ADVERTISEMENT

ചന്ദ്രയാൻ 3 ന്റെ ചന്ദ്രനിലിറക്കത്തിന് ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ് ഇന്ത്യ. ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾ ഇനിയും പല ലോകരാജ്യങ്ങളും നടത്തും. അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് ആർട്ടിമിസ്. 1972 ൽ അടച്ചുവച്ച ചന്ദ്രയാത്ര എന്ന പുസ്തകം വീണ്ടും പൊടിതട്ടി തുറക്കാനൊരുങ്ങുകയാണ് നാസ ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും നാളുകളിൽ വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്ക്കാനാണ് ആർട്ടിമിസ് ലക്ഷ്യമിടുന്നത്. ഇതിനു പോകാനായി പരിശീലനത്തിൽ തിരഞ്ഞെടുത്തവരിൽ ഒരാൾ ഇന്ത്യൻ വംശജനാണ്. യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഈ വ്യക്തി. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്.

മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ഏയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാജ യുഎസ് വ്യോമസേനയുടെ 461ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്‌മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുൻനിര സൈനികനാണു ചാരി. ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. 

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലാണ് നീൽ ആംസ്‌ട്രോങ് ചന്ദ്രന്റെ മധ്യമേഖലയിലെ കുന്നും കുഴിയും നിറഞ്ഞ 'പ്രശാന്തിയുടെ കടൽ' എന്ന പ്രദേശത്തെത്തിയത്.തുടർന്ന് എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി. പിന്നീട് 20 പേർ കൂടി വിവിധ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. ബജറ്റ് അപര്യാപ്തതകൾ മൂലം തുടർന്ന് ചന്ദ്രയാത്രകൾ നടന്നിരുന്നില്ല. ചന്ദ്രനിലെ മനുഷ്യസ്പർശം വീണ്ടും തുടങ്ങാനായാണ് ആർട്ടിമിസ് എത്തുന്നത്. ഒരു ചാന്ദ്രയാത്രാ പദ്ധതി എന്നതിനപ്പുറം മറ്റുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്രകളും ദൗത്യത്തിന്‌റെ ഭാവി അജണ്ടയിലുണ്ട്. ഗ്രീക്ക് ഇതിഹാസപ്രകാരം അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയാണ് ആർട്ടിമിസ്. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന്  നാസ പേരിട്ടതും.

ചന്ദ്രനിലെത്തുന്ന ആദ്യത്തെ സ്ത്രീയും ഈ ദൗത്യത്തിലുണ്ടാകുമെന്നതാണു പ്രധാന സവിശേഷത. ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം..'വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്' ഇങ്ങനെയാണ്. ചന്ദ്രൻ കഴിഞ്ഞു ചൊവ്വയാണു നാസ ലക്ഷ്യമിടുന്നതെന്നു വ്യക്തം. ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്‌റെ പദ്ധതി.

ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്‌റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്. ഇവർ വരുന്ന ഓറിയോൺ എന്ന പേടകം ഈ ഗേറ്റ് വേയിൽ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഇതിനു പറ്റും. കൂടുതൽ സുരക്ഷിതമായ യാത്ര ഇതു വാഗ്ദാനം ചെയ്യുന്നു.

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ ഫൈവ് ആണെങ്കിൽ ആർട്ടിമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത് ഇതിന്‌റെ പിൻഗാമിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റാണ്. ഏകദേശം 50000 കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയും ഭാരം ഒരു ലക്ഷം കിലോയുമാണ്.

 

Content Highlight -  Indian moon landing | Chandrayaan 3 | Artemis mission | Raja Chari | NASA lunar missions

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT