വീണ്ടുമൊരു ചന്ദ്രയാത്രാക്കാലമാണ് മനുഷ്യരാശിയെ തേടിവരുന്നത്. അരനൂറ്റാണ്ടിനിപ്പുറം വീണ്ടും ചന്ദ്രനിലേക്ക് ആളെവിടാനുള്ള സന്നാഹം കൂട്ടിക്കൊണ്ടിരിക്കുകയാണ് നാസ. ആർട്ടിമിസ് ദൗത്യപരമ്പരയിലൂടെയാണ് വീണ്ടും മനുഷ്യൻ ചന്ദ്രനിലേക്കു പുറപ്പെടുന്നത്. ഇതിന്റെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വൻ വിജയമായിരുന്നു. മനുഷ്യയാത്രികരില്ലാതെ പുറപ്പെട്ട ഈ ദൗത്യത്തിന്റെ ഉദ്ദേശം ഭാവി മനുഷ്യയാത്രയ്ക്ക് എന്തെല്ലാം സന്നാഹങ്ങൾ വേണമെന്ന് വിലയിരുത്തലായിരുന്നു. 2025ൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചന്ദ്രദൗത്യമായ ആർട്ടിമിസ് 3 ചന്ദ്രന്റെ ഉപരിതലത്തിലെത്തുമെന്നും കരുതപ്പെടുന്നു. മറ്റൊരു ചാന്ദ്രയുഗത്തിലേക്കാണു നമ്മൾ പോകുന്നതെന്ന് സാരം.

അപ്പോളോ എന്ന പേരിലായിരുന്നു അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾ നടത്തിയത്. 1961ൽ ആദ്യമായി ചന്ദ്രനിൽ മനുഷ്യന്റെ കാൽസ്പർശം പതിഞ്ഞു. പിന്നീട് 1975 വരെ 17 അപ്പോളോ ദൗത്യങ്ങൾ. ഇവയിൽ 11 എണ്ണത്തിൽ യാത്രികരുണ്ടായിരുന്നു. ആറു തവണ ചന്ദ്രനിൽ ഇറങ്ങുകയും ചെയ്തു മനുഷ്യർ. ശീതയുദ്ധ കാലയളവിൽ ബഹികാകാശത്തെ ആദ്യ നേട്ടങ്ങൾ പലതും സോവിയറ്റ് യൂണിയൻ സ്വന്തമാക്കിയതിനാൽ അമേരിക്ക ഒന്നു പതുങ്ങിയ സമയമുണ്ടായിരുന്നു. എന്നാൽ ഈ തിളക്കക്കുറവെല്ലാം അപ്പോളോ ദൗത്യത്തിലൂടെ യുഎസ് മാറ്റി. സോവിയറ്റ് യൂണിയനെ ചിത്രത്തിലേ ഇല്ലാത്തവിധം നിഷ്പ്രഭരാക്കി അമേരിക്ക. അപ്പോളോയുടെ 20 ദൗത്യങ്ങൾ നടത്താൻ അമേരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നു.
എന്നാൽ ആദ്യത്തെ കുറച്ചു ദൗത്യങ്ങൾ കഴിഞ്ഞതോടെ ചന്ദ്രയാത്രയിലുള്ള താൽപര്യം അമേരിക്കൻ ജനതയ്ക്ക് കുറഞ്ഞുവന്നു. തങ്ങളുടെ മേധാവിത്വവും പൊങ്ങച്ചവും കാണിക്കാൻ അമേരിക്കൻ പൗരൻമാരുടെ നികുതിപ്പണം ധൂർത്തടിക്കുകയാണ് സർക്കാരെന്നു പോലും അഭിപ്രായങ്ങളുണ്ടായി.ഇതെത്തുടർന്ന് അപ്പോളോ 18, 19, 20 ദൗത്യങ്ങൾ നാസ റദ്ദാക്കി. എന്നാൽ കഥയവിടെ തീർന്നില്ലെന്നാണ് ചിലരുടെ വാദം. അമേരിക്ക രഹസ്യമായി അപ്പോളോ 20 ദൗത്യം നടത്തിയത്രേ. നാസയുടെ ഒരു ദുരൂഹ കണ്ടെത്തൽ അന്ന് ആ ദൗത്യത്തിലെ അംഗങ്ങൾ കണ്ടെന്നും അതിനാൽ തന്നെ ഈ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എക്കാലത്തേക്കും രഹസ്യമായി സൂക്ഷിക്കാൻ നാസ തീരുമാനിച്ചുവെന്നും വാദങ്ങളുയർന്നു.
2007ൽ ഇറ്റാലിയൻ ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ ലൂക്ക സ്കാന്റംബുർലോയും വില്യം റട്‌ലജ് എന്ന വ്യക്തിയുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് ഈ വിവാദത്തിനെ കുപ്പിയിൽ നിന്നു തുറന്നുവിട്ടത്. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലായിരുന്നു റട്‌ലജ് അക്കാലത്ത് താമസം. അമേരിക്കയിലെ പ്രശസ്ത കമ്പനിയായ ബെൽ ലബോറട്ടറീസിലും പിന്നെ യുഎസ് വ്യോമസേനയിലുമൊക്കെ ജോലി ചെയ്തിട്ടുള്ളയാളെന്ന രീതിയിലാണ് റട്‌ലജ് തന്നെ പരിചയപ്പെടുത്തിയത്. അപ്പോളോ 20 ദൗത്യത്തിൽ താൻ അംഗമായിരുന്നെന്നും അലക്സി ലിയോനോവ്, ലിയോണ സ്നൈഡർ എന്നീ യാത്രികർ കൂടി തനിക്കൊപ്പം ഉണ്ടായിരുന്നെന്നും റട്‌ലജ് അടിച്ചുവിട്ടു. ഇതു കൂടാതെ അന്നു തങ്ങൾ ചന്ദ്രനിലേക്കു പോയ ബഹിരാകാശ പേടകത്തിന്റേതെന്ന നിലയിൽ കുറേ ചിത്രങ്ങളും റട്‌ലജ് പുറത്തുവിട്ടു.

ഇതൊക്കെ പോകട്ടെ. ഇങ്ങനെയൊരു രഹസ്യ ദൗത്യമുണ്ടായിരുന്നുവെന്നും മറ്റും റട്‌ലജ് പറഞ്ഞത് ഒക്കെ ചെറുത്, വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോളോ 15 ദൗത്യത്തിന്റെ സമയത്ത്, അതിലെ യാത്രികർ ചന്ദ്രനിലിറങ്ങും മുൻപ് മുകളിൽ നിന്ന് ഒരു ചിത്രമെടുത്തു. ഈ ചിത്രത്തിൽ ചന്ദ്രനിലെ മണ്ണിൽ പുതഞ്ഞ നിലയിൽ ഒരു വസ്തു കിടന്നെന്ന് റട്‌ലജ് പറഞ്ഞു. ഈ വസ്തു ചന്ദ്രനിൽ കാണപ്പെട്ട സ്വാഭാവികമായ വസ്തുക്കളല്ലെന്ന് നാസയ്ക്ക് സംശയം തോന്നി. ഇതു പരിശോധിക്കാനായി അപ്പോളോ 16,17 ദൗത്യങ്ങളുടെ സമയത്ത് ധാരാളം ഉപഗ്രഹചിത്രങ്ങൾ നാസ എടുത്തെന്നും റട്ലജ് ഒരു അവകാശവാദം പോലെ പറഞ്ഞു.
ഇതെത്തുടർന്നായിരുന്നത്രേ റട്‌ലജിനെയും സംഘത്തെയും ചന്ദ്രനിലേക്കു വിട്ടത്.1976ൽ അപ്പോളോ 20 ദൗത്യം റട്‌ലജിനെയും സംഘത്തെയും വഹിച്ച് പറന്നുയർന്നു. താമസിയാതെ ചന്ദ്രനിലിറങ്ങിയ സംഘം ആ വസ്തുവിനടുത്തേക്കു ചെന്നു.
അതൊരു സാധാരണ വസ്തുവല്ലായിരുന്നു. 3 കിലോമീറ്റർ നീളവും അരക്കിലോമീറ്ററോളം വീതിയുമുള്ള ഒരു പടുകൂറ്റൻ ബഹിരാകാശപേടകമായിരുന്നു അത്. 15 ലക്ഷം വർഷമെങ്കിലും അതിനു പഴക്കം കാണുമെന്ന് റട്‌ലജ് പറയുന്നു. അതിനുള്ളിൽ ജീവന്റെ പല സൂചനകളുമുണ്ടായിരുന്നു. പേടകത്തിനുള്ളിൽ ത്രികോണാകൃതിയിലുള്ള കല്ലുകളുണ്ടായിരുന്നു. അതിൽ നിന്ന് ഔഷധ മൂല്യമുള്ള ഏതോ ദ്രാവകം ഊർന്നിറങ്ങുന്നുണ്ടായിരുന്നു. പേടകത്തിൽ പലയിടങ്ങളിലായി ഗ്ലാസ് കൊണ്ടു നിർമിച്ച ചേംബറുകളും പൈപ്പുകളുമൊക്കെ നിലനിന്നു. അതിനുള്ളിൽ നീളം കുറവുള്ള ഏതോ ജീവികൾ... മനുഷ്യരുമായി സാമ്യമുള്ള ഏതോ ജീവികളുടെ ശരീരങ്ങൾ.
അവർ കണ്ടെത്തിയ ഒരു പെൺ അന്യഗ്രഹജീവിക്ക് 1.65 മീറ്ററായിരുന്നു നീളമെന്ന് റട്‌ലജ് പറയുന്നു.അവരൊരു പൈലറ്റാണെന്നാണു സംഘാംഗങ്ങൾക്ക് തോന്നിയത്. മനുഷ്യരുമായി നല്ല സാമ്യം ആ സ്ത്രീക്കുണ്ടായിരുന്നു.
അവരുടെ ശരീരത്തിലെ കണ്ണുകളും മുടിയുമൊക്കെ നല്ല രീതിയിൽ ഇപ്പോഴുമുണ്ടായിരുന്നു. എന്നാൽ മൂക്കിൽ നിന്നും വായിൽ നിന്നുമൊക്കെ രക്തം പോലെയുള്ള ഏതോ വിചിത്ര ദ്രാവകം ഒഴുകുന്നുണ്ടായിരുന്നു. അവർ മരിച്ചതാണോ അതോ ജീവനുണ്ടായിട്ടും മരവിച്ച അവസ്ഥയിലാണോ എന്നു തീർച്ചപ്പെടുത്താൻ റട്‌ലജിനും സംഘത്തിനും കഴിഞ്ഞില്ല. അവർ അദ്ഭുതപ്പെട്ട് നോക്കി നിന്നു...കുറേനേരം.
ചന്ദ്രനിൽ 15 ലക്ഷം വർഷം പഴക്കമുള്ള ഒരു നഗരം കണ്ടെത്തിയെന്നും റട്‌ലജ് അവകാശപ്പെട്ടു. താമസിയാതെ അദ്ദേഹം യൂട്യൂബിൽ ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ അപ്പോളോ 20 ദൗത്യത്തിന്റേതെന്ന വ്യാജേന അപ്‌ലോഡ് ചെയ്തു. ഇതെല്ലാം വലിയ തരംഗം സമൂഹമാധ്യമങ്ങളിൽ താമസിയാതെ സൃഷ്ടിച്ചു. ഒരിക്കൽ ഭൂമിയിലേക്കു വന്ന അനുനാകികളുടെ ബഹിരാകാശപേടകമാണ് ചന്ദ്രനിൽ തകർന്നു കിടക്കുന്നതെന്നുൾപ്പെടെ ഗൂഢവാദങ്ങൾ ഇതെത്തുടർന്ന് പ്രചരിച്ചു. റട്‌ലജിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ പരിശോധിച്ച വിദഗ്ധർ സംഭവം സത്യമല്ലെന്ന് എഴുതിത്തള്ളി.എന്നാൽ ഇന്നും ചന്ദ്രനിൽ അജ്ഞാതപേടകം തകർന്നു കിടക്കുന്നുണ്ടെന്നും മറ്റും വിശ്വസിക്കുന്നവർ ഉണ്ടെന്നുള്ളതാണ് സത്യം.
Content Summary : Apollo 20 the secret Moon mission of NASA