ADVERTISEMENT

ലോകത്ത് സമീപകാലത്ത് സംഭവിച്ച മരണങ്ങളിൽ ഏറെ ശ്രദ്ധനേടിയ മരണമാണ് എലിസബത്ത് രാജ്ഞിയുടേത്. ഏഴുപതിറ്റാണ്ടോളം ബ്രിട്ടനെ ഭരിച്ച എലിസബത്ത് രാജ്ഞി മരിച്ചപ്പോൾ അവരുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചും ചർച്ചകളുയർന്നിരുന്നു. ഇന്ത്യയിൽ നിന്നു പോയ കോഹിനൂർ രത്നം ബ്രിട്ടിഷ് രാജവംശത്തിന്റെ ആഭരണങ്ങളിലൊന്നാണ്. മറ്റൊരു പ്രശസ്തമായ ആഭരണമാണ് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നാണ് ഈ വജ്രം ബ്രിട്ടിഷ് രാജകുടുംബത്തിന്റെ കൈവശമെത്തിയത്. ലോകത്തിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ വജ്രമായ കള്ളിനനിൽ നിന്നാണ് ഈ മാസ്മരിക വജ്രം സൃഷ്ടിക്കപ്പെട്ടത്.

 

ആ കഥ അറിയാം.

1905 ജനുവരി 26ൽദക്ഷിണ ആഫ്രിക്കൻ നഗരമായ പ്രിട്ടോറിയയിലെ ഒരു ഖനിയിൽ പതിവ് പരിശോധന നടത്തുകയായിരുന്നു ഫ്രെഡറിക് വെൽസ്.അന്നു ബ്രിട്ടിഷ് കോളനിയായിരുന്ന ദക്ഷിണ ആഫ്രിക്ക ഖനികൾക്ക് പേരുകേട്ട രാജ്യമായിരുന്നു.1855ൽ ഖനിയിൽ നിന്ന് എക്സെൽസിയർ എന്ന വജ്രം കണ്ടെടുത്തത് രാജ്യാന്തര മാധ്യമങ്ങളിൽ വലിയ വാർത്ത സൃഷ്ടിച്ചു. ദക്ഷിണാഫ്രിക്കയിലെ ഖനികളെക്കുറിച്ച് വലിയ പ്രശസ്തി വളരാൻ ഇതു വഴിയൊരുക്കി.

 

ഖനിയിൽ പരിശോധന നടത്തിയ വെൽസ് ഇതിനിടെ ആശ്ചര്യം കൊണ്ട് ഞെട്ടിപ്പോയി. ഖനിയിൽ നിന്നു പതിനെട്ടടി താഴെ ഒരു വമ്പൻ വജ്രം. അതായിരുന്നു കള്ളിനൻ. ഭൂമിക്കടിയിൽ അഞ്ഞൂറോളം കിലോമീറ്റർ താഴെയാണ് കള്ളിനൻ രൂപപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വിവിധ ചലനങ്ങളുടെ ഫലമായി 118 കോടി വർഷം മുൻപ് ഭൂമിയുടെ ഉപരിതലത്തിനു സമീപമെത്തിയ വജ്രം മറഞ്ഞുകിടക്കുകയായിരുന്നു. പത്ത് സെന്റിമീറ്റർ നീളവും 6.35 സെന്റിമീറ്റർ വീതിയുമുള്ള കള്ളിനന് 621.2 ഗ്രാം ഭാരമുണ്ടായിരുന്നു. കണ്ടെത്തിയ ശേഷം മറ്റൊരു സൗത്ത് ആഫ്രിക്കൻ നഗരമായ ജൊഹാനസ്ബർഗിലെ സ്റ്റാൻഡേഡ് ബാങ്കിൽ പ്രദർശനത്തിനായി വജ്രം വച്ചു.കള്ളിനൻ കണ്ടെടുത്ത ഖനിയുടെ സ്ഥാപകനായ തോമസ് കള്ളിനന്റെ പേരാണ് വജ്രത്തിനു നൽകിയത്.

 

കള്ളിനൻ ഇംഗ്ലണ്ടിലേക്ക് അയയ്ക്കപ്പെട്ടു. പത്രവാർത്തകളിലൂടെ മിക്കവരും കള്ളിനന്റെ കണ്ടെത്തലിനെപ്പറ്റി അറിഞ്ഞിട്ടുണ്ടാകുമെന്ന് അധികാരികൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഒരു ചെറിയ നാടകം കളിക്കാൻ അവർ തീരുമാനിച്ചു. ഒരു ആവിക്കപ്പലിനുള്ളിൽ ആഘോഷമായി കള്ളിനൻ ആനയിക്കപ്പെട്ടു. തുടർന്ന് ഉപചാരപൂർവം ക്യാപ്റ്റന്റെ കാബിനിൽ വജ്രം വച്ചു പൂട്ടി. കപ്പലിനുള്ളിൽ സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമൊക്കെ വിന്യസിച്ചിട്ടുണ്ടായിരുന്നു.

 

തുടർന്ന് കപ്പൽ യാത്ര തുടങ്ങി.കള്ളിനന്റെ ഈ ലണ്ടൻ യാത്രയും മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടു. എന്നാൽ കപ്പലിനുള്ളിൽ ഉണ്ടായിരുന്നത് ഒരു വ്യാജ വജ്രമായിരുന്നു. യഥാർഥ കള്ളിനനെ തപാൽ വഴിയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് അയച്ചത്. ആരും ശ്രദ്ധിക്കാത്ത മട്ടിൽ.ആർക്കും പിടികൊടുക്കാതെ വജ്രം സുരക്ഷിതമായി ലണ്ടനിൽ എത്തിച്ചേർന്നു.

 

വജ്രത്തിന്റെ കച്ചവടം ആദ്യ രണ്ടു വർഷങ്ങളിൽ നടന്നില്ല. ഒടുവിൽ ബ്രിട്ടനിലെ അന്നത്തെ രാജാവായ എഡ്വേഡ് ഏഴാമനു വേണ്ടി ഈ വജ്രം വാങ്ങിക്കപ്പെട്ടു. ഒന്നര ലക്ഷം ബ്രിട്ടീഷ് പൗണ്ടിനായിരുന്നു ആ കച്ചവടം. താനും തന്റെ സന്തതി പരമ്പരകളും ഈ അമൂല്യവജ്രത്തെ എന്നും വിലമതിക്കുമെന്നും കാത്തുസൂക്ഷിക്കുമെന്നും രാജാവ് പ്രതിജ്ഞ ചെയ്തു. വജ്രം ലഭിച്ച ശേഷം രാജാവ് അതിനെ ചെറിയ വജ്രങ്ങളാക്കാനായി നെതർലൻഡ്സിലെ ആഷർ സഹോദരൻമാരെ ഏൽപിച്ചു. ആഴ്ചകൾ നീണ്ട പഠനത്തിനു ശേഷം കള്ളിനനിൽ ഒരു പ്രത്യേക സ്ഥലത്ത് ഒന്നര സെന്റിമീറ്റർ ദ്വാരമുണ്ടാക്കി. പിന്നീട് ഇതിലേക്ക് കത്തിപോലുള്ള ഒരു സ്റ്റീൽ ഉപകരണം കയറ്റിയാണ് വജ്രത്തെ വിഭജിച്ച‌ത്. ആദ്യശ്രമത്തിൽ വജ്രത്തിന്റെ കടുപ്പം മൂലം ഉപകരണം ഒടിഞ്ഞു. എന്നാൽ രണ്ടാം ശ്രമത്തിൽ വിജയം നേടി.

 

ഒൻപതു  വജ്രങ്ങൾ കള്ളിനനിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണം ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന പേരിൽ അറിയപ്പെട്ടു.106 ഗ്രാമുള്ള വജ്രം ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടാണ്. ബ്രിട്ടിഷ് രാജവംശത്തിന്റെ അംശവടിയിലാണ് ഈ രത്നം ഇന്നുള്ളത്.രണ്ടാമത്തെ വലിയ കഷണത്തിന് 63.5 ഗ്രാം തൂക്കമുണ്ട്. സെക്കൻഡ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ബ്രിട്ടിഷ് കിരീടത്തെ അലങ്കരിക്കുന്നു. ബാക്കിയുള്ള 7 കഷണങ്ങളും ബ്രിട്ടിഷ് രാജവംശത്തിന്റെ ഉടമസ്ഥതയിലാണ്.

 

Content Summary : Cullinan diamonds in British crown jewels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com