നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണപ്പെടുന്ന തുർക്കിഷ്– മധ്യപൂർവദേശ വിഭവമാണ് ഷവർമ. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ പ്രശസ്തമാണ് ഷവർമ. ഈ വിഭവത്തിന്റെ ജനപ്രീതി രാജ്യാന്തര തലത്തിൽ ഉയർത്തിയ സിനിമയായിരുന്നു 2012ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ്. സിനിമയിലെ പ്രധാന സംഭവങ്ങളിലൊന്നായ ന്യൂയോർക് പോരാട്ടം. അന്യഗ്രഹത്തിൽ നിന്നു വന്ന ലോകിയുടെ ചിറ്റോരി അധിനിവേശ സേനയെ പോരാടി തറപറ്റിക്കുകയാണ് അവഞ്ചേഴ്സ് സംഘാംഗങ്ങൾ. പോരാട്ടത്തിൽ ഗുരുതരമായി പരുക്ക് പറ്റുന്ന അയൺമാനെ ഹൾക്ക് രക്ഷിക്കുന്നു. അതിനു ശേഷം തളർന്നു കിടക്കുന്ന അയൺമാൻ താൻ ഷവർമയെന്നു കേട്ടിട്ടുണ്ടെന്നും അതൊന്നു കഴിച്ചാലോ എന്ന് അവഞ്ചേഴ്സിലെ മറ്റുള്ളവരോട് ചോദിക്കുന്നു.
ഒടുവിൽ അവഞ്ചേഴ്സിലെ അംഗങ്ങളായ ഹൾക്ക്, അയൺമാൻ, ബ്ലാക്ക് വിഡോ, തോർ, ഹോക്ക് ഐ, ക്യാപ്റ്റൻ അമേരിക്ക എന്നിവർ ചേർന്ന് ഷവർമ കഴിക്കുന്ന സീനിലാണ് ചിത്രം അവസാനിക്കുന്നത്. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ക്യാപ്റ്റൻ അമേരിക്ക ഷവർമ കഴിക്കുന്നില്ലെന്ന് കാണാം. ഇത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. അവഞ്ചേഴ്സ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ച ശേഷമായിരുന്നു ഈ സീൻ എടുത്തത്. ക്യാപ്റ്റൻ അമേരിക്കയായി വേഷമിട്ട ക്രിസ് ഇവാൻസ് അന്നു മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മുഖത്ത് താടിയും അദ്ദേഹം ഈ പുതിയ ചിത്രത്തിനായി വളർത്തിയിരുന്നു.
ഈ താടി കോസ്മെറ്റിക് സംവിധാനങ്ങളുപയോഗിച്ചുവച്ചു മറച്ചുവച്ചാണ് ഷവർമ സീൻ ഷൂട്ട് ചെയ്തത്. അത് ഇളകിപ്പോകാതിരിക്കാനായി ബാക്കിയെല്ലാവരും ഷവർമ കഴിച്ചപ്പോൾ ക്രിസ് ഇവാൻസ് കഴിക്കാതെയിരിക്കുകയായിരുന്നു. ഈ സീനോടു കൂടി അവഞ്ചേഴ്സ് പുറത്തിറങ്ങിയതോടെ രാജ്യാന്തര തലത്തിൽ ഷവർമയുടെ വിൽപനയും കുതിച്ചുയർന്നു. ഇക്കാലയളവിൽ ഹോളിവുഡിലെ ഒരു ഷവർമ ജോയിന്റിലെ വിൽപന 80 ശതമാനം ഉയർന്നു. ഫാരിസ് സെയ്ഡിയ എന്ന വ്യക്തിയുടെ ന്യൂയോർക് ക്വീൻസിലുള്ള ഷവർമക്കടയിൽ ഉച്ചയാകുമ്പോഴേക്കും ഷവർമ തീർന്നു തുടങ്ങി.
ന്യൂയോർക്കിലുള്ള ഷവർമ പാലസ് എന്ന ചെറിയ റസ്റ്ററന്റിലിരുന്നാണ് അവഞ്ചേഴ്സ് ഷവർമ കഴിക്കുന്നതെന്നാണു ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ കാണിക്കുന്നത്. എന്നാൽ ഈ സീൻ യഥാർഥത്തിൽ ഷൂട്ട് ചെയ്തത് കലിഫോർണിയയിലെ ഷാലോ ഗ്രിൽ എന്ന ഹോട്ടലിൽ വച്ചാണ്. നേരത്തെ ഇലാറ്റ് ബർഗർ എന്നറിയപ്പെടുന്ന ഈ ഹോട്ടലിന്റെ പുതിയ പേരാണ് ഷാലോ ഗ്രിൽ. ഡിസ്നിലാൻഡിലെ അവഞ്ചേഴ്സ് ക്യാംപസിലും ഷവർമ പാലസ് എന്ന ഫുഡ് ജോയിന്റുണ്ട്.
English Summary : Avengers and Shawarma