ADVERTISEMENT

റഷ്യൻ ചന്ദ്രലാൻഡറായ ലൂണ 26 തകരാർ സംഭവിച്ച് നശിച്ചത് പ്രധാനപ്പെട്ട സംഭവമാണല്ലോ. റോക്കറ്റ് മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് സോവിയറ്റ് യൂണിയനിലാണ്.നൂറിലേറെ ആളുകൾ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. നേരിട്ട് ബഹിരാകാശപര്യവേക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നില്ല ഈ അപകടം, എന്നാൽ സോവിയറ്റ് ബഹിരാകാശ ദൗത്യങ്ങളുടെ ഈറ്റില്ലവും ഇപ്പോഴും പ്രവർത്തനത്തിലുള്ളതുമായ ബൈക്കന്നൂർ കോസ്മോഡ്രോമിലാണ് ഈ അപകടം നടന്നത്.

 

1960കൾ..അക്കാലത്ത് ബഹിരാകാശത്തേക്കുള്ള റോക്കറ്റ് നിർമാണവും അതേസമയം മിസൈൽ നിർമാണവും ഇടകലർന്നായിരുന്നു നടന്നുവന്നിരുന്നത്. അന്നു വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളിൽ പലതും പിന്നീട് പരിഷ്കരിച്ച് റോക്കറ്റുകളിൽ ഉപയോഗിച്ചു. അക്കാലത്ത് ആർ7 എന്ന ഐസിബിഎം റോക്കറ്റായിരുന്നു റഷ്യയുടെ കൈവശം. എന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ട ആർ 16 റോക്കറ്റ് നിർമിക്കാൻ റഷ്യ ശ്രമം തുടങ്ങി. സോവിയറ്റ് സ്ട്രാറ്റജിക് റോക്കറ്റ് ഫോഴ്സസിന്റെ കമാൻഡറായ മിട്രോഫാൻ നെഡെലിനായിരുന്നു പദ്ധതിയുടെ ചുമതല.

 

ധൃതിപിടിച്ചായിരുന്നു റോക്കറ്റ് വികസനം. 1960 ഒക്ടോബർ 21ന് റോക്കറ്റ് ടെസ്റ്റ് സൈറ്റിലെത്തിച്ചു.എന്നാൽ റോക്കറ്റിന്റെ വൈദ്യുതി, ഇന്ധനസംവിധാനങ്ങളിൽ തകരാറുണ്ടായിരുന്നു. ഇതു പരിഗണിക്കാൻ നെഡലിൻ തയാറായില്ല.6.45ന് റോക്കറ്റിൽ ജ്വലനം നടന്നു. എന്നാൽ തകരാറുള്ള സംവിധാനങ്ങളായതിനാൽ റോക്കറ്റ് പൊട്ടിത്തെറിച്ചു. നെഡലിൻ ഉൾപ്പെടെ ഒരുപിടി ഉന്നത ഉദ്യോഗസ്ഥർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

ബഹിരാകാശമേഖലയിലെ ഏറ്റവും ഭീകര സംഭവമായ സോയൂസ് 11 ദുരന്തം നടന്നതും സോവിയറ്റ് യൂണിയനിലാണ്. അമേരിക്കയും  സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ബഹിരാകാശ രംഗത്ത് അതിരുകൾ കൈവിട്ട കാലമായിരുന്നു അത്. മേൽക്കൈ നേടാനായി സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യ ബഹിരാകാശ സ്റ്റേഷനായ സല്യുട്–1 വിക്ഷേപിച്ചു.ഇതിലേക്കു പുറപ്പെട്ട ആദ്യ യാത്രാസംഘത്തെ വഹിച്ച ദൗത്യമാണ് സോയൂസ് 11. ലോകത്താദ്യമായി ബഹിരാകാശത്തു താമസിക്കുന്നവരെന്ന നിലയിൽ സോയൂസ് 11 യാത്രികർക്ക് ലോകമെങ്ങും വലിയ പ്രശസ്തി ലഭിച്ചു. സോവിയറ്റ് യൂണിയനിൽ ഇവർക്ക് വലിയ ഹീറോ പരിവേഷമായിരുന്നു. 

 

ബഹിരാകാശമേഖലയിലെ നിർണായക രംഗങ്ങൾക്കൊന്നിന് തുടക്കം കുറിച്ച ശേഷം ഈ യാത്രികർ ജൂൺ 30നു ഭൂമിയിലേക്കു തിരിച്ചു.വളരെ സുഗമമായി കസഖ്സ്ഥാനിലെ കാറാഗാൻഡയിൽ യാത്രികരെ വഹിച്ച പേടകം വന്നിറങ്ങി. വീരോചിതമായി അവരെ സ്വീകരിക്കാനെത്തി പേടകം തുറന്ന സോവിയറ്റ് അധികൃതർ പക്ഷേ ഞെട്ടി .യാത്രികർ മരിച്ചിരുന്നു. സോയൂസ് 11 ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയപ്പോൾ അതിന്റെ വായുബഹിർഗമന സംവിധാനത്തിനു തകരാർ പറ്റിയതാണു ദുരന്തത്തിലേക്കു നയിച്ചത്. യാത്രക്കാർ ആ സമയത്തു സ്പേസ് സ്യൂട്ട് ധരിച്ചിരുന്നില്ല. ധരിച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നില്ല. തങ്ങൾക്കു വലിയ യശ്ശസ്സു നൽകുമെന്നു സോവിയറ്റ് യൂണിയൻ പ്രതീക്ഷിച്ച, സോയൂസ് എന്ന വിജയദൗത്യം ആന്റി ക്ലൈമാക്സിൽ അവസാനിക്കുന്നതാണു പിന്നീട് കണ്ടത്. ഇതിനു മുൻപുള്ള സോയൂസ് 1 ദൗത്യവും മരണത്തിലായിരുന്നു കലാശിച്ചത്. 1967 ഏപ്രിൽ 24നു ഭൂമിയിലേക്കു തിരിച്ചിറങ്ങിയ സോയൂസ് 1 പാരഷൂട്ടിലെ പ്രശ്നം കാരണം ഇടിച്ചിറങ്ങുകയും വ്ലാദിമർ കോമറോവ് എന്ന യാത്രികൻ കൊല്ലപ്പെടുകയും ചെയ്തു.പിന്നീട് പ്രധാനപ്പെട്ട ബഹിരാകാശ ഓപ്പറേഷനുകളിലെല്ലാം സ്പേസ് സ്യൂട്ട് നിർബന്ധമാക്കാനും വിവിധ പ്രോട്ടോക്കോളുകൾ നടപ്പിൽ വരുത്താനും സംഭവം വഴിവച്ചു.

 

Content Highlight - Russian rocket explosion | Baikannur tragedy | Lunar lander Luna 26 malfunction | Soviet space missions | Soyuz spacecraft disasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT