ADVERTISEMENT

ചന്ദ്രൻ വീണ്ടും ചർച്ചാവിഷയമാകുന്ന നാളുകളാണ് ഇനി. അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്കു മാനവരാശി തിരിച്ചുപോകുകയാണ്. നാസയുടെ ആർട്ടിമിസ് എന്ന ദൗത്യത്തിന്റെ ആദ്യഘട്ടം സമാഗതമായിരിക്കുന്നു. ഈ ഘട്ടത്തിൽ മനുഷ്യരാരും ചന്ദ്രനിലേക്കു പോകുന്നില്ലെങ്കിലും വരുംനാളുകളിലുള്ള തുടർദൗത്യങ്ങൾ വിജയിച്ചുകഴിഞ്ഞാൽ 2025ൽ മനുഷ്യർ ആർട്ടിമിസിലൂടെ ചന്ദ്രനിലെത്തുമെന്നു നാസ ഉറപ്പുനൽകുന്നു.

ഒട്ടേറെ വ്യാജപ്രചാരണങ്ങളുടെയും കെട്ടുകഥകളുടെയും ഗൂഢവാദങ്ങളുടെയും ശ്രദ്ധാകേന്ദ്രം കൂടിയാണ് ചന്ദ്രൻ. അരനൂറ്റാണ്ടു മുൻപ് യുഎസ് നടത്തിയ ചന്ദ്രയാത്ര പോലും കള്ളമാണെന്നു പറയുന്ന നിഗൂഢവാദക്കാരുണ്ട്. അതുപോലെ അന്യഗ്രഹജീവികളുമായും വിചിത്രജീവികളുമായും മറ്റും ബന്ധിപ്പിച്ച് ചന്ദ്രനുമായി ബന്ധപ്പെട്ട് കഥകൾ ഇറങ്ങിയിട്ടുണ്ട്.

 

ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ കഥയാണ് 'ദ ഗ്രേറ്റ് മൂൺ ഹോക്‌സ്' എന്ന പേരിൽ അറിയപ്പെടുന്നത്.1835 ഓഗസ്റ്റ് 25നു ന്യൂയോർക്ക് സൺ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 6 ലേഖനങ്ങളുള്ള പരമ്പരയിൽ നിന്നാണ് ഇതു സംബന്ധിച്ച കഥ പുറത്തിറങ്ങിയത്. എഡിൻബർഗ് ജേണൽ ഓഫ് സയൻസ് എന്ന പ്രശസ്ത ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ച ശാസ്ത്രപ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തിയെന്ന വ്യാജേന ഡോ. ആൻഡ്രൂ ഗ്രാന്റ് എന്നയാളാണ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. 

 

സർ ജോൺ ഹെർഷൽ എന്ന പ്രശസ്തനായ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞന്റെ കൂട്ടുകാരനാണു താനെന്നു പരിചയപ്പെടുത്തിയാണ് ഡോ.ആൻഡ്രൂ ഗ്രാന്റ്  ലേഖനം എഴുതിയത്.1834ൽ ഹെർഷൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഒരു ടെലിസ്‌കോപ് സ്ഥാപിച്ചിരുന്നു.

 

ഈ ടെലിസ്‌കോപിൽ നടത്തിയ നിരീക്ഷണത്തിൽ ഹെർഷൽ ഞെട്ടിപ്പിക്കുന്ന കുറേ കണ്ടെത്തലുകൾ നടത്തിയെന്നായിരുന്നു ആൻഡ്രൂ ഗ്രാന്‌റിന്റെ ലേഖനം. മുഖത്ത് കൊമ്പുള്ള കുതിരകൾ, രണ്ടു കാലിൽ നടക്കുന്ന ബീവറുകൾ, പടർന്നു പന്തലിച്ച സസ്യങ്ങൾ, രത്‌നങ്ങൾ നിറഞ്ഞ കുഴികൾ എന്നിവയെല്ലാം ചന്ദ്രനിലുണ്ടെന്ന് അതിലുണ്ടായിരുന്നു.എന്നാൽ ഏറ്റവും കൗതുകകരമായ വാദം ചന്ദ്രനിലുള്ള ഒരു കൂട്ടം ജീവികളെപ്പറ്റിയായിരുന്നു. വവ്വാലിനെപ്പോലെ ചിറകുള്ള, മനുഷ്യരൂപികൾ ചന്ദ്രനിലുണ്ടെന്ന് ലേഖനം എഴുതിവച്ചു.

 

ഈ ലേഖനങ്ങൾ വലിയ ജനപ്രീതി നേടി. എന്നാൽ ഇവയൊന്നും സത്യമല്ലായിരുന്നു. ഡോ.ആൻഡ്രൂ ഗ്രാന്റ്  എന്ന എഴുത്തുകാരനും യാഥാർഥത്തിൽ ഇല്ലായിരുന്നു. തമാശരീതിയിൽ പത്രത്തിലെ ഒരു റിപ്പോർട്ടർ എഴുതിയ ലേഖനമാണിതെന്ന് പിന്നീട് ന്യൂയോർക്ക് സൺ പത്രം അറിയിച്ചു. എന്നാൽ ശാസ്ത്രലോകത്തെ പ്രമുഖരെ ഉൾപ്പെടെ ആശയക്കുഴപ്പത്തിലാക്കാൻ ഇതിനു കഴിഞ്ഞെന്നതായിരുന്നു പ്രത്യേകത.

 

Content Summary : Great Moon Hoax of 1835  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com