ലോകാവസാനം കഴിഞ്ഞാലും ഈ ജീവി ബാക്കിയാകും: ബഹിരാകാശത്തു വരെ പോയ അദ്ഭുതജീവി

Tardigrade
Photo Credits: Shutterstock
SHARE

പൊള്ളുന്ന ചൂടിലും, തുളച്ചുകയറുന്ന ആണവവികിരണങ്ങളിലും, കൊടും തണുപ്പിലുംജീവിക്കാൻ  കഴിയുന്ന ഭൂമിയിലെ ഏറ്റവും ‘റഫ് ആൻഡ് ടഫ്’ ജീവിയാണ് ടാർഡിഗ്രേഡ്.എട്ടുകാലുകൾ, ഓരോ കാലുകളിലും ഈരണ്ടു കൈകൾ, നല്ല തടിച്ചുകുറുകിയ ശരീരം, ചില സ്പോർട്സ് ബൈക്കുകളുടെ ഹെഡ്ലൈറ്റ് പോലെയുള്ള തല.മൊത്തത്തിൽ ഒരു കരടിയോടു സാമ്യം തോന്നുന്ന രൂപം എന്നിവയുള്ള വ്യത്യസ്തനായ ജീവിയാണ് ടാർഡിഗ്രേഡ്.ആയിരക്കണക്കിനു തരത്തിലുള്ള ടാർഡിഗ്രേഡുകളുണ്ടത്രേ.വാട്ടർ ബെയർ, മോസ് പിഗ്ലെറ്റ് എന്നീ ചെല്ലപ്പേരുകളിലും ടാർഡി അറിയപ്പെടുന്നു. ഇത്തിരി കുഞ്ഞൻമാരാണ് ഈ ജീവികൾ. കൂടിപ്പോയാൽ ഒരു മില്ലിമീറ്റർ, ഇതാണ് ഇവയുടെ നീളം. ആശാനെ ശരിക്കൊന്നു കാണാൻ മൈക്രോസ്കോപ് വേണം.പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചുവളരുന്ന പച്ചപ്പായലുകളിൽ, തടാകങ്ങളുടെ അടിത്തട്ടിൽ, കുളങ്ങളിൽ, മണ്ണിൽ, മഞ്ഞുമൂടിയ ഹിമാലയത്തിൽ,കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ...ചുരുക്കം പറഞ്ഞാൽ എല്ലായിടത്തും ടാർഡിയുണ്ട്.അൽപം നനവുള്ള പ്രദേശങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം.

പായലിൽ നിന്നും സസ്യങ്ങളിൽ നിന്നുമുള്ള ജ്യൂസ് കുടിക്കുന്ന വെജിറ്റേറിയൻ ടാർഡിഗ്രേഡുകൾ ഒട്ടേറെയുണ്ട്. ചില നോൺവെജ് ടാർഡികളുടെ പ്രധാനഭക്ഷണം ബാക്ടീരിയയാണ്. ഇനി മറ്റു ചില ഭീകരൻമാരും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ ഭക്ഷണം എന്താണെന്നോ?.മറ്റുള്ള ടാർഡിഗ്രേഡുകൾ. ആണവസ്ഫോടനം, ഛിന്നഗ്രഹ ആക്രമണം, വരൾച്ച.....ലോകാവസാനം സംഭവിച്ചാൽ പോലും, ടാർഡിയുടെ രൂപത്തിൽ ഭൂമിയിൽ ജീവൻ ബാക്കിയാകുമെന്നു വിദഗ്ധർ പറയുന്നു. വിഷവസ്തുക്കൾ, വെട്ടിത്തിളയ്ക്കുന്ന വെള്ളം ഇവയെയൊക്കെ പ്രതിരോധിക്കാൻ ടാർഡിക്കു പറ്റും.

 Water Bear

ജീവിവർഗങ്ങളിൽ ഭൂരിപക്ഷവും  വെള്ളം കിട്ടാതായാൽ ചത്തൊടുങ്ങും. എന്നാൽ ടാർഡിയുടെ കൈയ്യിൽ ‘ക്രിപ്റ്റോബയോസിസ്’ എന്നൊരു വിദ്യയുണ്ട്. വെള്ളം കിട്ടില്ലെന്നുറപ്പായാൽ എട്ടുകാലുകളും മടക്കി ശരീരത്തിലേക്കു ചേർത്തു പന്തുപോലെയാകും. എന്നിട്ടു സമാധി അവസ്ഥയിൽ ഒറ്റക്കിടപ്പ്. ഈ ടാർഡിപ്പന്തിനുള്ളിൽ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ ടാർഡിയെ സംരക്ഷിക്കും. പിന്നീട് വെള്ളം കിട്ടുന്ന അവസ്ഥ വന്നാൽ ടാർഡി ഈ അവസ്ഥ വിട്ടു പഴയരൂപത്തിലേക്കു വരും.

2007ൽ യൂറോപ്യൻ സ്പെയ്സ് ഏജൻസി വിട്ട ഫോട്ടോൺ എം3 ദൗത്യത്തിൽ കുറച്ചു ടാർഡിഗ്രേഡുകളെ അയച്ചിരുന്നു.10 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷം ദൗത്യം തിരികെയെത്തി. പന്തുരൂപത്തിൽ കിടന്ന ടാർഡിഗ്രേഡുകളെ ശാസ്ത്രജ്ഞൻമാർ വെള്ളം തളിപ്പിച്ചെഴുന്നേൽപ്പിച്ചു. സൂര്യനിൽ നിന്നുള്ള കടുത്ത അൾട്രാവയലറ്റ് കിരണങ്ങളുൾപ്പെടെ കടുത്ത പ്രതിബന്ധങ്ങളൊന്നും ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കി, ടാർഡിഗ്രേഡുകൾ സ്മാർട്ടായി എഴുന്നേറ്റു നടന്നു.

ആളിനെക്കാണാൻ മൈക്രോസ്കോപ്പൊക്കെ വേണമെങ്കിലും ആരാധകരുടെ എണ്ണം ധാരാളമുണ്ട് ടാർഡിഗ്രേഡിന്. ടാർഡിക്കു വേണ്ടി ഓൺലൈൻഗ്രൂപ്പുകളും ബ്ലോഗുകളുമൊക്കെ ഒട്ടേറെ.ടാർഡിക്കു വേണ്ടി ആരാധകർ വരച്ച ചിത്രങ്ങൾ, ടാർഡിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ എന്നിവയൊക്കെയുണ്ട്. പ്രശസ്ത സയൻസ് ഫിക്ഷൻ ടിവി പരമ്പരയായ സ്റ്റാർട്രെക്കിലും ടാർഡിയുണ്ട്. ചില പരീക്ഷണങ്ങൾ പാളിപ്പോയതിനാൽ അസാമാന്യമായി വലുപ്പം വച്ച ‘റിപ്പർ’ എന്ന ഈ ഭീകരൻ ടാർഡിഗ്രേഡ് മനുഷ്യരെ വെറുതെ വിടാത്ത ഒരു വില്ലനായിട്ടാണു പരമ്പരയിൽ. എന്നാൽ യാഥാർഥ ടാർഡിഗ്രേഡ് മനുഷ്യർക്കൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത ഒരു നിഷ്കളങ്കനാണെന്നതാണു സത്യം.

∙കൂട്ടുകാർക്ക് ടാർഡിയെ കാണണോ?

ദാ ഇതുപോലെ ഒന്നു ചെയ്തു നോക്കൂ. അധ്യാപകരുടെ മേൽനോട്ടത്തിൽ ചെയ്താൽ മതി കേട്ടോ.

1.മതിലിലോ പാറക്കെട്ടിലോ ഉള്ള നനവുള്ള പായൽ അൽപം മുറിച്ചെടുക്കുക

2. ഇത് ഒരു പെട്രിഡിഷിൽ വച്ചതിനുശേഷം കുതിരുന്ന രീതിയിൽ (ഒരു സെന്റിമീറ്റർ പൊക്കത്തിൽ) വെള്ളമൊഴിക്കുക.

3. ഒരു പെട്രിഡിഷിലേക്ക് കുതിർന്ന പായലിൽ നിന്നുള്ള വെള്ളം ഇറ്റിക്കുക

4. പെട്രിഡിഷ് മൈക്രോസ്കോപ്പിനു താഴെ വച്ച് ഫോക്കസ് ചെയ്തുനോക്കൂ.എട്ടുകാലുകളുമായി പയ്യെ പയ്യെ പോകുന്ന ഒരു ജീവിയെ കണ്ടോ..അവനാണു ടാർഡി.

കണ്ടെത്തിയില്ലെങ്കിൽ വേറെ എവിടെ നിന്നെങ്കിലും പായൽ ശേഖരിച്ചു വീണ്ടും ശ്രമിക്കാം. 

Content Summary : Amazing facts about Tardigrade 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS