ADVERTISEMENT

തമോഗർത്തങ്ങൾ എന്ന പ്രപഞ്ച വസ്തുക്കൾ ഏറെ പ്രസിദ്ധമായവയാണ്. ഒരു വലിയ നക്ഷത്രം പല പരിണാമദശകളിലൂടെ കടന്നുപോകുമെന്നറിയാമല്ലോ. ഒടുക്കം സൂപ്പർനോവ വിസ്ഫോടനം എന്ന ഭീകര സ്ഫോടനത്തിനു ശേഷം നക്ഷത്രങ്ങൾ മരിക്കുകയും ഇവയിൽ ചിലത് തമോഗർത്തം അഥവാ ബ്ലാക്ഹോളായിമാറുകയും ചെയ്യും. ചുറ്റുമുള്ള പദാർഥങ്ങളെയും ഊർജത്തെയും വലിച്ചെടുക്കാനും ഇവ വിരുതരാണ്. പ്രകാശം പോലും ഇവയിൽ നിന്ന് പുറത്തുവരില്ല. എന്നാൽ ബ്ലാക്ക് ഹോളുകളെ വലയം ചെയ്തിരിക്കുന്ന പ്രകാശത്തിൽ നിന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം.

 

ഇത്തരത്തിലെ തമോഗർത്തങ്ങളിൽ ഒരു ഭീകരനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കഴിഞ്ഞ 900 കോടി വർഷങ്ങൾക്കിടെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വേഗത്തിൽ വളരുന്ന തമോഗർത്തമാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു സെക്കൻഡിൽ ഭൂമിയോളം അളവിലുള്ള പദാർഥം എന്ന നിലയിലാണു തമോഗർത്തം വലിച്ചെടുക്കുന്നത്. ഇതിനാൽ തന്നെയാണ് ഇതിന്റെ വളർച്ച ഇത്ര അതിവേഗത്തിലാകുന്നത്.

 

ഈ തമോഗർത്തത്തിനു ചുറ്റുമുള്ള വെളിച്ചം നമ്മുടെ ക്ഷീരപഥത്തിലെ ആകെ പ്രകാശത്തിന്റെ ഏഴായിരം മടങ്ങുവരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ തമോഗർത്തത്തെ കണ്ടെത്തിയിരിക്കുന്നത്. 50 വർഷത്തിലേറെയായി ശാസ്ത്രജ്ഞർ പല തമോഗർത്തങ്ങളെയും നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം പ്രകാശം കുറഞ്ഞവയാണ്. ഇത്രത്തോളം പ്രകാശമാനമായ ഒരു തമോഗർത്തത്തെ കണ്ടെത്താനായത് ഇതാദ്യമായാണ്.

 

എന്തുകൊണ്ടാകാം ഈ തമോഗർത്തം ഇത്രയ്ക്കും വലുപ്പമേറിയതായത് എന്നതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. രണ്ട് വലിയ നക്ഷത്രസമൂഹങ്ങൾ അന്യോന്യം ഇടിച്ചുകയറി ഇതിനുള്ളിലേക്ക് സ്വാംശീകരിക്കപ്പെട്ടതാകാം ഇതിനു വഴിവച്ചതെന്ന് ഗവേഷകർ പറയുന്നു. നമ്മുടെ താരാപഥമായ മിൽക്കി വേ അഥവാ ക്ഷീരപഥത്തിന് ഒത്ത മധ്യത്തിലായി സജിറ്റേറിയസ് എ സ്റ്റാർ എന്ന പേരിൽ ഒരു തമോഗർത്തമുണ്ട്.ഭൂമിയിൽ നിന്ന് 27000 പ്രകാശവർഷങ്ങൾ അകലെയാണ് ഇതുള്ളത്. ഈ വമ്പൻ തമോഗർത്തത്തിന്റെ 500 മടങ്ങ് വലുപ്പമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയ ബ്ലാക്ഹോളെന്നത് ഇതിന്റെ വലുപ്പത്തിന്റെ നേർചിത്രമാണ്.

English Summary : Scientists spot fastestgrowing black hole that can consume one earth per second

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com