ADVERTISEMENT

ആറരക്കോടി വർഷങ്ങൾക്കു മുൻപ് വരെ ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്ന ജീവികളാണ് ദിനോസറുകൾ. എന്നാൽ ഇവ താമസിയാതെ വംശനാശപ്പെട്ട് ഭൂമിയിൽ നിന്ന് ഒഴിഞ്ഞു. ഭൂമിയിലേക്ക് വന്ന് ആഞ്ഞുപതിച്ച ഒരു ഛിന്നഗ്രഹം ഉയർത്തിയ പരിസ്ഥിതി മാറ്റങ്ങളായിരുന്നു ഇതിനു കാരണം. ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നാണ് ഈ ഛിന്നഗ്രഹം എത്തിയതെന്ന് കരുതപ്പെടുന്നു. പ്രത്യേകതരം രാസഘടനയുള്ളതിനാൽ ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. 

 

ഇതിലൊന്നാണ് ഭൂമിയിൽ പതിച്ച് ദിനോസർ യുഗത്തിന് അന്ത്യമേകിയത്. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുണ്ട് എന്നാൽ 2021ൽ ഹാർവഡ് സർവകലാശാല നടത്തിയ പഠനങ്ങൾ മറഞ്ഞിരുന്ന ഒരു പങ്കാളിയിലേക്കു കൂടി വിരൽ ചൂണ്ടി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപ്പിറ്ററിലേക്കായിരുന്നു അത്. വ്യാഴഗ്രഹം തന്റെ അപാരമായ ഗുരുത്വബലം ഉപയോഗിച്ച് ഛിന്നഗ്രഹത്തെ ഭൂമിയിലേക്ക് വഴിതിരിച്ചുവിട്ടെന്നായിരുന്നു പഠനം. 

 

സാധാരണഗതിയിൽ ഭൂമിയെ ഛിന്നഗ്രഹങ്ങളിൽ നിന്നും വാൽനക്ഷത്രങ്ങളിൽ നിന്നുമൊക്കെ സംരക്ഷിക്കുന്ന ഗ്രഹമാണ് വ്യാഴം. എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചതെന്നാണ് ചില ശാസ്ത്രജ്ഞരുടെ വാദം. ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആറരക്കോടി വർഷം പഴക്കമുള്ളതാണ്. അങ്ങനെയാണ് ദിനോസറുകൾ അക്കാലയളവിലാകാം വംശനാശം വന്നുപോയതെന്ന് മുൻപ് ശാസ്ത്രജ്ഞർ ഉറപ്പിച്ചത്. ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു.

 

എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും മറിച്ച് അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല. ദിനോസറുകളിൽ എല്ലാ വിഭാഗവും പൂർണമായി അപ്രത്യക്ഷരായില്ല. ഭൂമിയിൽ തുടർന്നവയുടെ പിന്മുറക്കാരെ നമ്മളറിയും. പക്ഷികളാണ് അവർ.

 

Content Highlight-  Jupiter and extinction event | Asteroid impact | Dinosaur extinction | Chicxulub crater | Environmental changes | Wonder World | Dinosaur in Malayalam | Volcanic eruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT