ADVERTISEMENT

ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്ഫോടനം സൃഷ്ടിച്ച് തുരങ്കം തുരക്കാൻ യുഎസ് പദ്ധതിയിട്ടു. അന്യഗ്രഹ വാഹനങ്ങൾ, ബഹിരാകാശ ഭീഷണികൾ തുടങ്ങിയവ പഠനവിധേയമാക്കിയ യുഎസിന്റെ എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമാണ് (അടിപ്) വിചിത്രമായ പദ്ധതികൾ ആസൂത്രണം ചെയ്തത്. ചന്ദ്രന്റെ ഉൾക്കാമ്പിൽ സ്റ്റീലിനേക്കാൾ ഒരുലക്ഷം മടങ്ങ് ഭാരം കുറഞ്ഞ, എന്നാൽ സ്റ്റീലിന്റെ അതേ കരുത്തുള്ള സവിശേഷ വസ്തുക്കളുണ്ടെന്ന് അടിപ് വിശ്വസിച്ചിരുന്നു. ഇത് കിട്ടാനായി അണുവായുധം ഉപയോഗിച്ച് കുഴിതുരക്കാനായിരുന്നു പദ്ധതി. 

 

ഖനനത്തിനു ശേഷം ഈ വസ്തുക്കൾ ഭൂമിയിൽ എത്തിച്ചാൽ നിർമാണ, പ്രതിരോധമേഖലകളിൽ യുഎസിനു വലിയ മേൽക്കൈ വരുമെന്ന ആശയമാകാം ഇതിനു കാരണം. മനുഷ്യരെ അദൃശ്യരാക്കുന്ന വസ്ത്രങ്ങൾ, ഭൂഗുരുത്വ ബലത്തെ ചെറുക്കുന്ന ഉപകരണങ്ങൾ, പ്രപഞ്ചത്തിന്റെ അതിവിദൂരമേഖലകളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന വേംഹോളുകൾ തുടങ്ങിയവ വികസിപ്പിക്കാനും അടിപിനു പദ്ധതിയുണ്ടായിരുന്നെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

 

1600 പേജുകളോളം വിവരങ്ങൾ ഉൾപ്പെട്ടതാണു റിപ്പോർട്ട്. 2007 മുതൽ 2012 വരെയുള്ള കാലയളവിലാണ് അടിപ് പ്രവർത്തിച്ചതെങ്കിലും 2017ലാണ് ഇങ്ങനെയൊരു പദ്ധതിയും സംഘവുമുണ്ടെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകുന്നത്.ആ വർഷം അടിപിന്റെ പ്രോഗ്രാം ഡയറക്ടറായ ലൂയി എലിസോണ്ടോ പെന്റഗണിൽ നിന്നു രാജിവച്ചു. ഇതെത്തുടർന്ന് യുഎസ് നാവികരും വ്യോമസേനാ ഉദ്യോഗസ്ഥരുമെടുത്ത ചില വിഡിയോകൾ പുറത്തിറക്കിയ ലൂയി എലിസോണ്ടോ ലോകമെങ്ങും തരംഗമുയർത്തി. അന്യഗ്രഹ പേടകങ്ങളെന്നു സംശയിക്കപ്പെടുന്ന ആകാശ വാഹനങ്ങൾ ആ വിഡിയോയിൽ ഉണ്ടായിരുന്നതാണു കാരണം.

ഏപ്രിൽ ആദ്യവാരമാണ് അടിപ് റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ബ്രിട്ടനിലെ സൺ എന്ന മാധ്യമത്തിന്റെ ആവശ്യപ്രകാരമായിരുന്നു അത്. എക്സ് ഫയൽസ് എന്നാണ് ഇതിനു പേരുനൽകിയിരിക്കുന്നത്.

അതു മുതൽ തന്നെ അടിപിനെ അന്യഗ്രഹ വാഹനങ്ങളുമായി ബന്ധപ്പെടുത്തിയാണു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അതിനും അപ്പുറം വിചിത്രമായ പദ്ധതികൾ ഇവർ ഗവേഷണത്തിന്റെ പേരിൽ പ്ലാൻ ചെയ്തിരുന്നു. മനുഷ്യരെ അദൃശ്യരാക്കുന്ന ജാക്കറ്റ് പോലെയുള്ള വസ്ത്രങ്ങൾ ഇതിന‌ൊരു ഉദാഹരണമാണ്. ഇതിനായി ഗവേഷണം നടത്തിയെങ്കിലും ഫലസിദ്ധിയില്ലെന്ന് അടിപ് വൈകാതെ തന്നെ തിരിച്ചറിഞ്ഞു. അദൃശ്യരാക്കുന്ന സാങ്കേതികവിദ്യ അപ്രായോഗികമാണെന്ന് അവർ വിധിയെഴുതി. പൂർണമായും അദൃശ്യരാക്കിയില്ലെങ്കിലും റഡാറുകൾ, ക്യാമറകൾ എന്നിവയിൽ നിന്നു മറയാനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കാമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. കൂടാതെ കാലത്തിനു പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കുന്ന ടൈം ട്രാവൽ, പ്രകാശത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന യാനങ്ങൾ എന്നിവയെല്ലാം യാഥാർഥ്യമാക്കാമെന്നും റിപ്പോർട്ട് പറയുന്നു.

ഈ റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനവും ഉയർന്നിട്ടുണ്ട്. യുഎസ് പൗരൻമാരുടെ കോടിക്കണക്കിനു ഡോളർ അപ്രായോഗികവും അസംബന്ധവുമായ കാര്യങ്ങൾക്കു വേണ്ടി വെള്ളത്തിലാക്കുന്നതാണ് ഈ ഗവേഷണ പദ്ധതികളെന്നാണു പൊതുവെ ഉയർന്നിരിക്കുന്ന ശക്തമായ വിമർശനം.സൈഫൈ സിനിമകളുടെ പ്ലോട്ട് പോലെയാണ് അടിപ് യാതൊരു അടിസ്ഥാനമില്ലാത്ത ഗവേഷണ പദ്ധതികൾ രൂപികരിച്ചതെന്നും ശക്തമായ വിമർശനമുണ്ട്.

 

English Summary : Secret US plan to detonate a nuclear bomb on the Moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com