ADVERTISEMENT

ഫുട്ബോൾ ലോകകപ്പുകളിലൂടെയും ലയണൽ മെസ്സി, ഡീഗോ മറഡോണ തുടങ്ങിയ താരങ്ങളിലൂടെയും നമുക്ക് പരിചിതമായ രാജ്യമാണ് അർജന്റീന. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യവുമായി ബന്ധപ്പെട്ട് ചില അന്യഗ്രജീവി സംഭവങ്ങളുടെ ദുരൂഹതയുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് ലലാർ എന്ന ഏലിയന്റെ കഥ. സത്യമാണോ മിഥ്യയാണോ എന്നുറപ്പില്ലാത്ത ഈ കഥ, പല അന്യഗ്രഹജീവി ഗൂഢവാദ സർക്കിളുകളിലും സജീവമായുണ്ട്.

1997ൽ അർജന്റീനയിലെ എൻട്രെ റയോസ് എന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന കോൺകോർഡിയയിലാണ് ഈ സംഭവം നടക്കുന്നത്. രക്ഷിതാക്കളുടെയും അയൽക്കാരുടെയും മുന്നിൽ വച്ച് അന്യഗ്രഹജീവികൾ സഹോദരൻമാരായ മൂന്നു കുട്ടികളെ അപഹരിച്ചുകൊണ്ടുപോയെന്നതാണു സംഭവം. ഇവരെ അന്യഗ്രഹജീവികൾ ഒരു പേടകത്തിലേറ്റി പ്രപഞ്ചത്തിന്റെ വിവിധമേഖലകളിൽ 3 ദിവസം ചുറ്റിക്കറക്കിയെന്നും ഗൂഢവാദ സിദ്ധാന്തക്കാർ പറയുന്നു. 3 ദിവസത്തിനു ശേഷം തിരിച്ചിറക്കിവിട്ടത്രേ.

അർജന്റീനിയൻ ദമ്പതിമാരായ എമിലിയോയുടെയും കാർമൻ മൊറേലോയുടെയും മക്കളായ ആൻഡ്രെസ്, ജോർഗ്, കാർലോസ് എന്നീ കുട്ടികളെയാണ് അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെടുന്നത്.

ഗൂഢവാദക്കാർ പറയുന്നത് പ്രകാരം കുട്ടികളുടെ അമ്മ സമീപത്തു നിൽക്കേ, വീടിനു തൊട്ടടുത്ത പറമ്പിൽ കളിക്കുകയായിരുന്നു കുട്ടികൾ. അപ്പോഴാണ് സ്വർണനിറത്തിൽ ഒരു അന്യഗ്രഹപേടകം പ്രത്യക്ഷപ്പെട്ടത്. അതു കുട്ടികളുടെ സമീപമെത്തി അവരെ അതിലേക്ക് ഏറ്റി. അമ്മ കാർമൻ നിലവിളിച്ചുകൊണ്ട് എത്തിയപ്പോഴേക്കും പേടകം പുറപ്പെട്ടുകഴിഞ്ഞിരുന്നു.

സ്വർണനിറമുള്ള വസ്ത്രം ധരിച്ച ഒരാളാണു പേടകം ഓടിച്ചിരുന്നതെന്ന് കുട്ടികൾ പറഞ്ഞു. അയാളുടെ മുഖവും ശരീരവും തിളങ്ങുന്നുണ്ടായിരുന്നു ലലാർ എന്നാണു തന്റെ പേരെന്ന് ആ ജീവി കുട്ടികളോട് പറഞ്ഞത്രേ. ലലാറിനെപ്പോലെ മറ്റു ചില ജീവികൾ കൂടി അവിടെയുണ്ടായിരുന്നു. അവരുടെ രൂപവും മുഖവുമൊക്കെ സാമ്യമുണ്ടായിരുന്നെങ്കിലും ആർക്കും ലലാറിന്റെ തിളക്കം ഉണ്ടായിരുന്നില്ല. എല്ലാവർക്കും വലിയ തലയും വലുപ്പമുള്ള മഞ്ഞക്കണ്ണുകളുമായിരുന്നു.

തങ്ങളോടു സ്നേഹത്തോടെയും അനുഭാവത്തോടെയുമാണ് ലലാർ പെരുമാറിയതെന്ന് കുട്ടികൾ പറഞ്ഞു. ചന്ദ്രനെയും സൗരയൂഥത്തിലെ മറ്റുകാഴ്ചകളെയുമൊക്കെ അടുത്തു കാട്ടി വിവരിച്ചു തന്നു. വിശന്നപ്പോൾ കഴിക്കാനായി പതുപതുത്ത വെളുത്ത ബ്രെഡ് തന്നു.

പേടകത്തിനുള്ളിൽ വിവിധ വൈദ്യുത സംവിധാനങ്ങളും മിന്നിത്തിളങ്ങുന്ന ബൾബുകളുമൊക്കെയുണ്ടായിരുന്നെന്ന് കുട്ടികൾ പിന്നീട് പറഞ്ഞു.ആ ബൾബുകൾ അന്യഗ്രഹജീവികൾ കത്തിക്കുകയും അണയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് എന്തോ ഒരു ഉപകരണമുപയോഗിച്ച് തങ്ങളുടെ ശരീരത്തിൽ ചെറുതായി ചുരണ്ടിയെന്നും മുതുകിൽ സൂചികൾ കയറ്റിയെന്നുമൊക്കെ കുട്ടികൾ പറഞ്ഞു. എന്നാൽ അവർക്ക് വേദന തീരെയെടുത്തില്ല.

ഇതേ സമയം ഭൂമിയിൽ ആകെ ആശങ്കാകുലരായി ഇരിക്കുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ. പൊലീസ് അധികാരികൾ അരിച്ചുപെറുക്കി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഒരു സൈനിക വിമാനവും തിരച്ചിലിനായി അവിടവിടെ പറന്നു നടന്നു.

മൂന്നാം ദിനത്തിൽ, പേടകം ആദ്യം പ്രത്യക്ഷപ്പെട്ട പറമ്പിനു മുകളിൽ തന്നെയത് വീണ്ടും പ്രത്യക്ഷപ്പെട്ടു. പറമ്പ് പ്രകാശമാനാമാകുന്നത് കണ്ട് എമിലിയോയും കാർമനും പുറത്തേക്കിറങ്ങി. തങ്ങളുടെ കുട്ടികൾ പേടകത്തിൽ നിന്നു തിരിച്ചിറങ്ങിവരുന്നത് അവർ കണ്ടു. കുട്ടികൾ തിരികെയെത്തിയെന്ന് പൊലീസിനെ അറിയിച്ച ശേഷം ദമ്പതികൾ മക്കളെ ഒരു ഡോക്ടറെ കാണിക്കാനായി കൊണ്ടു ചെന്നു. കുട്ടികളുടെ മുതുകിൽ സൂചികുത്തലിന്റെ പാട് അപ്പോഴുമുണ്ടായിരുന്നു. അന്യഗ്രഹജീവികൾ കുട്ടികളെ പരീക്ഷണങ്ങൾക്കു വിധേയമാക്കിയതായിരിക്കാം എന്നു ഡോക്ടർ പറഞ്ഞു.

13 വർഷത്തോളം ഈ കേസ് മറഞ്ഞുകിടക്കുകയായിരുന്നെന്നും ഇതു പൊതുശ്രദ്ധയിൽ വരുന്നതിനു തടയിടാൻ അധികാരികൾ ശ്രമിച്ചെന്നും ഗൂഢവാദക്കാർ പറയുന്നു. 2010ൽ ഇതിനെപ്പറ്റി അന്വേഷിക്കാൻ ഗവേഷകർ ശ്രമിച്ചത്രേ. എന്നാൽ ദമ്പതികളുടെ പൊടി പോലും കണ്ടുപിടിക്കാനായില്ല. അവർ വേറേതോ പേര് സ്വീകരിച്ചു സ്ഥലം വിട്ടു പോയിരുന്നു. ഇതിനു പിന്നിലും അധികാരികളുടെ കരങ്ങളുണ്ടെന്ന് ഗൂഢവാദക്കാർ പറയുന്നു. ഇത സത്യമാണോ അല്ലെങ്കിൽ ഏതെങ്കിലും ഭാവനാസമ്പന്നന്റെ തലയിൽ വിരിഞ്ഞ ആശയാണോയെന്ന് ഇപ്പോഴുമറിയില്ല. പക്ഷേ കോൺകോർഡിയയും അവിടെയെത്തിയ ലലാറും ഗൂഢവാദ സർക്കിളുകളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.

 

Content Summary : Golden UFO appears in Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com