ADVERTISEMENT

 

സൗരയൂഥത്തിൽ മറഞ്ഞിരുന്ന അതിവിനാശകാരികളായ 3 ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഭൂമിയോട് അടുത്തു സ്ഥിതി ചെയ്യുന്ന നീയർ എർത്ത് ആസ്റ്ററോയ്ഡ്സ് എന്ന ഗണത്തിൽപെടുന്നവയാണ് ഇവ. ഇവയിലൊരെണ്ണം ഇതുവരെ കണ്ടെത്തിയതിലും വച്ച് ഏറ്റവും വലിയ അപകടകാരിയായ ഛിന്നഗ്രഹമാണെന്നും നോയർലാബ് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നു. 

സൂര്യപ്രകാശത്തിന്റെ ഗ്ലേർ നിമിത്തം ഇവയെ അങ്ങനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ചിലെയിലെ നിരീക്ഷണകേന്ദ്രത്തിലുള്ള ഡാർക് എനർജി ക്യാമറ ഉപയോഗിച്ച് പ്രകാശം കുറവുള്ള സമയത്ത് നടത്തിയ നിരീക്ഷണത്തിലാണ് ഇവയെ കണ്ടെത്തിയത്.ഭൂമിയുടെയും ശുക്രഗ്രഹത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ ഭ്രമണം ചെയ്യുന്ന ഛിന്നഗ്രഹങ്ങളാണ് ഇവ. ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നതിൽ അതിതീവ്രമായ സൂര്യപ്രകാശം എപ്പോഴും തടസ്സം സൃഷ്ടിക്കാറുണ്ട്. സൂര്യനോട് അടുത്തു സ്ഥിതി ചെയ്യുന്ന മേഖലയാണല്ലോ ഇത്.

അതിനാൽ തന്നെ ഇവിടങ്ങളില്‍ നിന്ന് ഇതുവരെ 25 ഛിന്നഗ്രഹങ്ങളെ മാത്രമാണു കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.

ഇപ്പോൾ കണ്ടെത്തിയവയിൽ രണ്ട് ഛിന്നഗ്രഹങ്ങൾക്ക് ഒരു കിലോമീറ്ററിലധികം വിസ്തീർണമുണ്ട്. പതിക്കുന്ന പക്ഷം ഭൂമിയടക്കമുള്ള ഗ്രഹങ്ങളിൽ വലിയ നാശനഷ്ടം വരുത്താൻ ഇവയ്ക്കു സാധിക്കും. ഇതിൽ തന്നെ 2022 എപി 7 എന്നു പേരുള്ള ഒരു ഛിന്നഗ്രഹത്തിന് ഭൂമിയെ ഭാവിയിൽ അപകടകരമായി ബാധിക്കുംവിധമുള്ള ഭ്രമണപഥമാണുള്ളതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് മനുഷ്യരാശി കുറെക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനായി പ്ലാനറ്ററി ഡിഫൻസ് എന്നൊരു ബഹിരാകാശ പ്രതിരോധ ശാഖയും സജീവമാണ്. ഇതിന്റെ ആദ്യ ദൗത്യമായ ഡാർട്ട് കഴിഞ്ഞമാസം ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ചത് വലിയ വാർത്തയായിരുന്നു.

നാസ വിക്ഷേപിച്ച ഡാർട്ട് പേടകം ഡൈമോർഫസ് എന്ന ചെറുഛിന്നഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. ഡിഡീമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹമാണ് ഡൈമോർഫസ്. ഇതിന്റെ ഭ്രമണപഥത്തിൽ വ്യതിയാനമുണ്ടാക്കുകയാണ് ഡാർട്ടിന്റെ (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്) ലക്ഷ്യം. ഈ ലക്ഷ്യം സാധിച്ചെന്നാണു പൊതുവെ കരുതപ്പെടുന്നത്.ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹങ്ങളാണ് ഡിഡീമോസും ഡൈമോർഫസും. ഇടിയുടെ ആഘാതത്തിൽ ഡൈമോർഫസിൽ ഒരു കുഴി രൂപപ്പെട്ടെന്നും കണ്ടെത്തിയിരുന്നു.

ഛിന്നഗ്രഹ അപകടങ്ങളിൽ ഏറ്റവും മാരകം 6.6 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നടന്ന ചിക്സുലബ് ഛിന്നഗ്രഹ പതനമാണ്.10– 15 കിലോമീറ്റർ വരെ വലുപ്പമുള്ള വമ്പൻ ഛിന്നഗ്രഹം മെക്സിക്കോയിലെ യൂക്കാട്ടാനിൽ വീണു. ഇതിന്റെ ആഘാതം മൂലമുണ്ടായ പരിസ്ഥിതി മാറ്റങ്ങളിൽ ദിനോസറുകൾക്കു വംശനാശം വന്നു.

ഭൂമിയിൽ അന്നുണ്ടായിരുന്ന ജീവിവർഗങ്ങളുടെ മുക്കാൽഭാഗവും നശിച്ചു.

1908 ൽ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്ക വനമേഖലയിൽ ഛിന്നഗ്രഹമെന്നു കരുതപ്പെടുന്ന ഒരു ബഹിരാകാശ വസ്തു പൊട്ടിത്തെറിച്ച് 5 ലക്ഷം ഏക്കർ വനഭൂമി കത്തിനശിച്ചു. ആളുകൾ താമസിക്കാത്ത മേഖലയായതിനാൽ മരണങ്ങളുണ്ടായില്ല. 8 കോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു.

2013 ൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള പാറക്കഷണം റഷ്യയിലെ ചെല്യബിൻസ്കിയുടെ ആകാശത്ത് പൊട്ടിത്തെറിച്ചു. ഹിരോഷിമയിലെ അണുവിസ്ഫോടനത്തിന്റെ മൂന്നിരട്ടി തീവ്രതയായിരുന്നു ഇതിന്. ഒട്ടേറെ വീടുകൾ നശിക്കുകയും 1600 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

 

English Summary : Smallest Asteroid to Hit Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com