ADVERTISEMENT

യൂറോപ്യൻ രാജ്യമായ എസ്തോണിയയിലെ തലസ്ഥാനനഗരമായ താലിനിൽ കെട്ടിടനിർമാണത്തിനായി കുഴി കുഴിച്ച തൊഴിലാളികൾ ചരിത്രകാലത്ത് മൺമറഞ്ഞ ഒരു കപ്പലിന്റെ ശേഷിപ്പുകൾ കണ്ടെത്തി. അഞ്ച് അടിയോളം താഴ്ചയിൽ മറഞ്ഞിരുന്ന കപ്പലിന്റെ ശരീരം ഓക്ക് തടികൊണ്ടാണു നിർമിച്ചിരിക്കുന്നത്. 78 അടി നീളവും 29 അടി ഏറ്റവും കൂടിയ വീതിയുമുള്ളതാണു കപ്പൽ.യഥാർഥ അളവുകൾ ഇതിലും കൂടുതലായിരുന്നിരിക്കുമെന്നും ഇപ്പോൾ കാലപ്പഴക്കത്താൽ കുറേയേറെ ഭാഗങ്ങൾ നഷ്ടമായിട്ടുണ്ടെന്നും എസ്തോണിയൻ മാരിടൈം മ്യൂസിയത്തിലെ ഗവേഷകനായ പ്രീറ്റ് ലെറ്റി പറഞ്ഞു.

 

പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കപ്പൽ നിർമിക്കപ്പെട്ടതെന്നാണു ഗവേഷകരുടെ അനുമാനം. കപ്പലിലെ ഓക്കുതടികളുടെ വലയങ്ങൾ കണക്കാക്കിയുള്ള ഗവേഷണപഠനത്തിലാണ് ഇതു തെളിഞ്ഞത്. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിർമിക്കപ്പെട്ട കപ്പലുകളുടെ അതേ ശൈലിയാണ് ഈ കപ്പലിനുള്ളതെന്നതും ഇതിനു തെളിവാണ്.ടാലിൻ നഗരത്തിലെ പഴയ ഹാർബറിനു സമീപത്തു നിന്നാണ് കപ്പൽ കണ്ടെത്തിയത്.

 

ഹൻസിയാറ്റിക് കോഗ് എന്ന കപ്പലാണോ ഇതെന്ന തരത്തിൽ ഒരു അഭ്യൂഹം കപ്പലിന്റെ കണ്ടെത്തലിനെത്തുടർന്ന് വ്യാപിച്ചിട്ടുണ്ട്. ഹാൻസിയാറ്റിക് ലീഗ് എന്ന കച്ചവടസംഘം ഉപയോഗിച്ചിരുന്ന കാർഗോ കപ്പലുകളായിരുന്നു ഇത്. യൂറോപ്പിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അംഗങ്ങളുണ്ടായിരുന്ന ഈ സംഘടന പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിന‍‍ഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ കടലുകളിൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പക്ഷേ ഇതൊരു കാർഗോ കപ്പൽ തന്നെയാണെന്ന് അവർ ഉറപ്പുനൽകുന്നു.കുറേയേറെ തടിവീപ്പകൾ, കുടങ്ങൾ, മൃഗങ്ങളുടെ എല്ലുകൾ, ലെതർ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവയും കപ്പലിനൊപ്പം കണ്ടെത്തിയിട്ടുണ്ട്.

 

എസ്തോണിയയിലെ നഗരമായ താലിൻ പഴയകാലത്ത് പ്രമുഖമായ ഒരു കച്ചവട നഗരമാണെന്ന തെളിവുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2015ലും ഇവിടെ ഒരു പഴയ കപ്പൽ കണ്ടെത്തിയിരുന്നു.9000 ബിസി മുതലുള്ള കാലഘട്ടത്തിൽ എസ്തോണിയയിൽ മനുഷ്യവാസമുണ്ടെന്നു പറയപ്പെടുന്നു.ഫിൻലൻഡ്, റഷ്യ, സ്വീഡൻ, ലാത്വിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണിത്. തലസ്ഥാന നഗരമായ താലിനിലും 5000 വർഷം മുൻപ് മുതൽ മനുഷ്യവാസമുണ്ടത്രേ.

English Summary : 700 year old Cargo ship discovered in Estonia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com