ADVERTISEMENT

ഡാൻ ബ്രൗണിന്റെ നോവലുകളുടെ തുടക്കത്തിനു സമാനമായ ഒരു വാർത്ത രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപാണ് ലണ്ടനിലെ മാധ്യമങ്ങളിൽ വന്നത്. കേംബ്രിജ് സർവകലാശാലയിൽ ഒരു വലിയ മോഷണം നടന്നു. ദശലക്ഷക്കണക്കിന് പൗണ്ട് മൂല്യമുള്ള അമൂല്യവസ്തുക്കൾ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് സാക്ഷാൽ ചാൾസ് ഡാർവിന്റെ 2 മാനുസ്ക്രിപ്റ്റുകളാണ് അന്ന് മോഷണം പോയത്. ലൈബ്രറി അധികൃതർ ലോക്കൽ പൊലീസിന്റെയും ഇന്റർപോളിന്റെയും സഹായം തേടി. ലോകം മുഴുവൻ ഈ വലിയ മോഷണം ചർച്ചയായി. ചാൾസ് ഡാർവിന്റെ 1837ലെ ട്രീ ഓഫ് ലൈഫ് സ്കെച്ചുകൾ അടങ്ങിയ നോട്ട്  ബുക്കുകൾ നഷ്ടമായതായി 2001ലാണ് ലൈബ്രറി അധികൃതർ  ലോകത്തോടു പറയുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം ഈ കഴിഞ്ഞ ദിവസം ആ മോഷണത്തിന് രസകരമായ ട്വിസ്റ്റുണ്ടായിരിക്കുകയാണ്. ലൈബ്രറിക്കു മുൻപിൽ മോഷ്ടാവ്  ഡാർവിന്റെ നോട്ട്  ബുക്കുകൾ തിരികെ വച്ചിരിക്കുന്നു. കഥാഗതിയിലെ ആ മാറ്റമാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. 

ലൈബ്രറിക്കു മുൻപിൽ ഒരു പിങ്ക് ബാഗിനുള്ളിൽ ലൈബ്രറിയന് ഒരു കുറിപ്പോടെയാണ് ആ മാനുസ്ക്രിപ്റ്റുകൾ തിരിച്ചു വച്ചിരിക്കുന്നത്. ലൈബ്രേറിയന് സന്തോഷരമായ ഈസ്റ്റർ ആശംസിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. രണ്ട് പതിറ്റാണ്ടുകൾ അതിവിദഗ്ധരായ ഉദ്യോഗസ്ഥർ തിരഞ്ഞിട്ടും കണ്ടെത്താത്ത ആ അമൂല്യ നോട്ടുബുക്കുകൾ കണ്ടെത്തിയതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് യൂണിവേഴ്സിറ്റി അധികൃതർ. അപ്പോഴും ലോകം  ചോദിക്കുകയാണ് ആരാണ് ഈ അജ്ഞാതനായ മോഷ്ടാവ്. എന്തുകൊണ്ടായിരിക്കും അയാൾ ഈസ്റ്റർ ആശംസകളോടെ അമൂല്യമായ ആ മോഷണ മുതൽ തിരികെ എത്തിച്ചത്. ഈ ചോദ്യങ്ങളുടെ പിന്നാലെ തന്നെയാണ് ലൈബ്രറി അധികൃതരും. വിലമതിക്കാനാകാത്ത നിധിയാണ് തിരിച്ചു കിട്ടിയിരിക്കുന്നതെന്നാണ് ലൈബ്രറി സർവീസസ് ഡയറക്ടർ ജസീക്ക ഗാർഡനർ പ്രതികരിച്ചത്. മാനുസ്ക്രിപ്്റ്റുകൾ തിരികെ ലഭിച്ചെങ്കിലും ആരാണ് മോഷ്ടാവെന്ന അന്വേഷണം അവസാനിക്കില്ലെന്നും ജസീക്ക ഗാർഡനർ പറയുന്നു.

∙ആരാണ് ആ മോഷ്ടാവ്?

പിങ്ക് നിറമുള്ള ഗിഫ്റ്റ് ബാഗിൽ ഡാർവിന്റെ സിദ്ധാന്തങ്ങൾ അടങ്ങിയ രണ്ടു നോട്ട്ബുക്കുകളും ഭദ്രമായി തിരികെയേൽപിച്ച ആ മോഷ്ടാവാരെന്ന് ഇതുവരെ കണ്ടെത്താനായില്ല. നോട്ട്ബുക്കുകൾ തിരികെ ലഭിച്ചെങ്കിലും അന്വേഷണം ഊർജിതമായി തുടരാനാണ് പൊലീസിന്റെയും തീരുമാനം. പുസ്തകം തിരികെ ലഭിച്ചതോടെ മോഷ്ടാവിനെ കണ്ടെത്താൻ കൂടുതൽ എളുപ്പമായേക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. സർ ഐസക് ന്യൂട്ടന്റെയും പ്രഫ. സ്റ്റീഫൻ ഹോക്കിങ്സിന്റെയും ആർക്കൈവുകൾക്കു സമീപം നോട്ട്ബുക്കുകൾ ഭദ്രമായി വച്ചെങ്കിലും ദുരൂഹതയുടെ ചുരുളുകൾ ഇനിയും അഴിയാനുണ്ട്. മോഷണം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസിനു കൈമാറണമെന്ന് ലൈബ്രറി അധികൃതരുടെ അഭ്യർഥന.

∙മോഷണം തിരിച്ചറിഞ്ഞത് മാസങ്ങൾക്കുശേഷം

2001 ലാണ് നോട്ട്ബുക്കുകൾ ലൈബ്രറിയിൽ നിന്നു കാണാതായത്. 2000 നവംബറിൽ ഈ നോട്ട്ബുക്കുകൾ ഇവ സൂക്ഷിച്ചിരുന്നിടത്തുനിന്ന് ലൈബ്രറി അധികൃതർ മാറ്റിയിരുന്നു. പേജുകൾ ഫോട്ടോയെടുത്തു സൂക്ഷിക്കാനായി പുറത്തെടുത്തിരുന്നു. ഈ സമയത്തായിരിക്കാം നോട്ട്ബുക്കുകൾ മോഷണം പോയതെന്നാണ് ലൈബ്രറി അധികൃതർ കരുതുന്നത്. ഷെൽഫ് മാറ്റി വച്ചിട്ടുണ്ടായിരിക്കാമെന്നാണ് ആദ്യം ജീവനക്കാരും കരുതിയത്. എന്നാൽ 2001 ജനുവരിയിൽ ലൈബ്രറിയിലെ സ്ഥിരം പരിശോധനയിലാണ് മാനുസ്ക്രിപ്റ്റുകൾ കാണാനില്ലെന്നു മനസ്സിലാക്കുന്നത്. ലൈബ്രറിയുടെ മുക്കും മൂലയും ജീവനക്കാർ അരിച്ചുപെറുക്കി. ലക്ഷക്കണക്കിനു പുസ്തകങ്ങളും മാപ്പുകളും കൈയ്യെഴുത്തു പ്രതികളുമുള്ള ലൈബ്രറിയുടെ ഓരോ ഷെൽഫും പരിശോധിച്ചു. അവസാനം പുസ്തകം മോഷണം പോയെന്ന് ലൈബ്രറി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. പറ്റാവുന്ന തരത്തിലെല്ലാം അന്വേഷണം നടത്തി. തുടർന്ന് കേസ് ഇന്റർപോളിനെ ഏൽപിച്ചു. പക്ഷേ, മോഷ്ടാവിനെയോ കയ്യെഴുത്തുപ്രതികളോ കണ്ടെത്താനായില്ല.

charles-darwin-stolen-notebooks-left-on-library-floor1
Photo credit : Cambridge university library

∙നല്ലവനായ ‘എക്സ്’

20 വർഷത്തിലേറെ ഡാർവിന്റെ കയ്യെഴുത്തു പുസ്തകങ്ങൾ കൈവശം വച്ച കള്ളൻ അവ പൊന്നുപോലെയാണ് സൂക്ഷിച്ചതെന്നു വ്യക്തമാണ്. ലൈബ്രറിയിലുണ്ടായിരുന്നപ്പോഴത്തെ അതേ നിലയിൽ തന്നെയാണ് പുസ്തകങ്ങൾ തിരിച്ചേൽപ്പിച്ചിരിക്കുന്നത്. കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കൃത്യമായി പൊതിഞ്ഞ് ലൈബ്രറിയുടെ ആർക്കൈവ് ബോക്സിൽ തന്നെയാണ് പുസ്തകം തിരിച്ചേൽപിച്ചത്. എക്സ് എന്ന പേരാണ് സന്ദേശത്തിനൊപ്പം വച്ചിട്ടുള്ളത്. മോഷ്ടാവ് പുസ്തകങ്ങൾ തിരിച്ചുവച്ച മേഖലയിൽ സിസിടിവി ഇല്ലാതിരുന്നതിനാൽ ആരാണിതിന്റെ പിന്നിലെന്ന സൂചനകളൊന്നും ലഭിച്ചില്ല. ലൈബ്രറിയിലെ സിസിടിവി ഇല്ലാത്ത മേഖല ഏതെന്നു കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ് എന്നു വ്യക്തം. എങ്കിലും പ്രവേശന കവടാത്തിലേത്  ഉൾപ്പെടെയുള്ള സിസിടിവി ഫൂട്ടേജുകൾ ലൈബ്രറി അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. 

∙കൂടുതൽ സുരക്ഷ ഉറപ്പാക്കി

സംഭവത്തിനു ശേഷം ലൈബ്രറിയിൽ ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കാർഡ്, പിൻ സംവിധാനങ്ങൾ സ്റ്റോറേജ് ഏരിയ പോലുള്ള നിർണായക ഇടങ്ങളിൽ ഏർപ്പെടുത്തി. സ്ട്രോങ് റൂമുകളിലെ സുരക്ഷ പതിൻമടങ്ങ് വർധിപ്പിച്ചു. കൂടുതൽ മേഖലകളിൽ സിസിടിവിയും വച്ചു. വരുന്ന ജൂലൈയിൽ മോഷണം പോയ ഈ കയ്യെഴുത്തുപ്രതികൾ പൊതുജനങ്ങൾക്കു കാണാൻ അവസരം ലഭിക്കും. ജൂലൈയിൽ നടക്കുന്ന ഡാർവിൻ പ്രദർശനത്തിന്റെ ഭാഗമായാണ് നോട്ട്ബുക്കുകളും പ്രദർശിപ്പിക്കുന്നത്.

∙ട്രീ ഓഫ് ലൈഫ്

1837ൽ ലോകം ചുറ്റിക്കറങ്ങിയെത്തിക്കഴിഞ്ഞാണ് ചാൾസ് ഡാർവിൻ ഇവലൂഷണറി ട്രീ എന്ന ആശയം എഴുതാൻ തുടങ്ങിയത്. പരിണാമ സിദ്ധാന്തത്തിലേക്ക് പാലമിട്ട ആ ആശയം ഒരു മരം കണക്കെ മനസ്സിൽ വളരാൻ തുടങ്ങിയപ്പോഴെല്ലാം ‍ഡാർവിൻ അത് കുറിച്ചുവെച്ചു. 2 പതിറ്റാണ്ടിന് ശേഷമാണ് ‘ഓൺ ദ് ഒർജിൻ ഓഫ് സ്പീഷിസ്’ (On the origin of species) എന്ന പുസ്തകത്തിൽ ‍ഡാർവിൻ ട്രീ ഓഫ് ലൈഫിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചത്. ശാസ്ത്രമേഖലയ്ക്ക് മുതൽകൂട്ടായി കണക്കാക്കിയിരുന്ന ആ നോട്ടുപുസ്തകങ്ങളാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ സ്ട്രോങ്റൂമിൽ നിന്ന് നഷ്ടപ്പെട്ടതും  ഇപ്പോൾ തിരിച്ചു കിട്ടിയതും.

∙ചാൾസ് ഡാർവിൻ എന്ന  പ്രതിഭ

ലോകം അതിശയത്തോടെ കണ്ട മഹാ പ്രതിഭകളിൽ ഒരാളായിരുന്നു ചാൾസ് ഡാർവിൻ. 1809 ഫെബ്രുവരി 12ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയിൽ റോബർട്ട് ഡാർവിന്റെയും  സൂസന്നയുടെയും ആറ് മക്കളിൽ രണ്ടാമനായിട്ടായിരുന്നു ജനനം. കൊച്ചു ഡാർവിന് എട്ടു വയസ്സായപ്പോൾ അമ്മ മരിച്ചു. അതിനാൽ ഷ്രൂസ്ബറിയിലെ ബോർഡിംഗ് സ്കൂളിലായിരുന്നു പിന്നീടുള്ള ജീവിതം. ഡോക്ടർമാരുടെ സമ്പന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ പിതാവ് ചാൾസിനെയും അദ്ദേഹത്തിന്റെ സഹോദരനെയും വൈദ്യശാസ്ത്ര പഠനത്തിനായി എഡിൻബർഗ്ഗ് സർവ്വകലാശാലയിൽ അയച്ചു. എന്നാൽ ചാൾസ് ഡാർവിനെ ആകർഷിച്ചത് പ്രകൃതിയായിരുന്നു. അതോടെ വൈദ്യപഠനം  പാതിയിൽ മുടങ്ങി. അതോടെ പിതാവ് ചാൾസിനെ അവിടെ നിന്നു കൂട്ടിക്കൊണ്ടുപോയി. പകരം കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളജിൽ പൗരോഹിത്യം പഠിക്കാൻ അയച്ചു. എങ്കിലും പ്രകൃതി സ്നേഹത്തെ തടയാൻ ആർക്കുമായില്ല. ചാൾസ് ലില്ലിന്റേയും തോമസ് മാൾട്ടസിന്റേയും പുസ്തകങ്ങൾ അദ്ദേഹം വായിക്കുന്നത് ഇക്കാലത്താണ്. അവിടെ നിന്നു  തിരിച്ചെത്തി തന്റെതായ പഠനങ്ങളിൽ മുഴുകി. 1882ലാണ് മരിച്ചത്. വെസ്റ്റ്മിൻസ്റ്റർ എബിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. 

∙കപ്പൽ യാത്രയും കുറിപ്പും

ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാ​ഗത്ഭ്യം ലോകത്തിന് കാട്ടിക്കൊടുത്തത് എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിലെ യാത്രയാണ്. അഞ്ചുവർഷം നീണ്ട ആ യാത്രയാണ്  കത്തോട്  രിണാമത്തിന്റെ ഫലമാണ് സൃഷ്ടിയുടെ രഹസ്യമെന്ന് പറയാനാകുംവിധം ഡാർവിനെ വളർത്തിയത്. അതുവരെ ദൈവത്തിൽ നിന്ന് നേരിട്ടുള്ള സൃഷ്ടിയാണ് എല്ലാമെന്നായിരുന്നു ലോകം വിശ്വസിച്ചിരുന്നത്. ബീഗിളിലെ യാത്രയ്ക്കിടെ എഴുതിയ കുറിപ്പുകളാണ് ഡാർവിനെ പ്രസിദ്ധനാക്കുന്നത്. 

∙ഡാർവിന്റെ പക്ഷികൾ 

കപ്പൽ യാത്രയ്ക്കിടയിൽ വളരെ യാദൃശ്ചികമായാണ് ഡാർവിൻ ഗാലപ്പ​ഗോസ് ദ്വീപിലെത്തിയത്. അവിടുത്തെ പക്ഷികളുടെ വൈവിധ്യം ഡാർവിൻ ശ്രദ്ധിക്കാനിടയായി. ഓരോ ദ്വീപിലെ പക്ഷികൾക്കും ഓരോ തരത്തിലുള്ള ചുണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് ദ്വീപുകൾ എല്ലാം ഒന്നായിരുന്നു എന്നും പിന്നീട് അവ പലതായി വിഭജിക്കപ്പെട്ടപ്പോൾ പക്ഷികളെല്ലാം പലയിടത്തായതാണെന്നും അവിടുത്തെ ജനതയിൽ നിന്ന് ​അദ്ദേഹം മനസ്സിലാക്കി. പിന്നീടാണ് നിലനിൽപിനായി പക്ഷികൾ ‌വാസസ്ഥലത്തിന് അനുസൃതമായ മാറ്റം വരുത്തിയതായും അതനുസരിച്ച് അവയുടെ ചുണ്ടുകൾക്ക് പരിണാമം സംഭവിച്ചതായും മനസ്സിലാക്കുന്നത്. ഈ കണ്ടെത്തലാണ് പരിണാമ സിദ്ധാന്തത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയത്.

English Summary : Charles Darwin's ‘stolen’ notebooks left on library floor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com