ന്യൂയോർക്കിൽ കടുത്ത പുക മൂടിയിരിക്കുകയാണ്. ചില സിനിമകളിലൊക്കെ കാണുന്നതു പോലെയുള്ള കടുത്ത പുക നഗരത്തിൽ മൂടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ വിചിത്രമായൊരു ആകാശക്കാഴ്ച ഉടലെടുത്തിരുന്നു. കടുംചുവപ്പ് നിറത്തിലാണ് അന്ന് നഗരത്തിലെ മാനത്ത് സൂര്യൻ ഉദിച്ചത്. എന്തിനും ഏതിനും ഗൂഢവാദം പറയുന്ന ധാരാളം പേരുള്ള രാജ്യമാണ് അമേരിക്ക.
ഈ പുതിയ പുക പ്രതിഭാസത്തിനും വിചിത്രമായ കാരണങ്ങളുമായി വന്നിരിക്കുകയാണ് പലരും. ഇതിൽ അന്യഗ്രഹജീവികൾ മുതൽ ലേസറുകൾ വരെയുണ്ട്. കാനഡയിലെ ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, സസ്‌കാച്ചവൻ എന്നീ പ്രവിശ്യകളിൽ സംഭവിച്ച അൻപതോളം കാട്ടുതീകളിൽ നിന്നുള്ള പുകയാണ് ന്യൂയോർക്കിനെയും മറ്റു ചില യുഎസ് മേഖലകളെയും മൂടിയത്. 20 ലക്ഷം ഏക്കറിൽ കൂടുതൽ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് വിലയിരുത്തൽ. പതിനായിരക്കണക്കിന് ആളുകളെ വീടൊഴിപ്പിക്കുന്നതിനും ഇതു കാരണമായി.

ഇത്തരത്തിൽ ശക്തമായി കത്തിക്കൊണ്ടിരിക്കുന്ന തീയിൽ നിന്നുള്ള പുകപടലങ്ങൾ ആകാശത്തു നിറയുകയും ഇവ കാറ്റിൽപെട്ട് രണ്ടായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് യുഎസിൽ എത്തുകയും ചെയ്തു. ഇവ ചെറിയ തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ ചിതറിക്കുകയും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്മികൾ ആകാശത്തു കൂടുതൽ മിഴിവോടെ കാണാൻ അവസരമൊരുക്കുകയും ചെയ്തു. ഇതാണ് ചുവന്ന നിറത്തിലുള്ള സൂര്യനു വഴിവച്ചത്.പതിവിൽ നിന്നു വിപരീതമായി കടുത്തനിലയിൽ വരണ്ട വസന്തകാലവും തീവ്രമായ താപതരംഗങ്ങളുമാണ് കാനഡയിൽ ഇത്രയധികം കാട്ടുതീകൾക്ക് വഴിവച്ചതെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ അന്യഗ്രഹജീവികളാണ് കാനഡയിൽ കാട്ടുതീക്ക് വഴിവച്ചതെന്ന് ചെറിയൊരു വിഭാഗം ആളുകൾ പറയുന്നു. ഇവരിത് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നുമുണ്ട്. ഭൂമിയിലേക്ക് വന്ന അന്യഗ്രഹപേടകങ്ങളെന്തോ കാട്ടിൽ തകർന്നുവീണതിൽ നിന്നുള്ള തീയാണ് കാട്ടുതീക്ക് കാരണമായതെന്നും അതല്ല അന്യഗ്രഹജീവികളുടെ സന്ദർശനം മറ്റാരും കാണാതെയിരിക്കാനായി ന്യൂയോർക്കിലുൾപ്പെടെ പുകമറ സൃഷ്ടിക്കുകയാണെന്നുമൊക്കെയാണ് പ്രചരിക്കുന്ന ചില വിചിത്രവാദങ്ങൾ. ഇതു കൂടാതെ വളരെ ശക്തിയുള്ള ലേസറുകളോ മറ്റ് ആയുധങ്ങളോ ആണ് പുക സൃഷ്ടിച്ചതെന്നതുൾപ്പെടെയുളള പ്രചാരണങ്ങളും ധാരാളമായി ഉയരുന്നുണ്ട്.
Content Summary : New York's smoke filled air- Cause