്നതാണ് അമ്ലസാന്നിധ്യത്തിന് ഇടയാക്കുന്നത്. ഇത്തരത്തിൽ ഗർഭസ്ഥ ശിശുവിനെ പൊതിഞ്ഞുനിന്ന അമ്ലസാന്നിധ്യമാണ് അതിനെ രണ്ടായിരം വർഷത്തോളം സംരക്ഷിച്ചു നിർത്തിയതെന്നു ശാസ്ത്രജ്ഞർ പറയുന്നു.

 

ഈജിപ്തിലെ മമ്മിയാക്കൽ പ്രക്രിയകൾ ഉപ്പ് കലർന്ന പ്രത്യേകയിനം നാട്രോൺ മണ്ണും ഉപയോഗിച്ചിരുന്നു. ഈ മണ്ണിന്റെ പൊതി ശരീരത്തിനുള്ളിലേക്ക് അന്തരീക്ഷവായുവും ഓക്‌സിജനും പ്രവേശിക്കുന്നതു വിലക്കുകയും ഗർഭസ്ഥ ശിശുവിന് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്തു.

എന്നാൽ ഈ ഗർഭസ്ഥ ശിശുവിന് അസ്ഥികൾ തീരെക്കുറവായിരുന്നു. സ്‌കാൻ പ്രക്രിയകളിൽ ശിശുവിനെ കാണാതിരുന്നതിനു കാരണവും ഇതുതന്നെയായിരുന്നു. എന്തുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നതിനും ശാസ്ത്രജ്ഞർക്ക് ഉത്തരമുണ്ട്. പൊതുവെ ഗർഭസ്ഥ ശിശുക്കളിൽ ആറുമാസം കൊണ്ട് വലിയ രീതിയിൽ അസ്ഥി രൂപീകരണം നടന്നുകാണില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. രണ്ടായിരം വർഷത്തോളം ആസിഡ് സാഹചര്യത്തിൽ കിടക്കുന്നത്, ഉള്ള അസ്ഥികളുടെ ദ്രവീകരണത്തിനു കാരണമാകും. എന്നാൽ ശരീര കലകൾ നിലനിൽക്കുകയും ചെയ്യും.

 

മമ്മിയാക്കപ്പെട്ട വേളയിൽ യുവതിയുടെ ആന്തരിക അവയവങ്ങൾ മാറ്റിയിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഗർഭസ്ഥ ശിശുവിനെ മാറ്റിയില്ല എന്നൊരു ചോദ്യവുമുണ്ട്. അതു ഈജിപ്ഷ്യർക്കിടയിൽ അന്ന് നിലനിന്നിരുന്ന മരണാനന്തര കാലത്തെക്കുറിച്ചുള്ള വിശ്വാസങ്ങൾ മൂലമാണെന്ന് ശാസ്ത്രജ്ഞർ മറുപടി പറയുന്നു. നിലവിൽ ആദ്യമായാണ് ഗർഭാവസ്ഥയിലുള്ള ഒരു മമ്മിയെകണ്ടെത്തിയത്. എന്നാൽ കൂടുതൽ പഠനങ്ങൾ നടത്തിയാൽ ഇനിയുമേറെ മമ്മികളെ ഇത്തരത്തിൽ കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

English Summary : Pregnant Egyptian mummy secret revealed by scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com