ബഹിരാകാശത്ത് ഒരു നീലഗോലി: ചന്ദ്രനരികിൽ നിന്ന് ആശ്ചര്യ ചിത്രമെടുത്ത് ആർട്ടിമിസ്

stunning-photos-of-the-earth-and-moon-from-artemis
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ചന്ദ്രനിലേക്ക് വീണ്ടും ആളെയെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി അയച്ച ഓറിയൺ പേടകം കഴിഞ്ഞ ദിവസം ചന്ദ്രനരികിൽ നിന്ന് ഒരു വിസ്മയ ചിത്രം പകർത്തിയെടുത്തയച്ചു. കറുത്ത പശ്ചാത്തലത്തിൽ ഒരു നീലഗോലി പോലെയുള്ള ചിത്രം. ഭൂമിയാണ് ഇത്. നവംബർ 16ന് വിക്ഷേപിച്ച പേടകംദിവസങ്ങൾ നീണ്ട യാത്രയ്ക്കു ശേഷമാണ് ചന്ദ്രന് 130 കിലോമീറ്റർ അകലെയെത്തിയത്. ചന്ദ്രനു ചുറ്റുമുള്ള ഡിസ്റ്റന്റ് റെട്രോഗ്രേഡ് ഓർബിറ്റിലേക്ക് താമസിയാതെ പേടകമെത്തും.

ഭൂമിയിൽ നിന്ന് രണ്ടരലക്ഷത്തിലധികം കിലോമീറ്ററുകൾ പേടകം നീങ്ങിക്കഴിഞ്ഞു. മണിക്കൂറിൽ 7800 കിലോമീറ്റർ എന്ന വേഗത്തിലാണ് ഇപ്പോഴിത് സഞ്ചരിക്കുന്നത്. ഇടയ്ക്ക് ചന്ദ്രനപ്പുറം നീങ്ങിയതിനാൽ പേടകത്തിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടു. എന്നാൽ 30 മിനിറ്റുകൾക്കുള്ളിൽ ഇതു പുനഃസ്ഥാപിച്ചു. 1972ലെ അപ്പോളോ ദൗത്യത്തിനു ശേഷം ഇതാദ്യമായാണ് ഒരു ബഹിരാകാശപേടകം ഇത്രയും ദൂരം സഞ്ചരിക്കുന്നത്.

stunning-photos-of-the-earth-and-moon-from-artemis
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

1969ൽ ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലമായ പ്രശാന്തിയുടെ കടൽ (സീ ഓഫ് ട്രാൻക്വിലിറ്റി) എന്ന മേഖലയിലൂടെയും പേടകം സഞ്ചരിച്ചെന്ന് വിദഗ്ധർ അറിയിച്ചു.3 ആഴ്ചയ്ക്കു ശേഷം ഡിസംബറിൽ ഈ പേടകം തിരിച്ച് ഭൂമിയിലെത്തി പസിഫിക് സമുദ്രത്തിൽ വീഴുന്നതോടെ ദൗത്യം പൂർത്തിയാകും.

മനുഷ്യരാശി ഒരിക്കൽ കീഴടക്കിയ ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു ശേഷം തിരിച്ചുപോകുന്നതിനുള്ള സംരംഭമാണ് ആർട്ടിമിസ് പദ്ധതി.യാത്രാപേടകമായ ഓറിയണിനെ വഹിച്ച സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) മെഗാറോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം (ആർട്ടിമിസ് 1) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലാണു നടന്നത്. 98 മീറ്റർ നീളമുള്ള എസ്എൽഎസ്, ചന്ദ്രനിലേക്കു മുൻപ് നടന്ന സഞ്ചാരങ്ങളിൽ യാത്രികരെ വഹിച്ച സാറ്റേൺ ഫൈവിന്റെ പിൻഗാമിയും ഭൂമിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റുമാണ്. 410 കോടി യുഎസ് ഡോളറാണ് അന്നത്തെ വിക്ഷേപണത്തിനായി ചെലവഴിച്ചത്. യാത്രക്കാർക്ക് പകരമായി 3 ബൊമ്മകളെയും ഓറിയോൺ പേടകം കൊണ്ടുപോയി,ഇവയുടെ സ്‌പേസ് സ്യൂട്ട്, തിരിച്ചെത്തിയ ശേഷം പരിശോധിക്കും. ഇവയിലേറ്റ ബഹിരാകാശ വികിരണങ്ങളുടെ തീവ്രതയും അളവും നിർണയിക്കും.

പരീക്ഷണഘട്ടം വിജയമായാൽ 2024 ൽ ആർട്ടിമിസ് 2 ദൗത്യത്തിൽ 4 പേരടങ്ങിയ യാത്രാസംഘത്തെ അയയ്ക്കാനാണു നാസയുടെ പദ്ധതി. ഇവർ ചന്ദ്രനെ ഭ്രമണം ചെയ്യും. 2025 ൽ ആർട്ടിമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രനിലെത്തുന്ന ആദ്യ സ്ത്രീയും വെള്ളക്കാരനല്ലാത്ത ആദ്യ സഞ്ചാരിയും ഇതിലുണ്ടാകും. അപ്പോളോയുടെ പിൻഗാമിയെന്ന് വിളിക്കപ്പെടുന്ന ആർട്ടിമിസ് ദൗത്യത്തിനായി 9300 കോടി യുഎസ് ഡോളറാണു ചെലവഴിക്കുന്നത്. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ വടംവലിയിൽ യുഎസിന് നിർണായക മേൽക്കൈ നേടിക്കൊടുത്ത ഏടാണ് ചന്ദ്രയാത്ര. അപ്പോളോ പദ്ധതി എന്നറിയപ്പെട്ട ഇതിലെ പതിനൊന്നാം ദൗത്യമാണ് ചന്ദ്രനിലെത്തിയത്. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. പിന്നീട് 1972 ൽ നടന്ന അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിലായി 12 യാത്രികർകൂടി ചന്ദ്രനിലെത്തി.

Content Summary : Stunning photos of the Earth and Moon from Artemis 1

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS