ADVERTISEMENT

 

 

 

1977ൽ ഒരു ജൂലൈ മാസത്തിൽ അമേരിക്കയിലെ ഇലിനോയ് സംസ്ഥാനത്തുള്ള ലോൺഡെയിലിൽ ഒരു വിചിത്ര സംഭവം നടന്നു. ലോൺഡെയിലിലെ മിസ്സിസ് റൂത്ത് ലോവിന്റെ വീട്ടിലായിരുന്നു സംഭവം. ചൂട് തങ്ങി നിന്ന ഒരു വേനൽക്കാല അസ്തമന നേരമായിരുന്നു അത്. തീൻമുറി വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു റൂത്ത് ലോവ്. അവരുടെ കുട്ടികൾ വീടിനു പിന്നിലുള്ള പറമ്പിൽ  കളിക്കുകയായിരുന്നു. സന്ധ്യപിന്നിട്ട് രാത്രി എട്ടാകാറായപ്പോഴും കുട്ടികൾ കളി തുടർന്നു.

 

ആ സമയം വലിയ ചിറകടി പോലെയൊരു ശബ്ദം റൂത്ത് ലോവ് കേട്ടു. എന്താണ് സംഭവമെന്നറിയാനായി പുറത്തിറങ്ങിയ റൂത്തിനെ എതിരേറ്റത് അത്യന്തം ദുരൂഹമായ ഒരു കാഴ്ചയായിരുന്നു. തന്റെ വീടിനു മുകളിലുള്ള മാനത്ത് പറക്കുകയാണ് രണ്ട് വലിയ പക്ഷികൾ. സിൻബാദിന്റെ കഥകളിലും മറ്റും വായിച്ചിട്ടുള്ള ആനറാഞ്ചിപ്പക്ഷികളെപ്പോലെയുള്ള കറുത്ത ഭീമാകാരികളായ വൻ പക്ഷികൾ. റൂത്ത് ഒരു നിമിഷം അമ്പരന്നുനിന്നു.

 

എന്നാൽ താമസിയാതെ റൂത്തിന്റെ അമ്പരപ്പ് ഭയത്തിനു വഴിമാറി. ചിറകടിച്ചു വന്ന ആ ഭീകരപക്ഷികളുടെ ലക്ഷ്യം തന്റെ 12 വയസ്സുള്ള മകൻ മാർലൻ ലോവാണെന്നു മനസ്സിലാക്കിതോടെ ആ മാതാവ് ഭയവിഹ്വലയായി.താൻ കാണുന്ന ദൃശ്യം യഥാർഥമാണോ അതോ തന്റെ തോന്നലാണോയെന്നു പോലും റൂത്തിനു മനസ്സിലായില്ല. അതിനു മുൻപ് ഇങ്ങനെയൊരു പക്ഷിയെ അവിടെയാരും കണ്ടിരുന്നില്ല. പക്ഷി തന്റെ കാലുകളാൽ മാർലനെ റാഞ്ചിയെടുത്തു. 35 അടിയോളം ദൂരം പക്ഷി കുട്ടിയുമായി പറന്നു.

 

ബഹളം വച്ചുകൊണ്ട് റൂത്ത് പക്ഷിക്കു നേരെ പാഞ്ഞടുത്തു. ഒന്നു പകച്ച പക്ഷി കുട്ടിയെ താഴെയിട്ട ശേഷം തൊട്ടടുത്തുള്ള കിക്കാപ്പൂ ക്രീക്കിന്റെ ദിശയിലേക്കു പറന്നുപോയി. സംഭവം റൂത്ത് ലോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞതോടെ ലോൺഡെയിലിലെ വിചിത്രപക്ഷികൾ ശ്രദ്ധ നേടി. എന്നാൽ ഇത് റൂത്തിന്റെ തോന്നലോ അല്ലെങ്കിൽ കെട്ടിച്ചമച്ച കഥയോ ആണെന്നായിരുന്നു പലരുടെയും അഭിപ്രായം. പക്ഷേ മറ്റു ദൃക്സാക്ഷികളും മുന്നോട്ടുവന്നത് റൂത്തിന്റെ വാദത്തിനു ബലം നൽകി, നാലരയടി നീളമുള്ള പക്ഷിക്ക് നാലടിയോളം വീതിയുള്ള ചിറകുകളുണ്ടായിരുന്നെന്ന് റൂത്ത് മൊഴി നൽകി. കൊക്കുകൾക്ക് ആറിഞ്ച് വലുപ്പമുണ്ടായിരുന്നു. കറുത്തിരുണ്ട തൂവലുകൾ പൊതിഞ്ഞ ദേഹം. കഴുത്തുഭാഗത്തു മാത്രം വെള്ളവളയം പോലെ ഒരു വൃത്തത്തിൽ തൂവലുകൾ– പക്ഷിയെക്കുറിച്ച് റൂത്ത് നൽകിയ വിവരണം ഇതായിരുന്നു.

 

റൂത്ത് ലോവ് കള്ളം പറഞ്ഞതായിരുന്നോ? ഇന്നും ലോൺഡെയിലിലെ സംഭവം ഒരു ദുരൂഹതയായി തുടരുന്നു. കൊളോണിയൽ കാലഘട്ടത്തിനു മുൻപ് ഇലിനോയിയിൽ ഇത്തരം വലിയ പക്ഷികളെക്കുറിച്ചുള്ള കെട്ടുകഥകളുണ്ടായിരുന്നതും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇലിനോയിയിലെ കഹോകിയ ഗോത്രക്കാർ ഇത്തരം പക്ഷികളുടെ ചിത്രങ്ങളും വരച്ചിരുന്നു. സംഭവത്തിന്റെ സത്യമെന്നത് ഇന്നുമൊരു ചുരുളഴിയാ രഹസ്യമാണ്.

 

English Summary : Giant bird swooping down in Lawndale - Fact or fiction

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com