ADVERTISEMENT

രണ്ടാം ലോകയുദ്ധത്തിൽ ലോകത്തെ പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയ സേനയാണു ജർമനിയിൽ ഹിറ്റ്‌ലർ നേതൃത്വം കൊടുത്ത നാത്സി സേന. അവർ യുദ്ധത്തിൽ പരാജയപ്പെട്ടതിന്റെ 77ാം വാർഷികമാണ് കടന്ന് പോയത്. ഹിറ്റ്‌ലർക്കെതിരെ ജർമനിയിൽ തന്നെ എതിരഭിപ്രായങ്ങളും കൊലപാതകശ്രമങ്ങളുമുണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് വാൽക്കിറി. രണ്ടാം ലോകയുദ്ധം തുടങ്ങി 1944 കാലഘട്ടമായപ്പോഴേക്കും ജർമനിയിൽ ചെറിയൊരു വിഭാഗം സൈനിക ഉദ്യോഗസ്ഥരും വലിയൊരു വിഭാഗം ജനങ്ങളും അഡോൾഫ് ഹിറ്റ്‌ലറിന് എതിരായിക്കഴിഞ്ഞിരുന്നു. ഹിറ്റ്‌ലർ അനാവശ്യമായി ജർമനിയെ യുദ്ധത്തിലേക്കു വലിച്ചിഴച്ചെന്നും ഇതുമൂലം അവർക്ക് വലിയ പ്രതിസന്ധി ഉടലെടുത്തെന്നും അവർ വിശ്വസിച്ചു.

 

തുടർന്നാണ് ഹിറ്റ്‌ലറിനെ വധിക്കുക എന്ന തീരുമാനത്തിലേക്ക് ഒരു കൂട്ടം ജർമൻ സൈനികർ എത്തിച്ചേർന്നത്. ഓപ്പറേഷൻ വാൽക്കിറി എന്നായിരുന്നു ഈ ദൗത്യത്തിനു നൽകിയ പേര്. നാത്സിപ്പടയുടെ മിലിട്ടറി ആസ്ഥാനമായ വൂൾഫ്‌സ് ലെയറിൽ വച്ച് ഹിറ്റ്‌ലറെ വധിക്കുക എന്നതായിരുന്നു പദ്ധതി.

ഹിറ്റ്‌ലർ വധിക്കപ്പെട്ടാൽ, കുറ്റം നാത്സി പാർട്ടിയുടെ മേൽ ആരോപിക്കാമെന്നും റിസർവ് ആർമി ബറ്റാലിയനായ വാൽക്കിറി രാജ്യത്തെ നിയന്ത്രണത്തിലാക്കുമെന്നും തുടർന്ന് ജർമൻ സേനയ്ക്ക് അധികാരം പിടിച്ചെടുക്കാൻ വഴിയൊരുങ്ങുമെന്നും ഇവർ വിശ്വസിച്ചു. കേണൽ വോൻ സ്‌റ്റോഫൻബെർഗ് എന്ന ചെറുപ്പക്കാരനായ ആർമി ഉദ്യോഗസ്ഥനാണു വാൽക്കിറി ദൗത്യത്തിന്റെ നേതൃത്വം വന്നു ചേർന്നത്. ഹിറ്റ്‌ലറെ വധിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതു തന്റെ കടമയാണെന്നു വിശ്വസിച്ച് സ്റ്റോഫൻബർഗ് ആ ദൗത്യം ഏറ്റെടുത്തു. 1944 ജൂലൈ 20നാണു കൃത്യം നടത്താൻ സ്റ്റോഫൻബർഗും കൂട്ടരും തീരുമാനിച്ചത്. മിലിട്ടറി ആസ്ഥാനമായ വൂൾഫ്‌സ് ലെയറിന്റെ അണ്ടർഗ്രൗണ്ട് ബങ്കറിലാകും മീറ്റിങ്ങെന്ന് അവർ വിചാരിച്ചു. ആ ബങ്കറിൽ ബോംബ് വയ്ക്കുക. സ്‌ഫോടനത്തിൽ ഹിറ്റ്‌ലറുൾപ്പെടെ മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും കൊല്ലപ്പെടുമെന്നും അവർ കണക്കുകൂട്ടി.

 

എന്നാൽ പദ്ധതിക്കു വിരുദ്ധമായി ബങ്കറിൽ വച്ചല്ല, മറിച്ച് മുകളിലുള്ള ഒരു മുറിയിൽ വച്ചു മീറ്റിങ് കൂടാനാണു ഹിറ്റ്‌ലർ തീരുമാനിച്ചത്. അന്നേദിവസം അന്തരീക്ഷ താപനില വളരെ കൂടുതലായതായിരുന്നു കാരണം. പക്ഷേ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെ സ്‌റ്റോഫൻബർഗ് തീരുമാനിച്ചു. രണ്ട് ടൈംബോംബുകൾ സെറ്റ് ചെയ്തു മുറിയിൽ വയ്ക്കുക എന്നതായിരുന്നു പ്ലാൻ. എന്നാൽ ശക്തമായ നിരീക്ഷണവും തിരക്കും കാരണം ഒരു ബോംബ് സെറ്റ് ചെയ്യാനേ സ്‌റ്റോഫൻബർഗിനു കഴിഞ്ഞുള്ളു. അത് അദ്ദേഹം ഒരു ബ്രീഫ്‌കേസിനുള്ളിൽ വച്ചു. ഒരു ടൈംബോംബ് മാത്രമായിരുന്നതിനാൽ ഹിറ്റ്‌ലർ രക്ഷപ്പെടാതിരിക്കാൻ അത് അയാളുടെ സമീപത്തു തന്നെ വയ്ക്കണമെന്ന് സ്റ്റോഫൻബർഗ് തീരുമാനിച്ചു. ഹിറ്റ്‌ലർ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് തന്നെ അദ്ദേഹം ഇരിപ്പിടം ശരിപ്പെടുത്തി. ഹിറ്റ്‌ലറിന്റെ കാലിനു സമീപത്തായി ബോംബ് അടങ്ങിയ സ്യൂട്ട്‌കേസ് വച്ചു. അതിനു ശേഷം എന്തോ കാര്യത്തിനെന്നു പറഞ്ഞു സ്റ്റോഫൻബർഗ് മുറിവിടുകയും സ്ഥലം കാലിയാക്കുകയും ചെയ്തു.

 

എന്നാൽ വിധിയുടെ തീരുമാനം വേറെയായിരുന്നു. സ്റ്റോഫൻബർഗ് ഒഴിച്ചിട്ട കസേരയിൽ പിന്നീട് ഇരുന്ന ഒരു സൈനിക ഉദ്യോഗസ്ഥൻ ബോംബ് അടങ്ങിയ ബ്രീഫ്‌കേസ് ഹിറ്റ്‌ലറിന്റെ സമീപത്തു നിന്നു ദൂരേക്ക് മാറ്റിവച്ചു. ഹിറ്റ്‌ലറിന് അന്നേദിവസം ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു അത്. സെറ്റ് ചെയ്ത കൃത്യം സമയത്തു തന്നെ ബോംബ് പൊട്ടിത്തെറിച്ചു. ഹിറ്റ്‌ലർ മരിച്ചെന്നാണു സ്റ്റോഫൻബർഗ് കണക്കുകൂട്ടിയത്. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം ബാക്കി കാര്യങ്ങൾ മുന്നോട്ടുനീങ്ങി. റിസർവ് ബറ്റാലിയനായ വാൽക്കിറി രാജ്യനിയന്ത്രണം ഏറ്റെടുത്തു തുടങ്ങി.

 

എന്നാൽ ചെവിക്കും കാലിനും പരുക്ക് പറ്റിയിരുന്നെങ്കിലും ഹിറ്റ്‌ലർ മരിച്ചിരുന്നില്ല. താമസിയാതെ ഹിറ്റ്‌ലർ കൊല്ലപ്പെട്ടില്ലെന്ന വാർത്ത റിസർവ് ബറ്റാലിയൻ അറിഞ്ഞതോടെ പദ്ധതി പൊളിഞ്ഞു. വോൻ സ്‌റ്റോഫൻബർഗ് അടക്കം പദ്ധതി ആസൂത്രണം ചെയ്തവരെയും നടത്തിയവരെയും പിടികൂടുകയും വെടിവച്ചു കൊല്ലുകയും ചെയ്തു. ജർമൻ ഭരണാധികാരിയായ ശേഷം ഹിറ്റ്‌ലർ നേരിട്ട ഏറ്റവും തീവ്രമായ കൊലപാതകശ്രമമായിരുന്നു അത്. പക്ഷേ ഭാഗ്യത്തിന്റെ പിന്തുണയോടെ അയാൾ അതിനെ അതിജീവിച്ചു. സ്‌റ്റോഫൻബർഗിന്റെ ശ്രമം ഫലവത്തായിരുന്നെങ്കിൽ രണ്ടാം ലോകയുദ്ധം ഒരു വർഷം മുന്നേ അവസാനിച്ചേനെയെന്ന് ചരിത്രകാരൻമാർ പറയുന്നു.

 

English Summary : Operation Valkyrie and Adolf Hitler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com