ADVERTISEMENT

ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആർആർആർ എന്ന ബ്ലോക്ബസ്റ്റർ ചലച്ചിത്രത്തിലെ നാട്ട് നാട്ട് എന്ന പാട്ട്.ഇത്തവണത്തെ ഓസ്‌കറിൽ ഏറ്റവും മികച്ച ഒറിജിനൽ ഗാനം എന്ന വിഭാഗത്തിലാണ് നാട്ട് നാട്ടിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. നേരത്തെ ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരങ്ങളും ഈ ഗാനം പുരസ്‌കാരങ്ങൾ നേടിയിരുന്നു. ചടുലമായ സംഗീതം കൊണ്ടുമാത്രമല്ല, കമനീയമായ ദൃശ്യഭംഗി കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയതാണ് ഈ ഗാനം. രാംചരണും ജൂനിയർ എൻടിആറും തകർത്തു ചുവടുകൾ വയ്ക്കുന്ന ഈ ഗാനത്തിനു പിന്നിൽ വളരെ ചാരുതയാർന്ന ഒരു കൊട്ടാരവും കാണാം. ഈ കൊട്ടാരം സംബന്ധിച്ച് ഒരു കൗതുകമുണ്ട് കേട്ടോ.

 

ഈ കൊട്ടാരം ഇന്ത്യയിലെങ്ങുമല്ല. പിന്നെവിടെയാണ്? ഇപ്പോൾ യുദ്ധപ്രതിസന്ധിയിൽ വലയുന്ന യുക്രെയ്‌ന്റെ തലസ്ഥാനം കീവിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മാരിൻസ്‌കി പാലസ് എന്നാണ് ഇതിന്റെ പേര്.

ഇതു സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വെറുമൊരു കൊട്ടാരമല്ല മാരിൻസ്‌കി പാലസ്. യുക്രെയ്ൻ പ്രസിഡന്‌റിന്റെ ഔദ്യോഗിക വസതി കൂടിയാണിത്. അതായത് ഇപ്പോൾ വളരെ പ്രശസ്തനായ വൊളോഡിമിർ സെലിൻസ്‌കിയുടെ ഔദ്യോഗിക വസതി. യുക്രെയ്ൻ പാർലമെന്റ് കെട്ടിടം ഇതിനു തൊട്ടടുത്തായാണു സ്ഥിതി ചെയ്യുന്നത്. വെർഖോവ്‌ന റാഡ എന്നാണ് ഈ പാർലമെന്റ് അറിയപ്പെടുന്നത്.

 

യുക്രെയ്‌നിൽ റഷ്യ യുദ്ധം തുടങ്ങുന്നതിനു മുൻപ് 2021ൽ ആയിരുന്നു നാട്ടു നാട്ടിന്റെ ചിത്രീകരണം കൊട്ടാരത്തിൽ നടന്നത്. ഇവിടെ ഷൂട്ടിങ്ങിന് അനുമതി ലഭിക്കാൻ വലിയ പാടാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്‌കി മുൻപ് ഒരു നടനായിരുന്നത് കൊണ്ടാണ് തങ്ങൾക്ക് അവിടെ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചതെന്ന് 2021ൽ ഒരു ഇന്‌റർവ്യൂവിൽ ആർആർആറിന്റെ സംവിധായകൻ എസ്.എസ്. രാജമൗലി വെളിപ്പെടുത്തിയിരുന്നു.

കീവിലെ ഡിനിപ്രോ നദിയുടെ തീരത്തായാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1744ൽ റഷ്യൻ ചക്രവർത്തിനിയായ എലിസവേറ്റ പെട്രോവ്‌നയുടെ നിർദേശപ്രകാരമാണ് ഈ കൊട്ടാരം നിർമിക്കപ്പെട്ടത്. ബാർത്തലോമോ റാസ്‌ട്രെല്ലി എന്ന പ്രശസ്തനായ ആർക്കിടെക്റ്റ് രൂപകൽപന നിർവഹിച്ചു. 1752ൽ മാരിൻസ്‌കി പാലസ് പൂർത്തീകരിച്ചു. റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയായ കാതറീൻ റാണിയുൾപ്പെടെ ഇവിടെ താമസിച്ചിട്ടുണ്ട്.

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ കൊട്ടാരത്തിൽ തീപിടിത്തമുണ്ടാകുകയും കുറേയേറെ ഭാഗങ്ങൾ കത്തിനശിക്കുകയും ചെയ്തു. 1870ൽ റഷ്യൻ ചക്രവർത്തിയായ അലക്‌സാണ്ടർ രണ്ടാമൻ ഇതു പുനർനിർമിച്ചു. രണ്ടാം ലോകയുദ്ധ സമയത്തും കൊട്ടാരത്തിന് വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു.

 

 

Content Summary :  Naatu Naatu in RRR shot at Ukranian President Zelenskyy’s official residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com