ADVERTISEMENT

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്  ബോംബെയിൽ നടന്ന നാവിക സമരം. 1946 ഫെബ്രുവരി 18നു തുടങ്ങി 5 ദിവസം നീണ്ടുനിന്ന ഈ സമരം ഇന്ത്യയിലെ ബ്രിട്ടിഷ് രാജിന്റെ ഘടനയെ ആഴത്തിൽ പിടിച്ചുലച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ നേവി 10 മടങ്ങു വലുതായി മാറിയിരുന്നു. അക്കാലത്ത് ഇന്ത്യൻ നാവികർക്കിടയിൽ ശക്തമായ ദേശീയവികാരം ഉയർന്നുവന്നിരുന്നു. ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച അവർ ഗ്രീസ്, ഇറ്റലി, ബർമ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ അച്ചുതണ്ട് ശക്തികളിൽ നിന്നു മോചിപ്പിച്ചിരുന്നു. ഇതെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യമെന്ന വികാരം നാവികരിൽ നിറച്ചു.

 

റോയൽ ഇന്ത്യൻ നേവിയിൽ വലിയ അസമത്വവും നിലനിന്നിരുന്നു. ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്ക് സമാനറാങ്കിലുള്ള ഇന്ത്യക്കാരെ അപേക്ഷിച്ച് 5 മുതൽ 10 മടങ്ങായിരുന്നു ശമ്പളം. ഇന്ത്യക്കാരെ അപേക്ഷിച്ച് മികച്ച ക്വാർട്ടേഴ്‌സ്, യൂണിഫോം, ഭക്ഷണം തുടങ്ങി പല സൗകര്യങ്ങളും നേവിയിലെ ബ്രിട്ടിഷുകാർക്കുണ്ടായിരുന്നു. രണ്ടാംലോകയുദ്ധം അവസാനിച്ചതിനാൽ തൊഴിൽ നഷ്ടമാകുമോയെന്ന ഭയവും ഇന്ത്യൻ നാവികരെ അലട്ടി. അതോടൊപ്പം തന്നെ തീർത്തും സൗകര്യങ്ങളില്ലാത്ത ബാരക്കുകളും നിലവാരമില്ലാത്ത ഭക്ഷണവും ഇന്ത്യക്കാരുടെ മനസ്സുമടുപ്പിച്ചു. ഇന്ത്യൻ മെസ്സോ കാന്റീനോ ഒക്കെ ഉപയോഗിക്കാൻ ബ്രിട്ടിഷ് നാവികർക്ക് എപ്പോൾ വേണമെങ്കിലും കഴിയുമായിരുന്നു. എന്നാൽ തിരിച്ച് അത് സാധ്യമല്ലായിരുന്നു. അർഹമായ മെഡലുകളും മറ്റു ബഹുമതികളും ഇന്ത്യൻ സൈനികർക്ക് വളരെ ശുഷ്‌കമായാണ് ലഭിച്ചത്. ഇന്ത്യക്കാരോട് വളരെ അഹങ്കാരം നിറഞ്ഞ പെരുമാറ്റമാണ് പല ബ്രിട്ടിഷുകാരും പുലർത്തിയത്.

 

അതോടൊപ്പം തന്നെ കോളനിശക്തികൾക്കെതിരെ വലിയ പ്രതിഷേധവും ഇന്ത്യൻ നാവികരിൽ നിറഞ്ഞു. അന്നത്തെ റോയൽ ഇന്ത്യൻ നേവിയുടെ പരിശീലനക്കപ്പലായിരുന്നു എച്ച്എംഎസ് തൽവാർ. അതിലാണ് ആദ്യമായി സമരം തുടങ്ങിയത്. ബോംബെ ഹാർബറിൽ കിടന്ന തൽവാറിലെ നാവികർ  നിരാഹാര സത്യഗ്രഹത്തിലേക്കു പോയി. താമസിയാതെ 22 കപ്പലുകളിൽകൂടി സമരം പടർന്നു. ഇന്ത്യൻ നാഷനൽ ആർമിയിലെ അംഗങ്ങളായ തടവുകാരെ വിട്ടയയ്ക്കുക, വിയറ്റ്‌നാമിലും ഇന്തൊനീഷ്യയിലും നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ തിരിച്ചുവിളിക്കുക. തുല്യതയാർന്ന പെരുമാറ്റവും വേതനവും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാവികർക്കുണ്ടായിരുന്നത്.ഫെബ്രുവരി 22 ആയതോടെ ഇന്ത്യയിലെ എല്ലാ് നേവൽ ബേസുകളിലേക്കും വിപ്ലവം പടർന്നു. 78 കപ്പലുകളിൽ നിന്നായി 20000 നാവികർ നാവികസമരത്തിന്റെ ഭാഗമായി. ബ്രിട്ടന്റെ ഇന്ത്യയിലെ നിലനിൽപ്പിനെ തന്നെ പിടിച്ചുലച്ച ഒന്നായി നാവിക സമരം മാറി. 

 

Content Highlight -  Naval strike ​| Indian freedom struggle | British Raj | Second World War | Indian National Army  | The naval strike of 1946

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT