ADVERTISEMENT

ചൈനയുടെ വിദൂരഭാഗത്തു നിന്ന് അപൂർവമായ ക്രിസ്റ്റൽ കല്ല് കണ്ടെത്തിയതായി ചൈന അറിയിച്ചു. ചാങ്ങിസൈറ്റ് എന്നാണു കല്ലിനു പേര് നൽകിയിരിക്കുന്നത്. ചൈനീസ് ഐതിഹ്യങ്ങൾ പ്രകാരം ചന്ദ്രന്റെ ദേവതയായ ചാങ്ങിയിൽ നിന്നാണ് ഈ പേര് ലഭിച്ചിരിക്കുന്നത്. നൂറു കോടിക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ഈ കല്ലെന്ന് ചൈനീസ് വിദഗ്ധർ പറയുന്നു. ഇതുവരെ മനുഷ്യവംശം കണ്ടുപരിചയിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ രാസഘടനയാണ് ഈ കല്ലിനുള്ളത്. ഇത്തരം രാസഘടനകൾ പൊതുവെ ഉൽക്കകളിൽ നിന്നുള്ള വസ്തുക്കളിലാണ് കണ്ടുവരുന്നത്. തലമുടിനാരിഴയുടെ വീതി മാത്രമാണ് ഈ കല്ലിനുള്ളത്. 

 

2020ൽ ചന്ദ്രനിലുള്ള ചൈനയുടെ ദൗത്യം 1.8 കിലോയോളം ഭാരമുള്ള കല്ലുകൾ ശേഖരിച്ചു. അക്കൂട്ടത്തിലാണ് ഈ കല്ലും വന്നുപെട്ടത്. 1976നു ശേഷം ഭൂമിയിലെത്തിച്ച ആദ്യ ചന്ദ്രവസ്തുക്കളാണ് ഇവ. ചൈന ശേഖരിച്ച ആദ്യത്തെ ചന്ദ്രസാംപിളുകളും ഇവയാണ്. ചൈനയുടെ ചാങ്ങി- 5 ചാന്ദ്രദൗത്യമാണ് ഈ കല്ലുകൾ കണ്ടെത്തിയത്. ചന്ദ്രനിൽ കണ്ടെത്തുന്ന ആറാമത്തെ ധാതുവാണ് ഈ കല്ല്. ഇതിനു മുൻപ് കണ്ടെത്തപ്പെട്ട അഞ്ചു ധാതുക്കളും യുഎസും റഷ്യയുമാണ് കണ്ടെത്തിയത്.

 

ഈ കല്ലിനു പുറമെ ഹീലിയം ത്രീ എന്ന രാസവസ്തുവുവിന്റെ അവശേഷിപ്പുകളും സാംപിളുകളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഭൂമിയിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഹീലിയം ത്രീ പക്ഷേ ചന്ദ്രനിൽ വളരെയേറെ അളവിൽ കാണപ്പെടുന്നുണ്ട്. ഭാവിയിൽ ഭൂമിയിൽ ആണവ ഫ്യൂഷൻ സാങ്കേതികവിദ്യ വളരെയേറെ പുരോഗമിക്കുമെന്നും ഇപ്പോഴുള്ള ആണവ ഫിഷൻ റിയാക്ടറുകളെ പുറന്തള്ളി ഫ്യൂഷൻ റിയാക്ടറുകൾ പ്രധാന ഊർജശ്രോതസ്സായി മാറുമെന്നും കരുതപ്പെടുന്നുണ്ട്. ഫ്യൂഷൻ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വസ്തുക്കളിലൊന്നായാണ് ഹീലിയം ത്രീ കണക്കാക്കപ്പെടുന്നത്. ഭാവിയിൽ ചന്ദ്രനിൽ വൻതോതിൽ ഖനനം സാധ്യമാകുന്ന മൂൺ മൈനിങ് സാങ്കേതികവിദ്യ നടപ്പായിക്കഴിഞ്ഞാൽ ചന്ദ്രനിൽ നിന്ന് ഹീലിയം ത്രീ ഭൂമിയിലെത്തിക്കാമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നുണ്ട്. ഇതു നടപ്പായാൽ മനുഷ്യരുടെ ഊർജ ആവശ്യങ്ങൾക്ക് ചന്ദ്രൻ പരിഹാരമേകുമെന്നു സാരം.

 

ചാങ്ങി എന്ന പേരിലാണു ചൈനയുടെ ചാന്ദ്രദൗത്യങ്ങൾ അറിയപ്പെടുന്നത്.ഈ പേരിലുള്ള 6 ദൗത്യങ്ങൾ ചൈന ചന്ദ്രനിലെത്തിച്ചു. ചന്ദ്രന്റെ ഒരു ഭാഗം മാത്രമാണ് നമുക്ക് അഭിമുഖമായി ഉള്ളതെന്നും മറ്റേ ഭാഗം നമുക്ക് കാണാനാവില്ലെന്നും കൂട്ടുകാർക്കറിയാമല്ലോ. ആ കാണാത്ത വശത്തെയാണ് വിദൂരഭാഗം അഥവാ ഫാർ സൈഡ് എന്നു വിളിക്കുന്നത്. ഈ വിദൂരവശത്ത് ഇറങ്ങിയ ആദ്യത്തെ റോവറായ യുട്ടു2 ചാങ്ങി 4 ദൗത്യത്തിനൊപ്പമാണ് പോയത്. ഈ റോവർ 2019 ജനുവരിയിൽ ചന്ദ്രന്റെ വിദൂരവശത്തിറങ്ങി.

Content Summary : Chinese scientists have discovered a new mineral on the moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com