ADVERTISEMENT

അവിചാരിതമായ നേരത്ത് ആർത്തിരമ്പിയെത്തുന്ന രാക്ഷസത്തിരകൾ. പിന്നീട് ആഞ്ഞടിക്കുന്ന ജലപ്രവാഹം. ലോകത്തെ വിവിധങ്ങളായ രാജ്യങ്ങളിലെ വിസ്തൃതമായ തീരപ്രദേശങ്ങളെ എന്നും ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്നതാണ് സൂനാമികളുടെ ആക്രമണം. മനുഷ്യരാശിയോളം നീണ്ട ചരിത്രമുള്ളവയാണ് സൂനാമികൾ. ഇക്കൂട്ടത്തിൽ ഏറെ സവിശേഷതകളുള്ളതാണ് ബിസി 479ലെ പൊറ്റിഡേയ ഭൂചലനവും സൂനാമിയും. ലോകചരിത്രത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സൂനാമിയാണ് ഇത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിനും ഇതു സ്ഥാനം വഹിച്ചു.

 

ഭൗമപ്ലേറ്റുകളുടെ സവിശേഷമായ വിന്യാസം മൂലം എപ്പോഴും ഭൂചലന സാധ്യത നിലനിൽക്കുന്ന കടൽപ്രദേശമാണ് യൂറോപ്പിലെ ഏഗൻ കടൽ. ഗ്രീസുമായി തീരം പങ്കിടുന്ന കടൽ ഉൾപ്പെടെ ഏഗൻ മേഖലയിലായിരുന്നു. സങ്കീർണമായ ഭൗമ പ്ലേറ്റ് ഘടനളുള്ളതിനാൽ ഭൂചലനങ്ങൾക്കും സൂനാമികൾക്കും ഗ്രീസിൽ സാധ്യതയുണ്ടായിരുന്നു 90 ബിസി കാലം മുതൽ  ഗ്രീക്ക് മേഖലകളെ അധിനിവേശത്തിലാക്കാൻ പുരാതന പേർഷ്യൻ സാമ്രാജ്യം ശ്രമിച്ചു. പേർഷ്യയിലെ ഏറ്റവും പ്രശസ്ത ചക്രവർത്തിയായ ഡാരിയസ് ഒന്നാമൻ, ബിസി 490ൽ ഗ്രീസിലേക്ക് യുദ്ധം നടത്തിയെങ്കിലും രണ്ടുവർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടു. ഡാരിയസിനു ശേഷം വന്ന അദ്ദേഹത്തിന്റെ പുത്രനായ സെർസെസും ഗ്രീക്ക് മണ്ണിന്റെ നിയന്ത്രണം ആഗ്രഹിച്ചു. ഇതെത്തുടർന്ന് പേ‍ർഷ്യയുടെ രണ്ടാം ഗ്രീക്ക് അധിനിവേശം തുടങ്ങി.

 

സെർസെക്സിന്റെ അനുയായിയും പേർഷ്യൻ പടയിലെ ജനറലുമായ അർട്ടബാസസാണ് പൊറ്റിഡേയ പിടിച്ചടക്കാൻ ശ്രമം തുടങ്ങിയത്. അറുപതിനായിരത്തോളം പടയാളികളുമായി അദ്ദേഹം പൊറ്റിഡേയ പിടിച്ചടക്കാൻ നോക്കി. ഗ്രീക്ക് ജനതയായ കൊറിന്ത്യൻമാരുടെ ഒരു കോളനിയായിരുന്നു ഏഗൻ കടലിലെ ഉപദ്വീപായ പൊറ്റിഡേയയിൽ താമസിച്ചിരുന്നത്. പേർഷ്യക്കാരുടെ വൻപട ദ്വീപിനെ വളയുകയും അതു പിടിച്ചടക്കാൻ ശ്രമിക്കുകയും ചെയ്തു. 3 മാസത്തോളം പേർഷ്യൻ നാവികർ പൊറ്റിഡേയ കൈയാളാനുള്ള ശ്രമം തുടർന്നു വന്നു. ഉപദ്വീപിന്റെ പ്രതിരോധം നാൾക്കുനാൾ ശിഥിലമായി വരികയും പൊറ്റിഡേയ കീഴടങ്ങുമെന്ന സൂചനകൾ നൽകുകയും ചെയ്തു.

 

എന്നാൽ ഇതിനിടെ ഒരു സംഭവമുണ്ടായി. കടൽ പിന്നോട്ടു വലിഞ്ഞു. വിസ്തൃതമായ തീരപ്രദേശം ദൃശ്യമായി. വെള്ളം പിൻവലിഞ്ഞത് മുതലെടുത്ത് പൊറ്റിഡേയയിലേക്ക് ആക്രമണം നടത്താനായി പേർഷ്യൻ നാവികർ വീര്യത്തോടെ ചാടിയിറങ്ങി. എന്നാൽ പിൻവലിഞ്ഞ വെള്ളം രാക്ഷസത്തിരകളായി ആർത്തലച്ച് പൊറ്റിഡേയയിലേക്ക് ആക്രമണം നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പേർഷ്യൻ നാവികസേനയ്ക്ക് വലിയ നാശനഷ്ടം ഇതുവഴി പറ്റി. ഒട്ടേറെ കപ്പലുകൾ മുങ്ങുകയും നൂറുകണക്കിനു സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിൽ ആകെ വിറങ്ങലിച്ച അവർ പൊറ്റിഡേയ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തിരികെപ്പോകുകയാണുണ്ടായത്.

 

ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസാണ് ഈ ആക്രമണത്തെപ്പറ്റിയും സൂനാമിയെപ്പറ്റിയും തന്റെ ചരിത്രരേഖകളിൽ പറയുന്നത്. സൂനാമിക്കു മുന്നോടായിയായി സാധാരണഗതിയിൽ ഭൂചലനമുണ്ടാകാറുണ്ട്. എന്നാൽ ഇത്തരമൊരു ഭൂചലനത്തെപ്പറ്റി ഹെറോഡോട്ടസ് എവിടെയും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. ഗ്രീക്ക് സമുദ്രദേവനായ പൊസീഡോണിന്റെ കോപമാണ് സൂനാമിക്ക് ഇടയാക്കിയതെന്നും ഹെറോഡോട്ടസ് എഴുതിയിരുന്നു.

ഗ്രീക്ക് രാജ്യങ്ങളിൽ പെടുന്ന മാസിഡോണിയയിൽ റിക്ടർ സ്കെയിലിൽ 7 തീവ്രത അടയാളപ്പെടുത്തിയ ഒരു ഭൂചലനം നടന്നിരുന്നെന്നും അതാണ് പൊറ്റിഡേയയിൽ സൂനാമിക്കു വഴിവച്ചതെന്നും മേഖലയിൽ ഗവേഷണം നടത്തിയ ജർമൻ സർവകലാശാലയായ ആച്ചനിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.

 

Content Highlight  Potidea tsunami | Persian invasion Greece | Earthquake Aegean Sea | Herodotus historical records | Greek sea god Poseidon tsunami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT