കോബ്ര ഗുഹയിൽനിന്ന് പല്ല് ലഭിച്ചു: മറഞ്ഞ ദുരൂഹ നരവംശത്തിന്റേതെന്ന് റിപ്പോർട്ട്

ancient-teeth
Photo Credit : Nature Communications
SHARE

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ നിന്ന് കിട്ടിയ 1.64 ലക്ഷം വർഷങ്ങൾ പഴക്കമുള്ള പല്ല് ദുരൂഹതയുണർത്തുന്നു.അത്യന്തം ദുരൂഹവും ഇപ്പോൾ അപ്രത്യക്ഷരുമായ ഡെനിസോവൻ നരവംശത്തിലുൾപ്പെട്ട 3 വയസ്സുള്ള ഒരു പെൺകുട്ടിയുടെ പല്ലാണ് കിട്ടിയിരിക്കുന്നത്. 

ലാവോസിലെ കോബ്ര കേവ് എന്ന ഗുഹയിൽ നിന്നാണ് ഈ പല്ല് കിട്ടിയത്. ലാവോസിലെ അന്നാമൈറ്റ് പർവതനിരകളിലാണ് ഈ ഗുഹ. മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന രാജ്യമാണ് ലാവോസ്.രാജ്യത്തിന്റെ തലസ്ഥാനനഗരമായ വിയന്റൈനിൽ നിന്നു 260 കിലോമീറ്റർ ദൂരെയാണ് ഈ ഗുഹ.

ഡെനിസോവൻമാർ റഷ്യയിലെ  സൈബീരിയയിലുള്ള ആൾത്തായ് പർവതനിരകളിലും ചൈനയുടെ ചില ഭാഗങ്ങളിലുമൊക്കെ  ആവാസമുറപ്പിച്ചിട്ടുള്ളതായിട്ടായിരുന്നു നരവംശശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഇവർ ഈ മേഖലയ്ക്കു പുറത്തു താമസിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പല്ല് കണ്ടെത്തിയതോടെ കിട്ടിയിരിക്കുന്നത്. 

ഡെനിസോവൻ വംശജർ റഷ്യയിലും ചൈനയിലുമല്ലാതെ ഒട്ടേറെ മേഖലകളിലും പരിതസ്ഥിതികളിലും ജീവിച്ചിരുന്നെന്നു വ്യക്തമായതായി ഈ പല്ലുകണ്ടെത്താനുള്ള ഗവേഷണത്തിനു നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറയുന്നു.

ഹോമോ സാപ്പിയൻസ് എന്നു പേരുള്ള നമ്മുടെ നരവംശം മനുഷ്യപരമ്പരയിൽ ഏറ്റവും വികസിക്കപ്പെട്ടതാണ്. പരിണാമദശയിൽ നമ്മോട് അടുത്തു നിൽക്കുന്ന വർഗങ്ങളാണ് നിയാണ്ടർത്താൽ വംശവും ഡെനിസോവൻ വംശവും. നിയാണ്ടർത്താലുകൾ യൂറോപ്പിലും ഏഷ്യയിലും താമസമുറപ്പിച്ചിരുന്നു. 7 ലക്ഷം വർഷങ്ങൾക്കു മുൻപാണ് മനുഷ്യവംശത്തിൽ നിന്ന് നിയാണ്ടർത്താൽ വംശവും ഡെനിസോവൻ വംശവും വഴിതിരിഞ്ഞ് പ്രത്യേക വർഗമായി പോയത്. അതിനുശേഷം 4 ലക്ഷം വർഷം മുൻപ് ഇവർ ഇരുവംശങ്ങളും വേർപെട്ട് പ്രത്യേക വംശങ്ങളായി മാറി. 2010ലാണ് ഡെനിസോവൻ എന്നൊരു നരവംശമുണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.ഡെനിസോവൻമാരെക്കുറിച്ചുള്ള പലകാര്യങ്ങളിലും ഇന്നും നിഗൂഢത തുടരുകയാണ്.

ഇതിനു മുൻപ് അഞ്ച് ഫോസിലുകൾ മാത്രമാണ് ഡെനിസോവൻ വംശത്തിന്റേതായി കണ്ടെത്തിയിട്ടുള്ളത് 3 പല്ലുകളും ഒരു വിരലിന്റെ അസ്ഥിയും ഒരു താടിയെല്ലും. ഇവയിൽ താടിയെല്ലൊഴിച്ചുള്ളവ  സൈബീരിയിലെ ആൾട്ടായ് മലനിരകളിലുള്ള ഡെനിസോവ ഗുഹയിൽ നിന്നാണു കിട്ടിയത്. ഡെനിസോവൻ എന്ന പേര് ഈ നരവംശത്തിനു കിട്ടാൻ കാരണവും ഈ ഗുഹയുടെ പേരാണ്.

കഴിഞ്ഞ വർഷം ചൈനയിൽ കണ്ടെത്തപ്പെട്ട ഡ്രാഗൺമാൻ എന്ന തലയോട്ടി ഫോസിൽ ഡെനിസോവൻ വംശത്തിൽ പെട്ടയാളുടേതാണെന്നും അഭ്യൂഹമുണ്ട്. ഫോസിലായി കിട്ടിയ ഡെനിസോവൻ താടിയെല്ലു ലഭിച്ചതു ചൈനയിൽ നിന്നായിരുന്നു.

റഷ്യയിലും ഏഷ്യയിലും മാത്രമല്ല ഡെനിസോവൻമാരുണ്ടായിരുന്നതെന്നും ഇപ്പോഴത്തെ ഓസ്ട്രേലിയയും ന്യൂസീലൻഡും ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലയിലെ ആദിമനിവാസികൾക്ക് ഡെനിസോവൻ ജനിതകമുണ്ടെന്നും പിൽക്കാലത്ത് നടന്ന ചില പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA