ADVERTISEMENT

പത്തുകോടി വർഷം പഴക്കമുള്ള ഹെക്ടർ എന്ന ദിനോസറിന്റെ ഫോസിൽ ലേലത്തിൽ വിറ്റത് 93 കോടി രൂപയ്ക്ക്. ഡെയ്നോനിക്കസ് ആന്റിറോപസ് എന്ന വിഭാഗത്തിൽ പെടുന്ന ദിനോസറാണ് ഇത്. 2013ൽ യുഎസിലെ മൊണ്ടാനയിൽ നിന്നു കുഴിച്ചെടുത്ത ഇതിന് ലേലത്തിൽ വച്ചപ്പോൾ പ്രതീക്ഷിച്ചിരുന്നത് 40 മുതൽ 50 വരെ കോടി രൂപയായിരുന്നു. എന്നാ‍ൽ പ്രതീക്ഷിച്ചതിന്റെ ഏകദേശം ഇരട്ടിത്തുക ലേലത്തിൽ നിന്നു ലഭിക്കുകയായിരുന്നു.

ഡെയ്നോനിക്കസ് വിഭാഗത്തിലുള്ള ദിനോസറുകളിൽ ഏറ്റവും പൂർണതയുള്ള ഫോസിൽ സ്പെസിമെനുകളിലൊന്നാണു ഹെക്ടർ. 9 അടി നീളമുണ്ടായിരുന്ന ഈ ദിനോസറുകൾ വടക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു പണ്ട് റോന്ത് ചുറ്റിയിരുന്നത്. വളരെ കരുത്തുറ്റ കാൽനഖങ്ങൾ ഉണ്ടായിരുന്ന ദിനോസറുകളാണ് ഇവ. ഒരു അരിവാൾ പോലെ വളഞ്ഞിരുന്ന ഈ മൂർച്ചയേറിയ കാൽനഖങ്ങളുപയോഗിച്ച് ഇവ ഇരമൃഗങ്ങളെ മുറിപ്പെടുത്തിയിരുന്നു.

ജുറാസിക് പാർക് സിനിമയിൽ വെലോസിറാപ്റ്ററുകൾ എന്ന പേരിൽ കുറേ ദിനോസറുകളെ കാണിക്കുന്നുണ്ട്. ഇവ അടുക്കളയിൽ കയറുന്നതും കുട്ടികളെ പിന്തുടരുന്നതുമെല്ലാം അന്നു പ്രേക്ഷകരെ നടുക്കിയ സീനുകളായിരുന്നു. ഒരു കൂട്ടം വെലോസിറാപ്റ്ററുകൾ ചേർന്ന് ഒരു ടി റെക്സ് ദിനോസറിനെ ആക്രമിക്കുന്ന രംഗവും ഈ സിനിമയിലുണ്ട്.

യഥാർഥത്തിൽ വെലോസിറാപ്റ്ററുകൾ എന്ന തരം ദിനോസറുകൾ മംഗോളിയയിൽ കാണപ്പെട്ടിരുന്ന ടർക്കിക്കോഴിയുടെ അത്രയൊക്കെ മാത്രം വലുപ്പമുള്ള ഒരു തരം ദിനോസറുകളാണ്. ജുറാസിക് പാർക് സിനിമയിൽ കാണിക്കുന്ന വെലോസിറാപ്റ്ററുകൾ യഥാർഥത്തിൽ ഡെയ്നോനിക്കസ് എന്നയിനം തന്നെയാണ്. യുഎസിലെ മൊണ്ടാന, യൂട്ടാ, വ്യോമിങ്,ഒ‌ക്ലഹോമ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഇവയുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ദിനോസറുകളുടെ പൂർണ അസ്ഥികൂടങ്ങൾക്ക് സെലിബ്രിറ്റികൾക്കിടയിലും മറ്റും വലിയ ഡിമാൻഡുണ്ട്. 2020 സ്റ്റാൻ എന്ന ടി.റെക്സ് ദിനോസറിന്റെ അസ്ഥികൂടം ലേലത്തിൽ വിറ്റത് 3.18 കോടി യുഎസ് ഡോളർ തുകയ്ക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com