ADVERTISEMENT

ബ്രിട്ടനിൽ ആകാശത്ത് വിചിത്രനിലയിൽ പച്ചനിറത്തിലുള്ള പ്രകാശം പുറപ്പെടുവിച്ച് കൊണ്ട് തീഗോളം പ്രത്യക്ഷപ്പെട്ടത് ആളുകളിൽ പരിഭ്രാന്തി പരത്തി. തെക്കുകിഴക്കൻ ഇംഗ്ലണ്ട് മേഖലയിലാണ് ഇതു കണ്ടത്. സൗത്ത് വെയിൽസ്, ഹെർട്‌ഫോർഡ്ഷർ, വെസ്റ്റ് സസക്‌സ് എന്നിവിടങ്ങളിൽ രാത്രിയിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. നൂറുകണക്കിന് ആളുകൾ ഈ മേഖലകളിൽ ഈ പ്രകാശഗോളത്തെ കണ്ടു.

ഉൽക്കയാണ് ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. മഗ്നീഷ്യത്തിന്‌റെ അളവ് ഇതിൽ കൂടുതലായി ഉള്ളതിനാലാകാം പച്ച പ്രകാശം പുറപ്പെടുവിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു. യുകെ മിറ്റിയോർ നെറ്റ്‌വർക് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 150ൽ അധികം നിരീക്ഷണസംവിധാനങ്ങൾ ഇവർ ബ്രിട്ടനിലെമ്പാടും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പതിനഞ്ചിലധികം സംവിധാനങ്ങളിൽ ഇതിന്‌റെ ചിത്രം പതിഞ്ഞെന്ന് നെറ്റ്വർക് പറയുന്നു.

ഒരു വലിയ പ്രകാശഗോളം പോലെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് സംഭവത്തിനു ദൃക്‌സാക്ഷിയായ ഡോർസെറ്റിലെ ഡേവോൺ സ്വദേശിയായ വൂൾഫി എന്ന ട്വിറ്റർ ഉപയോക്താവ് പറയുന്നു. പ്രത്യക്ഷപ്പെട്ടതിന് ഒരു മിനിറ്റിനു ശേഷം ആകാശത്തു സ്‌ഫോടനം നടന്നെന്നും അതോടെ ചെറിയകഷ്ണങ്ങളായി തീഗോളം മാറിയെന്നും വൂൾഫി പറയുന്നു. പച്ചനിറം മാറി ഓറഞ്ച് നിറത്തിലായത്രേ അതോടെ കഷ്ണങ്ങൾ.

ഈ തീഗോളത്തെപ്പറ്റി ഇരുന്നൂറിലധികം പേർ കണ്ടതായി ദൃക്‌സാക്ഷി സ്ഥിരീകരണം നടന്നിട്ടുണ്ടെന്ന് ബ്രിട്ടനിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ആഷ്‌ലി ജയിംസ് കിങ് പറയുന്നു. സെക്കൻഡിൽ 7 കിലോമീറ്റർ എന്ന അതിവേഗത്തിലാണ് തീഗോളം വന്നതെന്നും ഭൗമനിരപ്പിൽ നിന്ന് 30 കിലോമീറ്റർ വരെ ഇതു കണ്ടതായും ശാസ്ത്രജ്ഞർ പറയുന്നു.

ഉൽക്കകൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ സംഭവിക്കുന്ന ഘർഷണം മൂലം അവയിൽ തീപ്പൊരികൾ ഉടലെടുക്കുന്നതാണ് തീഗോളങ്ങളായി പലയിടത്തും അനുഭവപ്പെടുന്നത്. ആഴ്ചകൾക്ക് മുൻപ് അമേരിക്കയുടെ കിഴക്കൻ മേഖലയിലും ഇതുപോലൊരു തീഗോളം പ്രത്യക്ഷപ്പെട്ടത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com