ചൈനയുടെ ബലൂണിനെ യുഎസ് കുത്തിപ്പൊട്ടിച്ചു! ആകാശത്തെ ചാരൻമാർ

China Spy Balloon | (Photo - REUTERS/Randall Hill)
വെടിവച്ചതിനെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്കു പതിക്കുന്ന ചാര ബലൂൺ. (Photo - REUTERS/Randall Hill)
SHARE

ബലൂണെന്നാൽ കുട്ടികൾക്ക് വളരെ പ്രിയമാണ്. പല വർണത്തിലും വലുപ്പത്തിലും രൂപത്തിലുമൊക്കെയുള്ള ബലൂണുകൾ വിപണികളിലും ഉത്സവപ്പറമ്പുകളിലുമൊക്കെ സുലഭമായി ലഭിക്കും. വായുവിൽ അവ ഇങ്ങനെ പറക്കുന്നത് കാണാൻ തന്നെ എന്തു രസമാണ് അല്ലേ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യാന്തര രാഷ്ട്രീയം ഒരു ബലൂണിന്റെ പുറകെയാണ്. ഒരു നിരീക്ഷണ ബലൂൺ യുഎസിലെത്തി. വലിയ മിസൈൽ വിക്ഷേപണ കേന്ദ്രം ഒക്കെയുള്ള തന്ത്രപ്രധാന മേഖലയായ മൊണ്ടാന സംസ്ഥാനത്തിനു മുകളിലൂടെയാണ് അതു പറന്നത്. ഒരാഴ്ചയോളം അമേരിക്കൻ സമൂഹത്തെ പരിഭ്രാന്തിയിലാക്കിയ ബലൂൺ ഒടുവിൽ യുഎസ് സൈന്യം വെടിവച്ചിട്ടു.

ലോകരാഷ്ട്രീയത്തിൽ യുഎസിന്റെ പ്രധാന എതിർകക്ഷികളിലൊരാളായ ചൈനയാണ് ബലൂൺ വിട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനാണ് ആ ബലൂൺ ഉപയോഗിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്. തങ്ങളുടെ ബലൂൺ തകർത്ത യുഎസിനെതിരെ ചൈന ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ചാരബലൂൺ ആണ് സംഭവമെന്നാണ് യുഎസിലെ പല വിദഗ്ധരും പറയുന്നത്. ചാര ബലൂണുകളുടെ ഉപയോഗം വളരെക്കാലമായി ലോകത്തുണ്ട്. ബലൂണിൽ ഘടിപ്പിച്ച രീതിയിൽ താഴേക്കു കിടക്കുന്ന അത്യാധുനിക ക്യാമറ സംവിധാനം ഉപയോഗിച്ചാണ് ചാരബലൂണുകൾ ചിത്രമെടുക്കുന്നത്. പലപ്പോഴും ഇത്തരം ബലൂണുകൾ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് സ്വതന്ത്രമായാണു സഞ്ചരിക്കുന്നത്. ചിലപ്പോൾ ഇവയിൽ ഗതിനിയന്ത്രണ സംവിധാനങ്ങളുമുണ്ടാകും.

ഇന്നത്തെകാലത്ത് മിക്ക വൻശക്തികൾക്കും ബഹിരാകാശത്ത് ഉപഗ്രഹങ്ങളുണ്ട്. ചാരനിരീക്ഷണത്തിനായും ഇവ ഉപയോഗിക്കപ്പെടുന്നു. പിന്നെന്തുകൊണ്ടാണ് ചാര ബലൂണുകൾ ഉപയോഗിക്കുന്നത്.

ഉപഗ്രഹങ്ങളെക്കാൾ മിഴിവുറ്റതും വ്യക്തതയുള്ളതുമായ ചിത്രങ്ങളെടുക്കാൻ ബലൂണുകൾക്ക് കഴിവുണ്ടെന്നതാണു കാരണം. ഉപഗ്രഹങ്ങൾ ബഹിരാകാശത്താണുള്ളത്. എന്നാൽ ബലൂണുകൾ പൊതുവെ എൺപതിനായിരം മുതൽ ഒരു ലക്ഷം അടി മുകളിലാണു സ്ഥിതി ചെയ്യുന്നത്. ഉപഗ്രഹങ്ങൾ വളരെ വേഗത്തിൽ ഭൂമിയെ ഭ്രമണം ചെയ്യും. എന്നാൽ ബലൂണുകൾക്ക് ഈ വേഗമില്ലാത്തതിനാൽ മികച്ച ചിത്രങ്ങൾ അവ നൽകും.

China Spy Balloon | (Photo by Haley WALSH / AFP)
ചാരബലൂൺ വെടിവച്ചിട്ടതിനു പിന്നാലെ ആകാശത്തു പരന്ന വെളുത്ത പുക. (Photo by Haley WALSH / AFP)

ബലൂൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഇതാദ്യമായൊന്നുമല്ല. ചരിത്രമനുസരിച്ച് ഫ്രാൻസിലാണ് ചാരബലൂണുകൾ ആദ്യമായി നിയോഗിക്കപ്പെട്ടത്. 1794ലെ ഫ്രഞ്ച് വിപ്ലവ യുദ്ധ സമയത്ത് നിരീക്ഷണത്തിനായി ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ് എന്നിവർക്കെതിരെ ഫ്രാൻസ് നടത്തിയ ഫ്ലൂറസ് യുദ്ധത്തിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു.

അക്കാലത്ത് ഒരു ശക്തിയായി വളർന്നുകൊണ്ടിരുന്ന യുഎസ് ബലൂണുകളുടെ സാധ്യത തിരിച്ചറിഞ്ഞിരുന്നു. പിൽക്കാലത്ത് യുഎസ് ആഭ്യന്തര യുദ്ധസമയത്ത് ലിങ്കണിന്റെ നേതൃത്വത്തിലുള്ള യൂണിയൻ ആർമി കോൺഫഡറേറ്റ് പ്രദേശങ്ങളിലേക്ക് തങ്ങളുടെ ബലൂണുകൾ അയച്ചു. തഡിയൂസ് ലോവ് എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ ബലൂണുകൾ രൂപീകരിച്ചത്. 7 ബലൂണുകളുണ്ടായിരുന്നു.  ഇവ പ്രവർത്തിക്കാനാവശ്യമായ ഹൈഡ്രജൻ നിർമിക്കാനുള്ള ജനറേറ്ററുകളും ലോവ് തന്നെ നിർമിച്ചു. യൂണിയൻ ആർമിയുടെ ശത്രുക്കളായ കോൺഫഡറേറ്റ് സഖ്യം പതിനായിരം അടി പൊക്കത്തിൽ പറന്ന ഈ ബലൂണുകളെ വെടിവച്ചിടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. എന്നാൽ നടന്നില്ല. ഈ ബലൂണിനുള്ളിൽ ആളുകളുമായിരുന്നു. ഇവർ ടെലിഗ്രാഫും കൊടികളുമൊക്കെ ഉപയോഗിച്ചാണ് പരസ്പരം ആശയവിനിമയം നടത്തിയത്.

ഒന്നാം ലോകയുദ്ധ സമയത്ത് വ്യാപകമായി ബലൂണുകൾ ഉപയോഗിക്കപ്പെട്ടു. ബലൂണുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാവുന്ന വ്യോമസേനകൾ ശത്രുക്കളുടെ ബലൂണുകളെ നിഷ്കരുണം വെടിവച്ചിടാൻ തുടങ്ങി. 1200 മുതൽ 1800 മീറ്റർ വരെ പൊക്കത്തിലായിരുന്നു അന്ന് ബലൂണുകൾ പറന്നിരുന്നത്. മോട്ടോറുകൾ ഘടിപ്പിച്ച ബലൂണുകൾ എത്തിത്തുടങ്ങിയതും അന്നാണ്. രണ്ടാം ലോകയുദ്ധ സമയത്ത് ബാറേജ് ബലൂണുകൾ വികസിപ്പിക്കപ്പെട്ടു. ഒരു ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലുള്ള ബലൂണുകളായിരുന്നു ഇവ. ഈ ബലൂണുകളിൽ വിമാനവേധ തോക്കുകളുണ്ടായിരുന്നു. അതിനാൽ തന്നെ ഇത്തരം ബലൂണുകളുള്ള സ്ഥലങ്ങളിൽ വിമാനങ്ങൾ ഉയർന്നു പറന്നു. എന്നാൽ ഇത്തരം ബലൂണുകൾ പിന്നീട് ജർമനിയുടെ ഹൈ ആൾട്ടിറ്റ്യൂഡ് വിമാനങ്ങൾക്ക് ഇരയായിത്തുടങ്ങിയതോടെ അവ ഉപേക്ഷിക്കപ്പെട്ടു.

രണ്ടാംലോകയുദ്ധത്തിനു ശേഷം യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ ശീതയുദ്ധം തുടങ്ങി. സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാനായി യുഎസ് ഒരുക്കിയ ബലൂൺ പദ്ധതികൾ പ്രോജക്ട് മോബി ഡിക്, പ്രോജക്ട് ജനട്രിക്സ് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടു.

Content Summary : The US Air Force has shot down the Chinese spy balloon over the Atlantic Ocean

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS