ADVERTISEMENT

ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പൻ കാലഘട്ടത്തിലുള്ള നഗരമായിരുന്ന രാഖിഗഡി‍യിൽ അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ഇവയിൽ നിന്നുള്ള ഡിഎൻഎ സാംപിളുകളും പല്ലുകളുടെ സാംപിളുകളും പരിശോധനയ്ക്കായി അയച്ചു. അക്കാലത്തു ജീവിച്ചിരുന്ന ആളുകളുടെ ഭക്ഷണരീതികളും വംശവിവരങ്ങളും കണ്ടെത്താൻ ഇതുപകരികുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

5000 വർഷം മുൻപ് ജീവിച്ചിരുന്ന രണ്ട് വനിതകളുടെ അസ്ഥികൂടങ്ങൾ മൗണ്ട് നമ്പർ 7 എന്ന കുന്നിൽ നിന്നാണ് കണ്ടെത്തപ്പെട്ടത്. 40നും 50നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവരെന്നാണു കരുതപ്പെടുന്നത്. ചില കുടങ്ങളും കരകൗശലവസ്തുക്കളുമെല്ലാം ഇവിടെ നിന്നു ലഭിച്ചിരുന്നു. 

പഴയകാല ഹാരപ്പൻ രീതിയിലുള്ള മൃതസംസ്കരണത്തിന്റെ ഭാഗങ്ങളാണ് ഇവയെല്ലാം. ഇതോടൊപ്പം തന്നെ ആഭരണനിർമാണശാലകൾ, ചിട്ടപ്പെടുത്തിയ അടുക്കള തുടങ്ങിയവയുടെയൊക്കെ അവശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്. സീലുകൾ, വളകൾ, ആന, നായ, കാള തുടങ്ങിയവയുടെ പ്രതിമകൾ, മുത്തുകൾ, കല്ലുകൾ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. പ്രബലവും വികസിതവുമായ ഒരു സംസ്കാരമാണ് ഇവിടെ നിലനിന്നത് എന്നതിനുള്ള തെളിവുകളാണ് ഇവയെല്ലാം. നിലവിൽ ഹരിയാനയിലെ രാഖി ഖാസ്, രാഖി ഷാഹ്പുർ എന്നീ ഗ്രാമങ്ങളിലായി പരന്നുകിടക്കുകയാണ് ആർജിആർ 1–7 എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഏഴു കുന്നുകൾ. 350 ഹെക്ടർ സ്ഥലത്താണ് ഇവ വ്യാപിച്ചു കിടക്കുന്നത്.

ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവ രാഖിഗാഡി പൗരാണിക മേഖലയുടെ ഭാഗമാണ്. ആർജിആർ 7 എന്നത് ഹാരപ്പൻ കാലഘട്ടത്തിലെ ഒരു ശവസംസ്കാര മേഖലയായിരുന്നു. ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ മേഖല . ഹരിയാനയിൽ ഒഴുകുന്ന ഖഗർ നദിയിൽ നിന്ന് 27 കിലോമീറ്റർ ദൂരമകലെ. ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിൽ ആയിരിക്കും അസ്ഥികൂടസാംപിളുകളുടെ ഡിഎൻഎ പരിശോധിക്കപ്പെടുക. ഇവിടെ ജീവിച്ച ആളുകളുടെ വംശവിവരങ്ങൾ ഡിഎൻഎ പരിശോധന വഴി ലഭിച്ചേക്കും. അവർ ഇവിടെ തദ്ദേശീയരായിരുന്നോ അതോ മറ്റെവിടെയെങ്കിലും താമസിച്ചവരായിരുന്നോ തുടങ്ങിയ വിവരങ്ങളാണു പ്രധാനമായും തേടുന്നത്.ഗ്രേറ്റർ നോയ്ഡയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കയോളജിയും ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ചേർന്നാണ് പര്യവേക്ഷണം നടത്തുന്നത്. സാംപിളുകൾക്ക് യാതൊരു തരത്തിലും കേടോ കലർപ്പോ വരാതിരിക്കാനായി പ്രത്യേക യൂണിഫോമുകൾ ധരിച്ചാണു പര്യവേക്ഷണം.

2020 –2021 കാലയളവിൽ ഐക്കണിക്ക് സൈറ്റുകളിലൊന്നായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണ് രാഖിഗാഡി. 3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്നു കരുതുന്ന ആദിമ സംസ്കാരമായ ഹാരപ്പൻ നാഗരികതയുടെ മോഹൻജൊ ദാരോ, ഹാരപ്പ, ഗാൻവെരിവാല എന്നീ 3 കേന്ദ്രങ്ങൾ ഇന്നു പാക്കിസ്ഥാനിലാണ്. രാഖിഗാഡി, ധോലവീര, കാലിബംഗാൻ,ലോഥൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഇന്ത്യയിസ്‌ സ്ഥിതി ചെയ്യുന്നു.1960ലാണ് രാഖിഗാഡി മേഖലയിൽ പര്യവേക്ഷണം നടത്താനുള്ള ആദ്യശ്രമങ്ങളുണ്ടായത്.

ഈ മേഖലയിൽ ആദ്യം പര്യവേക്ഷണം നടത്തിയത് 1998–2001 കാലയളവിലാണ്. പിന്നീട് 2013–16 കാലഘട്ടത്തിൽ പൂനെയിലെ ഡെക്കാൻ കോളജ്  പര്യവേക്ഷണം നടത്തി. മുൻപ് നടത്തിയ പര്യവേക്ഷണങ്ങവിൽ ആർജിആർ7ൽ നിന്ന് അറുപതിലധികം മൃതിയറകൾ കണ്ടെത്തിയിട്ടുണ്ട്.

 

English Summary : Ancient Harappan era two skeletons found in Haryana 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com