ചന്ദ്രയാത്രയിലെ യഥാർഥതാരം ആംസ്ട്രോങ്ങായിരുന്നില്ല; അപ്പോളോയുടെ നിർഭാഗ്യ നായകൻ
Mail This Article
ചന്ദ്രൻ ചർച്ചാവിഷയമാകുന്ന നാളുകളാണിപ്പോൾ. ഇന്ത്യയുടെ ചന്ദ്രയാൻ 3, റഷ്യയുടെ ലൂണ 25 ദൗത്യങ്ങൾ ചന്ദ്രന്റെ പടിവാതിലിലെത്തി നിൽക്കുന്നു. ചന്ദ്രൻ എന്നും ബഹിരാകാശമേഖലയുടെ വലിയ ലക്ഷ്യമായിരുന്നു. 1969 ജൂലൈയിൽ മനുഷ്യരാശി ആകാശത്ത് ചരിത്രം കുറിച്ചു. അനന്തസീമകളിൽ വെണ്ണിലാവ് പരത്തി തങ്ങളെ കൊതിപ്പിച്ചുകൊണ്ടിരുന്ന ചന്ദ്രനിലേക്ക് അവർ അവരുടെ യാത്രാവാഹനമിറക്കി. അനേകലക്ഷം വർഷങ്ങളുടെ വിജനതയ്ക്കു ശേഷം ചന്ദ്രനിലെ മനുഷ്യസ്പർശം. നീൽ ആംസ്‌ട്രോങ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി നടന്നു. ലോകം കൈയടിച്ചു, മനുഷ്യനായി പിറന്നതിന്റെ അഭിമാനം വാനോളമുയർന്നു. അൽപസമയത്തിനു ശേഷം എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിലേക്കിറങ്ങി.
അനേകകോടി മനുഷ്യരിൽ തങ്ങളെമാത്രം തേടിയെത്തിയ മഹാഭാഗ്യത്തിൽ തന്റെ കൂട്ടുകാർ രോമാഞ്ചം പൂണ്ടുനിൽക്കുമ്പോൾ ചന്ദ്രനു ചുറ്റും കറങ്ങുകയായിരുന്നു മൈക്കൽ കോളിൻസ്. അപ്പോളോ-11 ചാന്ദ്രദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റ്.ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാൾ. അപ്പോളോ ദൗത്യത്തിന്റെ ദുരന്തനായകൻ. 2021 ഏപ്രിലിലാണ് കോളിൻസ് ലോകത്തോട് വിട പറഞ്ഞത്. തന്റെ തൊണ്ണൂറാം വയസ്സിൽ.നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രയാത്രയുടെ പേരിൽ എക്കാലവും ഓർമിക്കപ്പെടുമ്പോൾ, ദൗത്യത്തിലെ ഏറ്റവും പ്രഗത്ഭനും പരിചയസമ്പന്നനുമായ യാത്രികൻ മറവിയുടെ ആകാശത്തിലേക്കു പതിയെ മറയുകയായിരുന്നു.
ഇറ്റലിയിലെ റോമിൽ 1930 ലായിരുന്നു കോളിൻസിന്റെ ജനനം. 1963 ൽ അദ്ദേഹം നാസയുടെ ഭാഗമായി. നീൽ ആംസ്‌ട്രോങ്ങിനും എഡ്വിൻ ആൽഡ്രിനുമൊപ്പം ചന്ദ്രയാത്രാസംഘത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 39 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. നീൽ ആംസ്‌ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും വഹിച്ച് ഈഗിൾ അഥവാ ലൂണാർ മൊഡ്യൂൾ താഴേക്കു പുറപ്പെട്ടപ്പോൾ, കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്നു കോളിൻസ്. കടുത്ത ആകാംഷയിലായിരുന്നു അദ്ദേഹം. ചന്ദ്രനിലിറങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതിലല്ല, മറിച്ച് താഴേക്കു പോയ തന്റെ സഹപ്രവർത്തകർക്കു തിരികെയെത്താൻ കഴിയുമോ എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഭീതി മുഴുവൻ. ആദ്യ ചന്ദ്രദൗത്യമാണ്. വിജയിക്കാനുള്ള സാധ്യത 50 ശതമാനം മാത്രം.പരാജയപ്പെട്ടാൽ ആംസ്‌ട്രോങ്ങും ആൽഡ്രിനും മരിക്കും. അങ്ങനെ സംഭവിച്ചാൽ തിരികെ എത്തുന്ന താൻ രണ്ടു പേർ കൊല്ലപ്പെട്ട ഒരു പരാജിതദൗത്യത്തിന്റെ അവശേഷിപ്പായി ജനമനസ്സുകളിൽ നിലനിൽക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
ആംസ്‌ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ടത് 22 മണിക്കൂർ സമയമാണ്. അന്നേക്കുമുള്ള ശാസ്ത്രത്തിന്റെ ഏറ്റവും വലിയ വിജയം അവർ ചന്ദ്രോപരിതലത്തിൽ എല്ലാം മറന്ന് ആഘോഷിക്കുമ്പോൾ പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി മാറാനായിരുന്നു കോളിൻസിന്റെ വിധി. ഇതിനിടയിൽ ചന്ദ്രന്റെ വിദൂരവശത്തേക്കു കമാൻഡ് മൊഡ്യൂൾ പോകുമ്പോൾ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും അദ്ദേഹത്തിനു നഷ്ടമായി.. അന്നേവരെ ഒരു മനുഷ്യനും അനുഭവിക്കാത്ത പരിപൂർണമായ ഏകാന്തത. തന്റെ സഹയാത്രികരുടെ വിധിയെക്കുറിച്ചുള്ള ആശങ്ക മൂത്തപ്പോൾ, അദ്ദേഹം ചന്ദ്രോപരിതലത്തിലേക്കും ഭൂമിയിലേക്കും മാറിമാറി നോക്കുകയായിരുന്നു.ചന്ദ്രനെക്കാൾ താൻ ഓർക്കുന്നതു ഭ്രമണപഥത്തിലിരിക്കെ താൻ കണ്ട ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞത് ഇതിനാലാകാം. അതിമനോഹരം എന്നാണ് ആ ദൃശ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.പ്രത്യാശയുടെ ഒരു നീലഗോളമായി ഭൂമി അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കാം.
അപ്പോളോ 11 ന്റെ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്. ആംസ്‌ട്രോങ്ങും ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂൾ തിരിച്ചെത്തുമ്പോൾ കൺട്രോൾ മൊഡ്യൂളുമായി ഡോക്ക് ചെയ്യേണ്ട നിർണായക ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. മൂന്നു യാത്രക്കാരിൽ ഏറ്റവും മിടുക്കനും കോളിൻസായിരുന്നു. ഒറ്റയ്ക്ക് പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ. യുഎസ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന കോളിൻസിന്റെ ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശനടത്തം നടത്തിയ നാലാമത്തെ മനുഷ്യനാകാൻ കോളിൻസിനു സാധിച്ചു. അദ്ദേഹത്തിന്റെ അവസാനദൗത്യമായിരുന്നു അപ്പോളോ 11. പിന്നീട് 1970ൽ നാസയിൽ നിന്നു വിരമിച്ച കോളിൻസ് പിൽക്കാലത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിൽ പ്രവർത്തിച്ചു. തുടർന്ന് സ്മിത്ത്‌സോണിയൻ നാഷനൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി. ഇതിനു ശേഷമുള്ള ജീവിതത്തിലും പല പ്രവർത്തനങ്ങളുമായി സജീവമായിരുന്നു കോളിൻസ്. നീൽ ആംസ്‌ട്രോങ് 2012ൽ അന്തരിച്ചു. മനുഷ്യരാശിയുടെ അത്യുന്നതങ്ങളിലെ കാൽവയ്പിനു കാരണമായവരിൽ ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കിയാണ്.
Content Highlight - Moon landing | Apollo 11 | Michael Collins | Lunar mission | Neil Armstrong | Wonder World