ADVERTISEMENT

ജപ്പാൻ വിക്ഷേപിച്ച ഹയബൂസ 2 പ്രോബ് തിരികെ കൊണ്ടുവന്ന ഛിന്നഗ്രഹ സാംപിളുകളിൽ ഇരുപതിലധികം അമിനോ ആസിഡുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. റ്യൂഗു എന്ന ഛിന്നഗ്രഹത്തിലേക്ക് ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സ അയച്ച ദൗത്യമായിരുന്നു ഹയബൂസ 2. ഭൂമിയിലെ ജീവന് വളരെ പ്രധാനപ്പെട്ടതാണ് അമിനോ ആസിഡുകൾ. ഇവയാണു പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം. അതിനാൽ തന്നെ ജീവന്റെ അടിസ്ഥാനയൂണിറ്റുകളായ തന്മാത്രകൾ എന്നും ഇവയെ വിളിക്കുന്നു. ചലനം, ശരീരത്തിനകത്ത അവശ്യവസ്തുക്കളുടെ ഗതാഗതം, പ്രതിരോധം മുതൽ ജനിതകപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വരെ പ്രോട്ടീനുകൾ അത്യന്താപേക്ഷിതമാണ്.

 

ഛിന്നഗ്രഹങ്ങളിൽ ഇത്തരത്തിൽ അമിനോ ആസിഡുകൾ നിലനിൽക്കുന്നത് ബഹിരാകാശത്തു നിന്നാണ് ഇത്തരം സംയുക്തങ്ങൾ ഭൂമിയിലെത്തിയതെന്ന സാധ്യതയിലേക്കു വിരൽചൂണ്ടുന്നെന്ന് യൊക്കോഹാമ നാഷനൽ യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഇമെരിറ്റസായ കെൻസി കൊബയാഷി പറഞ്ഞു. അതിനാൽ തന്നെ ഇത്തരം അമിനോ ആസിഡുകൾ മറ്റു ഗ്രഹങ്ങളിലും കാണാനുള്ള സാധ്യതയുണ്ടെന്നും മറ്റു ഗ്രഹങ്ങൾ ജീവൻ വിമുക്തമാണെന്ന സിദ്ധാന്തങ്ങൾ ഇതിലൂടെ വെല്ലുവിളിക്കപ്പെട്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ നിന്ന് 30 കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹത്തിൽ നിന്നാണ് ഹയബൂസ 5.4 ഗ്രാം വസ്തുക്കൾ കൊണ്ടുവന്നത്. 2021 മുതൽ ടോക്കിയോ സർവകലാശാല, ഹിരോഷിമ സർവകലാശാല തുടങ്ങിയവരുടെ സഹായത്തോടെ വലിയ പഠനങ്ങൾ ഈ സാംപിളുകളിൽ നടത്തിയിരുന്നു.

 

ഭൂമിയിൽ ജീവൻ ഉടലെടുക്കാൻ സഹായകമായ ജൈവ രാസസംയുക്തങ്ങൾ ഭൂമിയിലെത്തിയത് അഗാധ ബഹിരാകാശത്തിൽ  നിന്നെന്ന്  കഴിഞ്ഞ ഏപ്രിലിൽ ജപ്പാനിലെ ഹൊക്കെയ്ദോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു.  ഭൂമിയിൽ പതിച്ച മൂന്ന് കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഉൽക്കകളിൽ ന്യൂക്ലിയോബേസുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഗവേഷണഫലങ്ങൾ പിന്നീട് നേച്വർ കമ്യൂണിക്കേഷൻസ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.

 

ഡിഎൻഎയുടെ പ്രശസ്തമായ ഇരട്ടപിരിയൻ കോവണി ഘടനയ്ക്കു കാരണമായ നൈട്ര‍ജൻ അടങ്ങിയ രാസസംയുക്തങ്ങളാണു ന്യൂക്ലിയോബേസുകൾ. ഡിഎൻഎ നിർമിതമായിരിക്കുന്നത് അഡനിൻ, ഗ്വാനിൻ, തൈമിൻ, സൈറ്റോസിൻ, തുടങ്ങിയ ന്യൂക്ലിയർ ബേസുകളാലാണ്. ഇതിൽ പലതും ഉൽക്കയിൽ നിന്നു കണ്ടെത്തി. 1950ൽ യുഎസ് സംസ്ഥാനം കെന്റക്കിയിലെ മറേയിൽ വീണ ഉൽക്ക, 1969ൽ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ മർച്ചസൺ പട്ടണത്തിൽ വീണ മറ്റൊരു ഉൽക്ക, 2000ൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ടാഗിഷ് തടാകത്തിനു സമീപം വീണ വേറൊരു ഉൽക്ക എന്നിവയാണ് ശാസ്ത്രജ്ഞർ പരിശോധനയ്ക്കു വിധേയമാക്കിയത്. കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഈ ഉൽക്കകളെല്ലാം തന്നെ സൗരയൂഥത്തിന്റെ തുടക്കകാലത്തുള്ള പാറ നിറഞ്ഞവയാണ്.

 

English SUmmary : Experts find amino acids in asteroid sample fetched by Hayabusa2 Probe

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com