ഉത്തരകൊറിയയിലെ മറ്റു കാര്യങ്ങൾ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും. കിമ്മിന്റെ ബന്ധുക്കളെപ്പറ്റിയൊന്നുമുള്ള വിവരങ്ങളൊന്നും ലോകത്തിനു പൂർണമായി അറിഞ്ഞുകൂടാ. കിം ജോങ് ഉൻ മകളുമായി പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണു ഇരുവരുമെത്തിയത്. വെളുത്ത ജാക്കറ്റും ചുവന്ന നിറമുള്ള ഷൂസും ധരിച്ച് പിതാവിന്റെ കൈപിടിച്ചു നീങ്ങുന്ന മകളുടെ പേരോ മറ്റു വിവരങ്ങളോ അന്നു പുറത്തുവിട്ടിട്ടില്ല. എന്നാൽ താമസിയാതെ വിവരങ്ങൾ അറിഞ്ഞു.കിം ജോങ് ഉന്നിന്റെ മക്കളിൽ രണ്ടാമത്തെയാളായിരുന്നു അത്; പേര് ജു എ, വയസ്സ് പന്ത്രണ്ടിനടുത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അധികം സംസാരിക്കുന്ന പ്രകൃതമല്ലത്രേ ഈ കുട്ടി.
ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് വിവരങ്ങളൊക്കെ ചോർത്തിയെടുത്തത്. കിംജോങ് ഉന്നിന്റെ ഓരോ ചിത്രവും പുറത്തിറങ്ങുന്നത് ഒട്ടേറെ അഭ്യൂഹങ്ങളോടെയും മറ്റുമാണ്. ഇത്തവണയും അതിനു കുറവില്ല. ഇത്രനാളും ചിത്രങ്ങളോ മറ്റോ വെളിയിൽ വിടാതെയിരുന്ന ശേഷം, ഇപ്പോൾ മകളെ ലോകത്തിനു പരിചയപ്പെടുത്തിയതിനു പിന്നിലെ രഹസ്യവും വിദഗ്ധർ തിരയുന്നുണ്ട്. ഒരു പക്ഷേ തനിക്കു ശേഷം കൊറിയയുടെ ഭരണാധികാരിയാകുന്നത് തന്റെ മകളായിരിക്കുമെന്ന സന്ദേശമാണ് കിം ജോങ് ഉൻ ഈ ചിത്രത്തിലൂടെ നൽകിയതെന്ന് അഭ്യൂഹം കനക്കുന്നുണ്ട്. കഴിഞ്ഞ കുറേക്കാലമായി കിമ്മിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന പ്രചരണവും ഇതുമായി കൂട്ടിവായിക്കപ്പെടുന്നു.
എന്നാൽ കിമ്മിനു ശേഷം മകൾ അധികാരത്തിൽ വരുന്നതിനെ ഉത്തര കൊറിയൻ സമൂഹം അംഗീകരിക്കുകയില്ലെന്നും പറയപ്പെടുന്നുണ്ട്. ആൺമക്കളിലേക്ക് അധികാരം കൈമാറിയതാണ് ഉത്തരകൊറിയയുെട ഇതുവരെയുള്ള ചരിത്രം. അഥവാ കിമ്മിൽ നിന്ന് അധികാരം കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ, അതു മകളിലേക്കു പോകാനല്ല, മറിച്ച് സഹോദരിയായ കിം യോ ജോങ്ങിലേക്കു പോകാനാണു സാധ്യതെയെന്നും വിലയിരുത്തപ്പെടുന്നു.
2009 ൽ ഗായികയായ റി സോൺ ജൂവിനെ വിവാഹം ചെയ്ത കിമ്മിന് 3 കുട്ടികളുണ്ട്. ഇവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും അങ്ങനെ പുറത്തറിയില്ല. എന്തെങ്കിലും അറിയുന്നത് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് അന്വേഷണങ്ങൾ നടത്തുമ്പോഴാണ്.കിം ജോങ് ഉന്നിന്റെ ആരാധനാപാത്രവും മുൻ യുഎസ് ബാസ്കറ്റ്ബോൾ താരവുമായ ഡെന്നിസ് റോഡ്മാൻ ഒരിക്കൽ കിമ്മിന്റെ ക്ഷണം സ്വീകരിച്ച് ഉത്തരകൊറിയയിൽ എത്തിയിരുന്നു. അന്ന് കിമ്മിന്റെ മക്കളെ കണ്ടത്തായി റോഡ്മാൻ അറിയിച്ചിരുന്നു.
കിമ്മിന്റെ ആദ്യകുട്ടി 2010ലാണ് ജനിച്ചതെന്നും ആൺകുട്ടിയാണ് ഇതെന്നും കരുതപ്പെടുന്നു. ഈ കുട്ടി ഭാവിയിൽ കിം ജോങ് ഉന്നിന്റെ പിന്തുടർന്നു രാജ്യാധികാരത്തിലെത്തുമെന്നാണു വ്യാപകമായി വിശ്വസിക്കപ്പെടുന്നു. 2013ലാണ് രണ്ടാമത്തെ മകളായ ജു എ ജനിച്ചത്. മൂന്നാമത്തെ കുട്ടി 2017 ഫെബ്രുവരിയിലാണു ജനിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ മക്കളെപ്പറ്റി അധികം വിവരങ്ങളൊന്നും കിം ജോങ് ഉൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒരിക്കൽ സിംഗപ്പൂരിൽ നടന്ന ഒരു ചർച്ചയിൽ യുഎസ് ആഭ്യന്തര സെക്രട്ടറി മൈക് പോംപായോട്, ആണവായുധങ്ങളുടെ ഭാരം തന്റെ മക്കൾ വഹിക്കുന്നത് കാണാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു.
Content Summary : North Korean leader Kim Jong-un with daughter at ballistic missile test