ADVERTISEMENT

1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. തുടർന്ന് അലാസ്‌കയുടെ ഭാഗമായ കോഡിയാക് ദ്വീപിൽ റഷ്യക്കാർ കോളനി ഉറപ്പിച്ചു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യയ്ക്ക് അലാസ്‌കയിൽ താൽപര്യം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അലാസ്‌കയെ യുഎസിനു വിൽക്കുകയും ചെയ്തു. അന്നത്തെ അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച് സീവാർഡ് 72 ലക്ഷം യുഎസ് ഡോളറുകൾക്കാണ് അലാസ്‌കയെ യുഎസിന്റെ ഭാഗമായി മാറ്റിയത്.

 

അന്നു യുഎസിൽ ഇതൊരു വലിയ മണ്ടത്തരമായാണ് ജനങ്ങൾ കണക്കാക്കിയത്. സീവാർഡിന്റെ വിഡ്ഢിത്തം എന്നാണ് അലാസ്‌ക വാങ്ങിയതിനെ അവർ വിശേഷിപ്പിച്ചത്. എന്നാൽ പിൽക്കാലത്ത് 1880ൽ അലാസ്‌കയിൽ സ്വർണം കണ്ടെത്തി. പിൽക്കാലത്ത് വമ്പൻ ധാതു നിക്ഷേപങ്ങളും പ്രകൃതി വാതക നിക്ഷേപങ്ങളുമൊക്കെ മേഖലയിൽ നിന്നു കണ്ടെടുത്തു. ഇന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് കാനഡയോടു ചേർന്നുകിടക്കുന്ന അലാസ്‌ക.

 

കൊളംബസും സംഘവുമാണ് അമേരിക്കൻ വൻകരകളിൽ ആദ്യമെത്തിയ യൂറോപ്യൻമാർ എന്നാണ് പലരുടെയും ധാരണയെങ്കിലും ഇതു തെറ്റാണെന്ന് ചരിത്രം പറയുന്നു. യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് പല കലാവസ്തുക്കളും എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് അലാസ്‌കയിലെ നീല മുത്തുക്കൾ. വെനീസിൽ 14ാം നൂറ്റാണ്ടിൽ നിർമിച്ച ഇവ കൊളംബസ് അമേരിക്കൻ വൻകരകളിലെത്തും മുൻപേ ഇവ ഇവിടെ എത്തി. അലാസ്‌കയുടെ ഉത്തരധ്രുവത്തോട് ചേർന്നുള്ള പ്രദേശത്തെ മൂന്നു സ്ഥലങ്ങളിൽ നിന്നാണ് നീല നിറത്തിലുള്ള മുത്തുകൾ കണ്ടെത്തിയത്. ഇവയോടൊപ്പം ചെമ്പു കൈവളകൾ, ഇരുമ്പിൽ തീർത്ത ലോക്കറ്റുകൾ, കുറച്ച് മൃഗങ്ങളുടെ എല്ലുകൾ ,ചണനാരുകൾ എന്നിവയും കണ്ടെത്തിയിരുന്നു.

 

കണ്ടെത്തലുകൾ റേഡിയോ കാർബൺ ഡേറ്റിങ് എന്ന പ്രക്രിയയ്ക്കു വിധേയമാക്കിയപ്പോഴാണ് 1397നും 1488നും ഇടയിലാണ് ഇവ അലാസ്‌കയിൽ എത്തിയതെന്ന് ശാസ്ത്രജ്ഞർക്കു മനസ്സിലായത്. പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിലെ വെനീസിൽ പ്രചാരത്തിലുണ്ടായിരുന്ന സോഡ ഗ്ലാസ് എന്ന വസ്തു ഉപയോഗിച്ചാണ് ഇവ നിർമിച്ചതെന്നു പറയപ്പെടുന്നു. അലാസ്‌കയിലേക്കു യൂറോപ്പിൽ നിന്നെത്തിയ മുത്തുകൾ ഇവിടത്തെ അന്നത്തെ തദ്ദേശീയ കമ്പോളമായിരുന്ന, നോവടാക് നദിക്കരയിലുള്ള ശെഷാലിക്കിൽ കച്ചവടം ചെയ്യപ്പെടുകയും തുടർന്നു മുത്തുകൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കു പോകുകയും ചെയ്തെന്നാണ് നിഗമനം.

 

എന്നാൽ ഇവ വെനീസിലല്ല മറിച്ച് ഫ്രാൻസിലാണു നിർമിച്ചതെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം.എങ്കിലും ഇവയുടെ യൂറോപ്യൻ ബന്ധം സ്പഷ്ടമാണ്.1492ലാണ് കൊളംബസ് അമേരിക്കൻ വൻകരകളുടെ ഭാഗമായ കരീബിയൻ ദ്വീപുകളായ ബഹാമസിലും ഹിസ്പാനിയോളയിലുമെത്തിയത്. മധ്യ അമേരിക്കൻ, തെക്കൻ അമേരിക്കൻ തീരങ്ങളിലും പര്യടനം നടത്തിയ കൊളംബസ് പക്ഷേ ഇന്നത്തെ കാനഡയും യുഎസും ഉൾപ്പെടെയുള്ള വടക്കൻ അമേരിക്കൻ മേഖലയിൽ കാലു കുത്തിയിരുന്നില്ല. ജോൺ കാബോട്ട് (ജയോവാനി കാബുട്ടോ) എന്ന ഇറ്റാലിയൻ നാവികനാണ് വടക്കേ അമേരിക്കയുടെ കണ്ടെത്തലിനു കാരണക്കാരൻ. എന്നാൽ കാബുട്ടോയ്ക്കു ശേഷമുള്ള സംഘങ്ങൾക്കും വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ അലാസ്‌ക കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

 

വെനീസിലുണ്ടാക്കിയ ഈ നീലമുത്തുകൾ പതിനാലാം നൂറ്റാണ്ടിൽ അലാസ്‌കയിൽ വന്നതെങ്ങനെ. ഈ മുത്തുകൾ അന്നത്തെ സിൽക്ക് റൂട്ടു വഴി ചൈനയിലെത്തിയെന്നും തുടർന്ന് ഇത് റഷ്യയിലെത്തിയെന്നും അവിടുന്നു നൗകകളിൽ അലാസ്‌കയിലെത്തിയെന്നുമാണ് ഗവേഷകർ പറയുന്നത്. 17000 കിലോമീറ്റർ നീണ്ടതായിരുന്ന്രേത നീലമുത്തുകളുടെ ഈ യാത്ര. അലാസ്‌കയോട് വളരെ അടുത്തു കിടക്കുന്ന രാജ്യമാണ് റഷ്യ. ഇരു പ്രദേശങ്ങളെയും തമ്മിൽ ബെറിങ് കടലിടുക്കാണ് വേർതിരിക്കുന്നത്. പ്രദേശങ്ങൾ തമ്മിൽ 88 കിലോമീറ്റർ മാത്രമാണ് അകലം. അതിനാൽ തന്നെ അന്നത്തെ റഷ്യയിലെ ഫാർ ഈസ്റ്റ് മേഖലയിലെ തദ്ദേശീയർ അലാസ്‌കയിലേക്കു പോയിരുന്നു എന്നാണു കരുതാവുന്നത്. അതു പരിഗണിക്കുമ്പോൾ കൊളംബസോ കാബുട്ടോയോ അല്ല അമേരിക്കൻ വൻകരകളിലെത്തിയ ആദ്യ പുറംനാട്ടുകാർ.ബെറിങ് അല്ല അലാസ്‌കയിലെത്തിയ ആദ്യ യൂറോപ്യൻ.

 

ഇതിനെപ്പറ്റിയുള്ള  സിദ്ധാന്തങ്ങൾ നേരത്തെ തന്നെയുണ്ട്. 15000 വർഷങ്ങൾക്കു മുൻപുതന്നെ വടക്കേ അമേരിക്കയിലേക്കുള്ള ആദ്യ കുടിയേറ്റം ബെറിങ് വഴി നടന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അന്ന് ബെറി്ങ് കടലിടുക്ക് ഇല്ലായിരുന്നു, വടക്കേ അമേരിക്കയും ഏഷ്യയും തമ്മിൽ കരബന്ധമുണ്ടായിരുന്നു. ഏഷ്യയിലെ ആദിമ നിവാസികൾ കാൽനടയായി ഈ പാതയിലൂടെ അമേരിക്കയിലെത്തി കുടിയേറ്റം നടത്തി. കൊളംബസിന്റെ വരവിനും 500 വർഷം മുൻപ് തന്നെ സ്‌കാൻഡിനേവിയയിൽ നിന്നുള്ള വൈക്കിങുകൾ ഇന്നത്തെ കാനഡയുടെ ന്യൂഫൗണ്ട് ലാൻഡിൽ കോളനി സ്ഥാപിച്ചിരുന്നു.ലീഫ് എറിക്സൺ എന്ന വൈക്കിങ് സൈന്യാധിപനായിരുന്നു നേതാവ്. എന്നാൽ ഏതോ കാരണങ്ങളാൽ ഇവർ കോളനി പിന്നീട് ഉപേക്ഷിച്ചു.ചില ചൈനീസ് സംഘങ്ങളും കൊളംബസിനു മുൻപ് ഇവിടെയെത്തിയതായി കഥകളുണ്ടെങ്കിലും തെളിവുകളില്ല.

അപ്പോൾ എന്താണു കൊളംബസിനു പ്രസക്തി? തീർച്ചയായും പ്രസക്തിയുണ്ട്.അമേരിക്കൻ വൻകരകളെ ലോകത്തിനു പരിചയപ്പെടുത്തി അവിടെ വൻതോതിൽ കുടിയേറ്റവും വികസനം സാധ്യമായത് കൊളംബസിന്റെ യാത്രയാലാണ്.

 

Content Highlight - US-Russia land deal | Alaska purchase | History of Alaska | European exploration of Alaska | Columbus and the American mainland 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com