ADVERTISEMENT

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലേക്ക് ഒരു യാത്രയിലാണ്. ചന്ദ്രന്റെ ആകർഷണമേഖലയിൽ ഇതിനിടെ തന്നെ ഉൾപ്പെട്ട ദൗത്യം ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ. ഇങ്ങനെ സംഭവിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ആദ്യമിറങ്ങുന്ന ലാൻഡർ ദൗത്യമായി ചന്ദ്രയാൻ 3 മാറും. പുതിയ ദൗത്യത്തിൽ ഉപഗ്രഹം അഥവാ ഓര്ബിറ്റർ ഇല്ല. ലാൻഡർ, റോവർ ഭാഗങ്ങൾ മാത്രമാണ് ഉള്ളത്. കൃത്യമായി പറഞ്ഞാൽ ചന്ദ്രനിൽ ലാൻഡിങ് നടത്തുകയെന്നതാണ് ചന്ദ്രയാൻ മൂന്നാം ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO
ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO

മുൻദൗത്യത്തിലെ ലാൻഡറിനു ധാരാളം പരിഷ്‌കാരങ്ങൾ ഇസ്റോ ഇതിനിടെ വരുത്തിയിട്ടുണ്ട്. സോഫ്റ്റ്വെയർ പരിഷ്‌കാരങ്ങൾ, ലാൻഡറിന്റെ കാലുകൾ ശക്തിപ്പെടുത്തൽ തുടങ്ങിയവ ഇതിൽപെടും. എന്നാൽ ഇതിനിടെ മറ്റൊരു ദൗത്യം കൂടി കയറിവന്നിരിക്കുന്നു.  റഷ്യ  കഴിഞ്ഞ ദിവസം വിക്ഷേപിച്ച ലൂണ 25 എന്ന ദൗത്യമാണത്.  ഏകദേശം അരനൂറ്റാണ്ടിനു ശേഷം റഷ്യ തയാർ ചെയ്ത ലാൻഡർ ദൗത്യമെന്ന പ്രത്യേകതയും ലൂണ 25ന് ഉണ്ട്. 12 ദിവസം എടുത്താണ് ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര ലൂണ 25 പൂർത്തിയാക്കുന്നത്. അതിനാൽ തന്നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുന്ന ദൗത്യം ചന്ദ്രയാനാണോ അതോ ലൂണ ആണോയെന്ന ആകാംഷയിലാണ് ശാസ്ത്രലോകം.

രഹസ്യങ്ങളുടെ ദക്ഷിണധ്രുവം 
എവിടെയാണ് ചന്ദ്രയാൻ 3 ലാൻഡ് ചെയ്യാൻ പോകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്കടുത്ത് 69.37, 32.35 മേഖലയിലാണു ലാൻഡിങ് പ്രതീക്ഷിക്കപ്പെടുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിലെ ലാൻഡർ ലാൻഡിങ്ങിനു ശ്രമിച്ച മേഖലയിൽ നിന്നു 100 കിലോമീറ്റർ അകലെയായാണ് ഇത്. പൊക്കമുള്ള, പാറകൾ നിറഞ്ഞ മേഖലയാണിത്. മാൻസിനസ് സി, സിംപേലിയസ് എൻ എന്ന പടുകുഴികൾക്കിടയിലായായിരുന്നു ചന്ദ്രയാൻ 2 വിന്റെ ലാൻഡിങ് സൈറ്റ്.ചന്ദ്രയാൻ 2 ലെ ലാൻഡറായ വിക്രം തെന്നിത്തെന്നിയിറങ്ങുന്ന സോഫ്റ്റ്ലാൻഡിങ്ങിനു പരീക്ഷിച്ചു പരാജയപ്പെട്ട ശേഷം യുഎസിന്റെ ലൂണർ റിക്കണൈസൻസ് ഓർബിറ്റർ ഉപഗ്രഹം ഈ മേഖലയുടെ ചിത്രങ്ങൾ പകർത്തിയിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ഇവിടെ ഐസ് രൂപത്തിൽ വലിയ ജലനിക്ഷേപമുണ്ട്. അതുപോലെ തന്നെ ഇവിടുള്ള പടുകുഴികളിൽ പലതിലും സൂര്യപ്രകാശമെത്താറില്ല. പ്രാചീനകാല സൗരയൂഥത്തെക്കുറിച്ചുള്ള തെളിവുകൾ ഇവയിൽ മറഞ്ഞുകിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്റ്റ്കിൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണു സ്ഥിതി ചെയ്യുന്നത്.

Content Highlight - Chandrayaan 3 mission | Moon's South Pole | Lander mission | Luna 25 mission | Water ice on the Moon's South Pole | Wonder World | Padhippura | Chandrayaan 3 in Malyalam | Mnaorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT