ADVERTISEMENT

മനുഷ്യൻ ചന്ദ്രനിലേക്ക് വീണ്ടും പോകുമോ? അൻപതു വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളിൽ അലയടിക്കുന്ന ചോദ്യമാണിത്. അറുപതുകളിൽ നാസയുടെ അതിവിഖ്യാതമായ അപ്പോളോ ദൗത്യപരമ്പരയ്ക്കു തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ദൗത്യത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ചന്ദ്രനിലിറങ്ങി. 1972 വരെ അപ്പോളോ ദൗത്യങ്ങൾ തുടർന്നു. ആകെ 12 പേർ ഈ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. എന്നാൽ പിന്നീട് 50 വർഷത്തോളം ചന്ദ്രനിലേക്ക് മനുഷ്യർ പോയില്ല. ഭൂമിയുടെ ഈ ഉപഗ്രഹം നമ്മളെ നോക്കി ആകാശത്ത് തന്നെ നിൽപായിരുന്നു.

ചന്ദ്രന്റെ സീ ഓഫ് ട്രാൻക്വിലിറ്റി മേഖലയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എഡ്വിൻ ആൽഡ്രിൻ. നീൽ ആംസ്ട്രോങ് ആണ് ഫോട്ടോ എടുത്തത്. (Photo by Neil ARMSTRONG / NASA / AFP)
ചന്ദ്രന്റെ സീ ഓഫ് ട്രാൻക്വിലിറ്റി മേഖലയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എഡ്വിൻ ആൽഡ്രിൻ. നീൽ ആംസ്ട്രോങ് ആണ് ഫോട്ടോ എടുത്തത്. (Photo by Neil ARMSTRONG / NASA / AFP)

 

Moon AFP

എന്നാൽ വീണ്ടുമൊന്നു ചന്ദ്രനിലേക്കു പോയേക്കാമെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാസ ആലോചിച്ചികൊണ്ടിരിക്കുകയാണ്. ആ ആലോചന അടുത്തവർഷം സാഫല്യത്തിലെത്തുമെന്നാണ് തോന്നുന്നത്. ആർട്ടിമിസ് എന്ന പുതിയ ദൗത്യത്തിൽ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീയെയും വെളുത്തവർഗത്തിൽപെടാത്ത വ്യക്തിയെയും ആർട്ടിമിസ് ചന്ദ്രനിൽ വരുംനാളുകളിൽ എത്തിക്കും. ഇതിന്റെ ആദ്യപടിയായുള്ള പരീക്ഷണ ദൗത്യം വരുന്ന ഓഗസ്റ്റ് 29ന് അരങ്ങേറാൻ പോകുകയാണ്. ആർട്ടിമിസ് വൺ എന്നു പേരിട്ടിരിക്കുന്ന സഞ്ചാരികളില്ലാത്ത ഈ ദൗത്യം വിജയിച്ചാൽ അടുത്ത വർഷം തന്നെ ചന്ദ്രയാത്ര നടന്നേക്കുമെന്ന് നാസയിലെ വിദഗ്ധർ പറയുന്നു. അടുത്തവർഷം പുറപ്പെട്ടാലും 2025ലാകും മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുന്നത്.

1200chandrayan

 

Supper Moon/Shutterstock

ഗ്രീക്ക് ഇതിഹാസത്തിൽ ചന്ദ്രന്റെ ദേവതയാണ് ആർട്ടിമിസ്, അപ്പോളോ ദേവന്റെ ഇരട്ടസഹോദരി. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് നാസ പേരിട്ടത്. നാസയെ ഇന്നത്തെ നാസയാക്കി വളർത്തിയ അപ്പോളോ ദൗത്യത്തിന്റെ പാരമ്പര്യം പേറുന്ന സഹോദരി. മൂന്നു ദൗത്യങ്ങളാണ് ആർട്ടിമിസ് പരമ്പരയിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

 

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം (ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന ഭാഗം) വേർപെട്ട് ഗേറ്റ്വേയിൽ എത്തിച്ചേരും. തുടർന്ന് ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ്വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലും ഇതിന്റെ സേവനം നിർണായകമാകും.

 

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ അഞ്ച് ആണ്. 50 വർഷത്തോളം ഈ മേഖലയിൽ അനുഭവപ്പെട്ട മരവിപ്പ് സാറ്റേൺ അഞ്ചിന്റെ പ്രസക്തി ഇല്ലാതാക്കി. തുടർന്ന് ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ അഞ്ചിനൊരു പിൻഗാമിയെ സ്വയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റ് പിറന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്. ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും. അതീവശ്രദ്ധ കൊടുത്ത് നിർമിച്ചിരിക്കുന്ന ഈ വാഹനത്തിനു തകരാർ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. 

 

2005ലാണ് ആർട്ടിമിസിന്റെ ആദിമരൂപങ്ങൾ വിവിധ പദ്ധതികളായി നാസ മുന്നോട്ടു വച്ചത്. കോൺസ്റ്റലേഷൻ പ്രോഗ്രാം എന്ന പേരിൽ അറിയപ്പെട്ട ഈ പദ്ധതികൾ ചന്ദ്രനും ചൊവ്വയും ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇതിന്റെ ഭാഗമായി ഏരീസ് എന്ന പ്രശസ്തമായ റോക്കറ്റ് ശ്രേണിക്കു തുടക്കം കുറിച്ചു. അപ്പോളോ ദൗത്യവും അതിന്റെ സാങ്കേതികസംവിധാനങ്ങളുമൊക്കെ മ്യൂസിയം വസ്തുക്കളായി മാറിയതിനാൽ പൂജ്യത്തിൽനിന്നു തുടങ്ങുന്നതു പോലെയായിരുന്നു.  ഏകദേശം 50000 കോടി രൂപ ചെലവുള്ള എസ്എൽഎസ് റോക്കറ്റിന് 365 അടി നീളവും ഒരു ലക്ഷം കിലോഗ്രാം ഭാരവുമുണ്ട്.മനുഷ്യരെ വഹിക്കുന്ന പേടകമായ ഓറിയന് മൂന്നാഴ്ച യാത്രാസംഘത്തെ വഹിക്കാനുള്ള ഇന്ധനവുമുണ്ട്.

 

ആർട്ടിമിസ് ദൗത്യത്തിൽ ചന്ദ്രനിലേക്കു പോകുന്ന പുരുഷ യാത്രികൻ ഒരു ഇന്ത്യൻ വംശജനാകാനും സാധ്യതയുണ്ട്.യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഇത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്തവരിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്.ചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്.

പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാജ യുഎസ് വ്യോമസേനയുടെ 461ാം സ്ക്വാഡ്രന്റെ കമാൻഡറായിരുന്നു. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി അമേരിക്കൻ പ്രതിരോധമേഖലയുടെ മുൻനിര അംഗീകാരങ്ങൾ ചാരിയെ തേടിയെത്തിയിട്ടുണ്ട്.

 

 

English Summary : NASA Artemis moon missions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com