ADVERTISEMENT

ലോകചരിത്രത്തിൽ ഏറ്റവും വലിയ പടയോട്ടങ്ങളിലൊന്നിനു നേതൃത്വം കൊടുത്ത മംഗോൾ നായകൻ ചെങ്കിസ് ഖാന്റെ പേരമകൻ ഹുലാഗു ഖാന്റെ കൊട്ടാരം കിഴക്കൻ തുർക്കിയിൽ കണ്ടെത്തിയതായി ചരിത്രഗവേഷകർ. തുർക്കിയിലെ വാൻ പ്രവിശ്യയിലാണ് വമ്പൻ കെട്ടിട സമുച്ചയങ്ങളോടുകൂടിയ കൊട്ടാരം കണ്ടെത്തിയത്. എന്നാൽ ഇത് ഹുലാഗുവിന്റെ കൊട്ടാരം തന്നെയാണെന്ന് ഉറപ്പിക്കാൻ സമയമായിട്ടില്ലെന്നും കൂടുതൽ ഗവേഷണങ്ങൾ വേണമെന്നും മറ്റ് പുരാവസ്തു വിദഗ്ധർ പറയുന്നു.

 

the-lost-treasure-of-genghis-khan
Portrait of Genghis Khan. Photo Credits: CW Pix/ Shutterstock.com

1217 മുതൽ 1265 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച മംഗോൾ നേതാവാണ് ഹുലാഗു ഖാൻ. മധ്യപൂർവദേശത്തേക്ക് നടത്തിയ പടയോട്ടങ്ങളാണ് ഹുലാഗുവിനെ പ്രശസ്തനാക്കിയത്. 1258ൽ ബഗ്ദാദ് നഗരത്തിൽ നടത്തിയ ആക്രമണത്തിനു ഹുലാഗു നേതൃത്വം വഹിച്ചു. അക്കാലത്തെ പഠനത്തിന്റെയും കലയുടെയും വ്യവസായത്തിന്റെയുമൊക്കെ പ്രബുദ്ധ നഗരമായ ബഗ്ദാദിൽ ഈ പടയോട്ടം വലിയ നാശം വിതച്ചു. അക്കാലത്ത് അബ്ബാസിദ് ഭരണത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ബഗ്ദാദ്. ഈ യുദ്ധത്തിൽ അരലക്ഷത്തോളം അബ്ബാസിദ് പടയാളികളും ലക്ഷക്കണക്കിന് പൗരജനങ്ങളും മരിച്ചെന്നാണ് കണക്ക്.

 

ബഗ്ദാദ് ഗ്രാൻഡ് ലൈബ്രറിയുൾപ്പെടെ അനേകം മഹാഗ്രന്ഥശാലകൾ ഇതിൽ തകർന്നു. ഇവിടങ്ങളിലെ പുസ്തകങ്ങൾ ആക്രമണകാരികൾ കൈയടക്കുകയും അവയുടെ തുകൽ പുറംചട്ടകൾ വലിച്ചുകീറി ചെരുപ്പുകളുണ്ടാക്കുകയും ചെയ്തെന്ന് ചരിത്രരേഖകളിൽ പറയുന്നു. അമൂല്യമായ അറിവുകളടങ്ങിയ പല പുസ്തകങ്ങളും ടൈഗ്രിസ് നദിയിലേക്കു വലിച്ചെറിയപ്പെട്ടു. ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഖലീഫ അൽ മുസ്താസിം ബില്ലയെ ഹുലാഗു വധിക്കുകയും ചെയ്തു.

 

1259 വരെ ശക്തമായ നിലയിൽ പൊയ്ക്കൊണ്ടിരുന്ന മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാന്റെ മറ്റൊരു പേരമകനും ഭരണാധികാരിയുമായ മോങ്‌കെ ഖാന്റെ മരണത്തോടെ പലവഴിയിലായി. ഇതിൽ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പായ ഇൽഖാനേറ്റിനെയാണ് ഹുലാഗു നയിച്ചിരുന്നത്. 1357ൽ ഇൽഖാനേറ്റ് സാമ്രാജ്യം തകർന്നു. ചരിത്രരേഖകൾ അനുസരിച്ച്, ഇപ്പോൾ കൊട്ടാരം കണ്ടെത്തിയ മേഖലയിലാണ് ഹുലാഗുവിന്റെ കൊട്ടാരം സ്ഥിതി ചെയ്തത്. ഇവിടെ പര്യവേക്ഷണം തുടരുകയാണ്. ഇവിടെ വൻ കൊള്ളയടി നടന്നതായി കണ്ടെത്തിയെന്നും പര്യവേക്ഷകർ പറയുന്നു. എന്നാൽ മംഗോൾ കാലഘട്ടത്തിലെ തറയോടുകളും കളിമൺ പാത്രങ്ങളുമൊക്കെ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. പല തറയോടുകളിലും മംഗോളുകളുടെ ചിഹ്നമായ ടംഗ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതു കൊണ്ട് തന്നെ കണ്ടെത്തിയ കൊട്ടാരം ഹുലാഗുവിന്റേതാകാനുള്ള സാധ്യത കൂടുതലാണ്.

 

English Summary : Palace of Genghis Khan’s grandson found in Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com