ADVERTISEMENT

യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊണ്ടതോടെ ജൈവായുധങ്ങളും രാസായുധങ്ങളും സംബന്ധിച്ച വാർത്തകളും വാദങ്ങളും ഉയർന്നുവരികയാണ്. യുക്രെയ്ൻ ജൈവായുധം, രാജ്യത്തെ അനേകം രഹസ്യകേന്ദ്രങ്ങളിൽ യുഎസ് പിന്തുണയോടെ നിർമിക്കുന്നുണ്ടെന്ന് റഷ്യ ആരോപണം നടത്തി. ലോകവേദിയിൽ ഇതു വലിയ ചർച്ചകൾക്കു വഴി വയ്ക്കുകയാണ്. ചരിത്രത്തിലെ ഒരു ആകസ്മികതയായിരിക്കാം. ലോകത്തിലെ ആദ്യത്തെ സ്ഥിരീകരിക്കപ്പെട്ട ജൈവായുധ ആക്രമണം നടന്നത് യുക്രെയ്നിലാണ്. ഇന്നത്തെ കാലത്ത് ഫിയഡോസ്യ എന്നറിയപ്പെടുന്ന കാഫാ നഗരത്തിലായിരുന്നു ആ ആക്രമണം, പതിനാലാം നൂറ്റാണ്ടിൽ. ഇതിനു കാരണക്കാരായത് ലോകത്തെ തന്നെ കിടുകിടാ വിറപ്പിച്ച മംഗോൾ സേനയാണ്. യൂറോപ്പിലെമ്പാടും കറുത്ത മരണമെന്ന പേരിൽ പ്ലേഗ് ബാധ പടർന്നുപിടിക്കാൻ വഴിവച്ചതിൽ കാഫയിലെ ഈ ജൈവായുധ ആക്രമണത്തിനു പങ്കുണ്ടാകാമെന്ന് ചരിത്രകാരൻമാർ സംശയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വളരെ പ്രശസ്തമായ ഒരു കഥയുണ്ട്.

 

വർഷം 1343..

യുക്രെയ്നിലെ ക്രൈമിയയക്കു സമീപമായിരുന്നു കാഫ നഗരം. 1230കളിൽ ഈ നഗരം മംഗോൾ സേനയുടെ അധീനതയിൽ വന്നിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടം വലിയൊരു കച്ചവടകേന്ദ്രമായി ഉയർന്നു. ഇറ്റലിയിലെ ജനോവയിൽ നിന്നുള്ള കച്ചവടക്കാരെ  ഇവിടെ തമ്പടിക്കാൻ മംഗോളുകൾ അനുവദിച്ചു. താമസിയാതെ അവർ നഗരത്തിൽ പ്രബലരാകുകയും ചെയ്തു.  കാഫ കരിങ്കടൽതീരത്തെ വലിയ ഒരു വ്യവസായ കേന്ദ്രമായി മാറി.വലിയൊരു അടിമച്ചന്തയും ഇവിടെ സ്ഥാപിക്കപ്പെട്ടു.

 

മംഗോളുകൾക്ക് ഇത് ഗുണകരമായ കാര്യമായിരുന്നു. കാഫയിലെ വ്യാപാരികൾ വഴി ഇറ്റലിയിലേക്കു കച്ചവടം നടത്താൻ അവസരമൊരുങ്ങിയിരുന്നു. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ ശത്രുത ഉടലെടുത്തു. നഗരത്തിന്റെ നിയന്ത്രണം തിരികെത്തരാൻ മംഗോളുകൾ ആവശ്യപ്പെട്ടു. എന്നാൽ വ്യാപാരികൾ വഴങ്ങിയില്ല.

ഇതെത്തുടർന്നാണു മംഗോളുകൾ കാഫ നഗരം വളഞ്ഞത്. ചെങ്കിസ് ഖാന്റെ മകൻ ജോച്ചിയുടെ ആറാം തലമുറയിൽ പെട്ട ജാനി ബെഗ് ആയിരുന്നു അന്ന് മംഗോളുകളുടെ നേതാവ്. വൻയുദ്ധം നടന്നെങ്കിലും കാഫയിലെ വ്യാപാരികളും ശക്തരായിരുന്നു. അവർ തിരിച്ചും ആക്രമണം തുടങ്ങിയതോടെ മംഗോൾ സേന പിന്തിരിഞ്ഞു. പതിനയ്യായിരത്തോളം മംഗോൾ പടയാളികൾ ആ യുദ്ധത്തിൽ മരിച്ചിരുന്നു. ജാനി ബെഗ് പകയോടെയാണു തിരികെ പോയത്.

 

രണ്ടുവർഷങ്ങൾക്കു ശേഷം മംഗോളുകൾ വീണ്ടും കാഫ വളഞ്ഞു. എന്നാൽ കുറ‍ച്ചുവർഷങ്ങളായി മധ്യേഷ്യയിൽ വലിയ പ്ലേഗുബാധ ഉടലെടുത്തിരുന്നു. യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടായ ഈ പ്ലേഗ് മൂലം ഒട്ടേറെ പേർ മരിച്ചു. മുഖത്തും കൈകാലുകളിലുമൊക്കെ പഴുപ്പ് തിങ്ങിയ മുഴകളും കടുത്ത പനിയുമൊക്കെ ഇതു മൂലം ഉടലെടുത്തു. മംഗോൾ സേനയിൽ ഒട്ടേറെ പേർ ഈ പ്ലേഗ് ബാധ മൂലം മരിച്ചിരുന്നു.

രണ്ടാം തവണ കാഫാ നഗരം വളഞ്ഞപ്പോൾ മംഗോളുകൾ ഈ മൃതദേഹങ്ങൾ കോട്ടകെട്ടിയ നഗരത്തിനുള്ളിലേക്ക് എറിഞ്ഞു.രാക്ഷസക്കവണകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഇത്. ഇതോടെ പ്ലേഗ് കാഫയിലുമെത്തി. നിരവധി പേർക്ക് രോഗബാധ ഉടലെടുത്തു. പിന്നീട് കാഫയിൽ നിന്ന് യൂറോപ്പിലേക്കും വ്യാപാരനീക്കങ്ങളുടെ ഭാഗമായി പ്ലേഗ് എത്തി. യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രോഗദുരന്തങ്ങളിലൊന്നായിരുന്നു ബ്ലാക് ഡെത്ത്. ഏഴരക്കോടിയോളം ആളുകൾ ഇതിന്റെ ഫലമായി കൊല്ലപ്പെട്ടു.ചരിത്രപരമായ രേഖപ്പെടുത്തലുണ്ടെങ്കിലും ഈ കഥ പൂർണമായും വിശ്വാസത്തിലെടുക്കാൻ ശാസ്ത്രജ്ഞർ ഒരുക്കമായിരുന്നില്ല. കപ്പലുകളിലുള്ള എലികൾ വഴിയൊക്കെയും യൂറോപ്പിൽ രോഗബാധ എത്തിയിരിക്കാമെന്ന് അവർ പറയുന്നു.

 

 

English Summary :Birth of the Black Plague: The Mongol Siege on Caffa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com