50 നില! ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം ഓസ്‌ട്രേലിയയിൽ, 600 മരങ്ങളിൽ നിന്ന് തടി

Mail This Article
തടികൊണ്ട് നിർമിച്ച ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമിക്കാൻ ഓസ്‌ട്രേലിയയിൽ അനുമതി. പടിഞ്ഞാറൻ ഓസ്‌േേട്രലിയയിലെ പെർത്തിലാണ് 627 അടി ഉയരമുള്ള അംബരചുംബി നിർമിക്കുന്നത്. ഗ്രാഞ്ച് ഡവലപ്‌മെന്‌റ് എന്ന കമ്പനിയുടേതാണു പദ്ധതി. പെർത്തിലെ ഡവലപ്‌മെന്‌റ് അസസ്‌മെന്‌റ് പാനൽ അധികൃതരാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സി 6 ബിൽഡിങ് എന്നാണ് കെട്ടിടത്തിന് താൽക്കാലികമായി പേര് നൽകിയിട്ടുള്ളത്.
പൂർണമായും തടിയിലാകില്ല കെട്ടിടം നിർമിക്കുന്നത്. എന്നാൽ നല്ലൊരുഭാഗം തടിയിലാകും നിർമാണം, നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടമായി സി6 മാറും, നിലവിൽ ഇത്തരത്തിലുള്ള ഏറ്റവും ഉയരമുള്ള കെട്ടിടം നിൽക്കുന്നത് യുഎസിലെ വിസ്‌കോൻസിനിലാണ്. അസന്‌റ് ടവർ എന്നാണ് ഇതിന്റെ പേര്. 284 അടിയുള്ള ഈ കെട്ടിടത്തിന്റെ ഇരട്ടിയിലധികം പൊക്കമുണ്ടാകും പെർത്തിൽ പണിയാൻ പോകുന്ന കെട്ടിടത്തിന്. തെക്കൻ പെർത്തിലെ ചാൾസ് സ്ട്രീറ്റിലാകും ഈ കെട്ടിടം പണിതീർക്കുക.
സിഡ്‌നി നഗരത്തിലും ഒരു ഹൈബ്രിഡ് തടിക്കെട്ടിടം നിലവിൽ വരുന്നുണ്ട്. പെർത്തിലെ കെട്ടിടത്തിൽ 200ൽ അധികം അപാർട്‌മെന്റുകളുണ്ടാകും. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ആദ്യ കാർബൺരഹിത താമസക്കെട്ടിടവും ഇതായിരിക്കും. 600ൽ അധികം മരങ്ങളിൽ നിന്നായി 7400 ക്യുബിക് മീറ്റർ തടിയാകും കെട്ടിടനിർമാണത്തിനായി ഉപയോഗിക്കുക. റൂഫ്‌ടോപ് ഗാർഡൻ, അർബൻ ഫാം തുടങ്ങിയ സവിശേഷതകളുമുള്ളതാകും ഈ കെട്ടിടം.