പഞ്ചാബി‍ൽ കിണറ്റിനുള്ളിൽ 282 അസ്ഥികൂടങ്ങൾ: ബ്രിട്ടിഷുകാർ കൊലപ്പെടുത്തിയ സമരനായകരുടേതോ?

HIGHLIGHTS
  • കിണറിനുള്ളിൽ കുഴിച്ചിട്ട നിലയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്
skeletons-of-282-indian-soldiers-found-during-excavation-in-amritsar
ചിത്രത്തിന് കടപ്പാട് : എഎൻഐ
SHARE

പഞ്ചാബിലെ അജ്‌നാല പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിൽ നിന്നു കണ്ടെത്തിയ 282 ആളുകളുടെ അസ്ഥികൂടങ്ങളും തലയോട്ടികളും അവശേഷിപ്പുകളും ബ്രിട്ടിഷുകാർ 1857ൽ കൊലപ്പെടുത്തിയ ഒന്നാം സ്വാതന്ത്ര്യ സമരനായകരുടേതെന്നുള്ള സാധ്യത ശക്തമാകുന്നതായി ശാസ്ത്രജ്ഞൻ. പഞ്ചാബ് സർവകലാശാലയിലെ നരവംശ ശാസ്ത്രജ്ഞനായ ഡോ.ജെ.എസ് സെഹ്രാവത്താണ് പഠനവുമായി വന്നിരിക്കുന്നത്. ബ്രിട്ടിഷ് ഇന്ത്യ സൈന്യത്തിലംഗങ്ങളായ,  ഗംഗാ സമതലപ്രദേശത്തു നിന്നുള്ള സമരക്കാരായിരുന്നു ഇവരെന്ന് സെഹ്രാവത്ത് പറയുന്നു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യൂലർ ബയോളജി, ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട്, ബനാറസ് സർവകലാശാല എന്നിവിടങ്ങളിൽ നടത്തിയ ജനിതക, സാംപിൾ പരിശോധനകൾക്കു ശേഷമാണ് പഠനഫലം സെഹ്രാവത്ത് അവതരിപ്പിച്ചത്. ഗവേഷണഫലങ്ങൾ ഫ്രോണ്ടിയേഴ്സ് ഇൻ ജനിറ്റിക്സ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.

അജ്നാലയിൽ നിന്ന് 2014ൽ ആണ് കിണറിനുള്ളിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇവയ്ക്കൊപ്പം ബ്രിട്ടിഷ് ഇന്ത്യ ആർമി മെഡലുകൾ, ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.ഇവയെങ്ങനെ ഇവിടെ വന്നെന്നു സംബന്ധിച്ച് ചരിത്രകാരൻമാർക്കിടയിൽ വലിയ ചർച്ചകളും ഭിന്നതകളുമുണ്ടായിരുന്നു. ശാസ്ത്രീയമായ തെളിവുകളും പരിശോധനകളും കുറവായതിനാൽ കൃത്യമായ സ്ഥിരീകരണവും ലഭിച്ചിരുന്നില്ല. പഞ്ചാബിലെയോ പാക്കിസ്ഥാനിലെയോ ആൾക്കാരല്ല ഇവരെന്നും ഗംഗാ സമതല സംസ്ഥാനങ്ങളായ യുപി, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നും ഡിഎൻഎ പരിശോധന വ്യക്തമാക്കുന്നെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യൂലർ ബയോളജി ഡയറക്ടർ ഡോ.കെ.തങ്കരാജ് പറയുന്നു.

skeletons-of-282-indian-soldiers-found-during-excavation-in-amritsar1
ചിത്രത്തിന് കടപ്പാട് : എഎൻഐ

ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തിലെ ഇരുപത്തിയാറാം ബംഗാൾ ഇൻഫൻട്രി ബറ്റാലിയനിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് പുതിയ ഡിഎൻഎ ഫലമെന്ന് സെഹ്രാവത്ത് പറയുന്നു. ചരിത്രപരമായ രേഖകൾ അനുസരിച്ച്, ഇവർ അന്നു ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ മിയാൻമിറിൽ പോസ്റ്റ് ചെയ്യപ്പെട്ടവരായിരുന്നു. 1857 ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഇവർ ബ്രിട്ടിഷ് ഓഫിസർമാർക്കെതിരെ പോരാട്ടം നടത്തി. 

എന്നാൽ ഈ ധീരയോദ്ധാക്കളെ ബ്രിട്ടിഷുകാർ അജ്നാലയ്ക്കു സമീപം പിടിക്കുകയും ക്രൂരമായ രീതിയിൽ കൊലപ്പെടുത്തുകയും ചെയ്തത്രേ.അവരുടെ ശരീരങ്ങളിൽ ചിലത് രവി നദിയിൽ മുക്കിക്കളയുകയും ബാക്കി അജ്നാലയിലെ കിണറ്റിൽ മൂടുകയുമായിരുന്നുവെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. ശരീരം അഴുകുമ്പോഴുള്ള ഗന്ധം പുറത്തുവരാതിരിക്കാൻ ഇവരുടെ മൃതശരീരങ്ങളുടെ പുറത്ത് ചുണ്ണാമ്പും കൽക്കരിയും പുരട്ടുകയും ചെയ്തിരുന്നു.

കാലിയൻ വാല കൂട്ടക്കൊലപാതകം എന്നാണ് ഇതിനെ ചില ചരിത്രഗവേഷകർ വിശേഷിപ്പിക്കുന്നത്. കാലിയൻ വാല കുഹ് എന്നപേരിലാണ് കിണർ അറിയപ്പെടുന്നത് എന്നതിനാലാണ് ഇത്.ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടാതെ പോയ ത്യാഗികളിലേക്ക് വിരൽചൂണ്ടുന്നതാണു ഗവേഷണഫലമെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രവിഭാഗം പ്രഫസർ ജ്ഞാനേശ്ല്വർ ചൗബെ പറയുന്നു.

പഞ്ചാബിലെ അമൃത്സറിലുള്ള സുരീന്ദർ കൊച്ചാർ എന്ന ചരിത്രാന്വേഷിയുടെ ശ്രമഫലമായാണ് കലിയൻവാലായിലെ കിണറ്റിലുള്ള ധീരനായകരുടെ അവശേഷിപ്പുകളുടെ കഥ ലോകമറിഞ്ഞതും കിണർ നിറഞ്ഞ മണ്ണ് മാറ്റി ഇവ പുറത്തെത്തിയതും. ആകസ്മികമായി ‘ക്രൈസിസ് ഇൻ പഞ്ചാബ്’ എന്ന പുസ്തകം വായിച്ചതാണ് കാലിയൻവാല കൂട്ടക്കൊലയുടെ അന്വേഷണത്തിലേക്ക് സുരീന്ദറിനെ നയിച്ചത്. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് അമൃത്‌സറിലെ ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഫ്രെഡറിക് ഹെൻറി കൂപ്പറാണ് ഈ പുസ്തകം എഴുതിയത്. പുസ്തകത്തിലെ സ്ഥലസൂചനകൾ പിന്തുടർന്നാണ് കാലിയൻവാല കിണർ സുരീന്ദർ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമായി കിണർ കണ്ടെത്തി.ബ്രിട്ടിഷുകാർക്കെതിരെ  ജീവൻ പണയം വച്ചു പോരാടിയ, ഈ ധീരൻമാരുടെ അസ്ഥികൂടങ്ങളും ശേഷിപ്പുകളും കണ്ടെടുത്തു കിണറിൽ നിന്നു പുറത്തെത്തിച്ച ശേഷം ബഹുമാനാർഥമുള്ള അന്ത്യാഞ്ജലികളും അന്തിമോപചാരങ്ങളും ഇവർക്ക് 2014ൽ നൽകിയിരുന്നു.

English summary : Skeletons of 282 Indian soldiers found during excavation in Amritsar

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA