ADVERTISEMENT

ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി. ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി. ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്. ഇതു ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായി മാറി. 

 

പേൾ ഹാ‍ർബർ ആക്രമണത്തിന്റെ 81–ാം വാ‍ർഷികമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. ഇന്നത്തെ പോലെയുള്ള അപ്രമാദിത്വം ഇല്ലായിരുന്നെങ്കിലും ശക്തമായ രാജ്യമായിരുന്നു അന്നും യുഎസ്. മികവുറ്റ ത്രിതല സൈന്യമുള്ള രാജ്യം. എന്നിട്ടും എന്തു കൊണ്ട് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചു. രണ്ടു നഗരങ്ങളുടെ നാശത്തിനു വഴിയൊരുക്കിയ ആണവ ബോംബ് ആക്രമണത്തിനുള്ള പ്രകോപനം എന്തുകൊണ്ട് സൃഷ്ടിച്ചു.

ഇതിനു വിവിധ കാരണങ്ങൾ പറയപ്പെടുന്നു. എന്നാൽ എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളുമായിരുന്നു ഇതിന്റെ പ്രധാനകാരണമെന്നാണ് ജപ്പാനിലെ ഇംപീരിയൽ വാ‍ർ മ്യൂസിയത്തിന്റെ പക്ഷം.

ഇരുപതാം നൂറ്റാണ്ടിൽ ഒരുപാട് സാമ്രാജ്യ മോഹങ്ങളുള്ള ഒരു രാജ്യമായിരുന്നു ജപ്പാൻ. തങ്ങളുടെ വ്യാവസായിക മേഖലയുടെയും സാമ്പത്തിക മേഖലയുടെയും ത്വരിത വികസനം ഇതു ലക്ഷ്യമിട്ട് അവർ ചെയ്തു. എന്നാൽ പ്രകൃതിവിഭവങ്ങളുടെയും ഇന്ധനങ്ങളുടെയും അഭാവം അവരെ ഉലച്ചിരുന്നു.രാജ്യത്തേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു അക്കാലത്ത് ജപ്പാൻ. ചൈനയുമായി ഇടയ്ക്ക് നടന്ന മഞ്ചൂറിയൻ യുദ്ധം കൂടുതൽ ഇന്ധന പ്രതിസന്ധിയിലേക്കു ജപ്പാനെ തള്ളിവിട്ടു.

 

ലോകരാഷ്ട്രീയത്തിൽ അധികം ഇടപെടാതെ നിന്ന യുഎസ് സജീവമായിത്തുടങ്ങിയ നാളുകൾ കൂടിയായിരുന്നു അത്. ആയിടയ്ക്ക് വിയറ്റ്നാമിൽ ജപ്പാൻ നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസ് അമേരിക്കയിലുള്ള ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവർക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വിൽക്കുന്നത് നിർത്തുകയും ചെയ്തു. ഇതിനെതിരെ യുഎസിനെ വിരട്ടാനും തങ്ങൾക്കെതിരെയുള്ള നടപടികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനുമായാണു ജപ്പാൻ യുഎസിനെ ആക്രമിച്ചതെന്ന് ഇംപീരിയൽ വാർ മ്യൂസിയം ചൂണ്ടിക്കാട്ടുന്നു. പസിഫിക് മേഖലയിൽ ഇതോടെ തങ്ങൾക്ക് ആധിപത്യം കൈവരുമെന്നും അവർ കരുതി. ഒരു ചൂതാട്ടമായിരുന്നു അത്. എന്നാൽ നീക്കം വിപരീത ഫലമാണ് ഉളവാക്കിയത്.

 

∙ശാപം കിട്ടിയ ദ്വീപിന്റെ കഥ

 

ശാപം കിട്ടിയ ദ്വീപായാണു ഹവായിയിലെ തദ്ദേശീയർ പേൾ ഹാർബറിനെ കരുതുന്നത്. ഇതിനു പിന്നിലൊരു കഥയുണ്ട്. സ്രാവുകളുടെ ദേവിയായ കാഹുപാഹുവിന്റെയും അവളുടെ സഹോദരൻ കഹിയുകയുടെയും കഥ.

പഴയകാലത്ത് പുലോവ എന്നായിരുന്നു പേൾ ഹാർബർ അറിയപ്പെട്ടിരുന്നത്.അക്കാലത്ത് പുലോവയ്ക്കു സമീപമുള്ള കടലിൽ വസിച്ചിരുന്ന സ്രാവുകളാണ് കാഹുപാഹുവും അവളുടെ കഹിയുകയും. നന്മയുള്ള സ്രാവുകളായ ഇവർ ജനങ്ങളെ മറ്റ് ആക്രമണകാരികളായ കടൽജന്തുക്കളിൽ നിന്നു സംരക്ഷിക്കുകയും മത്സ്യത്തൊഴിലാളികളെ സഹായിക്കുകയും ചെയ്തു. ഇത്തരത്തിൽ തങ്ങൾക്കു സംരക്ഷകരായിരുന്ന കാഹുപാഹുവിനെ സ്രാവുകളുടെ ദേവിയായി കണ്ട് നാട്ടുകാർ ആരാധിച്ചു പോന്നു. ഇതിനിടെ മറ്റൊരു സ്ഥലത്ത് നിന്ന് മികൊലോലു എന്നൊരു ഭീകരൻ സ്രാവ് തന്റെ കൂട്ടാളികളുമായി പുലോവയിലെത്തി. പുലോവയിലെ ആളുകളെ കൊന്നുതിന്നാനായിരുന്നു ആ വരവ്. എന്നാൽ ജനങ്ങളെ സംരക്ഷിച്ചുപോന്ന കാഹുപാഹു ഇതിനനുവദിച്ചില്ല. തുടർന്ന് കാഹുപാഹുവിന്റെ നേതൃത്വത്തിൽ നല്ല സ്രാവുകളും മികലോലുവിന്റെ നേതൃത്വത്തിലുള്ള നരഭോജി സ്രാവുകളും ചേരി തിരിഞ്ഞു യുദ്ധം ചെയ്തു. സ്രാവുകളുടെ യുദ്ധമെന്നാണ് ഈ യുദ്ധം ഹവായ്‌യിലെ ഐതിഹ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

 

ഏതായാലും യുദ്ധത്തിൽ മികലോലു തോറ്റു. പുലോവയിലെ ജനങ്ങളെ സംരക്ഷിച്ച് സ്രാവുകളുടെ ദേവിയായി കാഹുപാഹു തുടർന്നും ജീവിച്ചുപോന്നെന്നാണ് പേൾ ഹാർബറിലെ ആദിമജനതയുടെ വിശ്വാസം. എന്നാൽ 1902 ൽ അമേരിക്കൻ സർക്കാർ ഇവിടെ  ഹാർബറിന്റെ വീതി കൂട്ടാൻ തുടങ്ങി. നാട്ടുകാർ ഇതിനെ എതിർത്തു. കാഹുപാഹു അവിടെയാണു ജീവിക്കുന്നതെന്നും ഇങ്ങനെയോരോന്ന് കാട്ടുന്നത് ഇഷ്ടമാകില്ലെന്നും അവർ പറഞ്ഞു. എന്നാൽ യുഎസ് വികസനപ്രവർത്തനം തുടർന്നു. 1913ൽ പുതുതായി നിർമിച്ച ഹാർബർ പൊളിഞ്ഞു വീണു. കാഹുപാഹുവിന്റെ ശാപം നിമിത്തമാണ് ഇതു സംഭവിച്ചതെന്നാണ് തദ്ദേശീയർ അന്നു പറഞ്ഞത്. തീരത്തെ മുത്തുച്ചിപ്പികളുമായി കാഹുപാഹു ദ്വീപവാസികളെ ഉപേക്ഷിച്ചു പോയത്രേ.

Content summary : Why did Japan attack Pearl Harbor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com