ADVERTISEMENT

ലോകത്ത് പല മനുഷ്യർക്കും പല കാര്യങ്ങൾ ചെയ്യാൻ പേടിയും ആശങ്കയുമൊക്കയുണ്ടാകാറുണ്ട്. ചിലർക്ക് ഉയരമുള്ള പ്രദേശത്ത് ഇരിക്കാൻ പേടിയായിരിക്കും. ചിലർക്ക് കടലിനെ പേടിയായിരിക്കും ചിലർക്ക് ചിലന്തികളെയാകും പേടി. ഇത്തരം പേടികളെ ഫോബിയ എന്നു വിളിക്കുന്നു. വിമാനത്തിൽ സഞ്ചരിക്കാനുള്ള പേടിയെയാണ് എയ്‌റോഫോബിയ അല്ലെങ്കിൽ എവിയോഫോബിയ എന്നു വിളിക്കുന്നത്. പലരിലും ഏറിയും കുറഞ്ഞുമുള്ള അവസ്ഥയിൽ ഈ ഫോബിയ ഉണ്ടാകാറുണ്ട്.

വിമാനത്തിൽ സഞ്ചരിക്കാൻ പേടിയായിരുന്ന പല ലോകനേതാക്കളുമുണ്ടായിട്ടുണ്ട്. ഇവരിൽ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇൽ. ഇപ്പോഴത്തെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവായിരുന്നു ഇൽ. കിം ജോങ് ഉന്നിനു മുൻപ് 17 വർഷം ഉത്തരകൊറിയയിൽ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്.

വിദേശയാത്രകൾ ഇൽ വളരെക്കുറച്ചുമാത്രമാണ് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയിൽ അധികവും. ആ വേളകളിൽ വിമാനങ്ങൾക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു ഇൽ ഉപയോഗിച്ചത്. ട്രെയിനിൽ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്റെ യാത്രകൾ.

വധഭീഷണിയുള്ള തന്നെ ശത്രുക്കൾ വിമാനമാക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭീതിയും ചെറുപ്പം തൊട്ടേ വിമാനയാത്രയോടുള്ള ഭയവുമാണ് എയ്‌റോപ്ലേനുകൾ ഒഴിവാക്കാൻ ഇല്ലിനെ പ്രേരിപ്പിച്ചത്. ഉത്തര കൊറിയയിൽ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കാറുകളും ചില അവസരങ്ങളിൽ ബോട്ടുകളും കപ്പലുകളുമാണ് ഇൽ ഉപയോഗിച്ചത്.

എന്നാൽ ഇല്ലിന്റെ പിതാവും ഉത്തരകൊറിയയുടെ ഒരേയൊരു പ്രസിഡന്റുമായിരുന്ന കിം ടു സങ് വിമാനയാത്രകൾ യഥേഷ്ടം നടത്തിയിരുന്നു. കിംജോങ് ഉന്നിനും അച്ഛന്റെ യാത്രാരീതിയോടല്ല, മറിച്ച് മുത്തച്ഛനെപ്പോലെ വിമാനയാത്ര നടത്തുന്നതാണു പഥ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

dennis-bergkamp
ഡെന്നിസ് ബെർഗ്ക്യാംപ്. ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ

വിമാനപ്പേടിയുള്ള ധാരാളം സെലിബ്രിറ്റികളുമുണ്ട്. ഡച്ച് ഫുട്‌ബോൾ താരമായ ഡെന്നിസ് ബെർഗ്ക്യാംപ് ഈ ഭീതിയുള്ള പ്രമുഖ വ്യക്തിയായിരുന്നു. ബെർഗ്ക്യാംപ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നതിനാൽ അദ്ദേഹം നോൺ ഫ്‌ളയിങ് ഡച്ച്മാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

michael-jackson
മൈക്കൽ ജാക്‌സൻ. ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

മൈക്കൽ ജാക്‌സൻ, ജെന്നിഫർ അനിസ്റ്റൺ, മേഗൻ ഫോക്‌സ് തുടങ്ങിയ വിഖ്യാത സെലിബ്രിറ്റികൾ വിമാനയാത്ര ചെയ്യാൻ മടിച്ചവരാണ്. 2001 സെപ്റ്റംബറിൽ യുഎസിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു ശേഷം ഒട്ടേറെ അമേരിക്കക്കാരിൽ ഈ അവസ്ഥ ബാധിച്ചതായി അന്നു നടന്ന പഠനങ്ങൾ വെളിവാക്കിയിരുന്നു. ഒട്ടേറെ പേർ ഇതിനു ശേഷം വിമാനങ്ങൾ ഒഴിവാക്കി കാറുകളിലും മറ്റും യാത്ര ചെയ്യാൻ തുടങ്ങിയത്രേ.

 

English Summary : Celebrities who are frightened of flying.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com