ADVERTISEMENT

ലോകത്ത് ഒറ്റപ്പെട്ട സ്ഥലങ്ങൾ കുറച്ചൊക്കെയുണ്ട്. എന്നാൽ അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഒരു ദ്വീപിൽ പുറംലോകവുമായി ബന്ധപ്പെടാതെ ജീവിക്കുക. മറ്റെവിടെയുമല്ല, നമ്മുടെ ദ്വീപസമൂഹമായ ആൻഡമാൻ നിക്കോബാറിലാണ് ഈ ദ്വീപ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ഉൾപ്പെട്ട ദ്വീപാണു സെന്റിനൽ. ഇതിനു തെക്കായി തെക്കൻ സെന്റിനൽ എന്ന ആൾപാർപ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാനിലെ വണ്ടൂർ പട്ടണത്തിൽ നിന്നു 36 കിലോമീറ്റർ പടിഞ്ഞാറായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 60 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ദ്വീപിനുണ്ട്.

നിബിഡവനം നിലനിൽക്കുന്ന ദ്വീപിലെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോൺ റിച്ചിയാണ്.60000 വർഷങ്ങൾക്കു മുൻപേ ഇവിടെ ആളുകൾ താമസിച്ചിരുന്നെന്ന് വിദഗ്ധർക്കിടയിൽ അഭ്യൂഹമുണ്ട്. 1880ൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോർട്മാൻ ഇവിടെ ആദ്യമായി കാലുകുത്തി. ദുരൂഹതയുണർത്തുന്ന ദ്വീപാണു സെന്റിനൽ. ഇവിടെ ഒരുകൂട്ടം മനുഷ്യർ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. കപ്പലുകൾക്കു തീരത്ത് അടുക്കാനാകാത്ത വിധം പവിഴപ്പുറ്റുകൾ നിറഞ്ഞ ഒരു മേഖല ദ്വീപിനു ചുറ്റുമുണ്ട്. ദ്വീപിനു കുറുകെ ഹെലികോപ്റ്റർ പറത്തരുതെന്ന് ഒരു ചട്ടമുണ്ട്. 

ബ്രീട്ടീഷുകാർ ദ്വീപിനെ കോളനിയാക്കിയപ്പോഴും സ്ഥിതി നിലനിന്നു. മറ്റു ഗോത്രങ്ങളും ബ്രിട്ടനുമായി യുദ്ധങ്ങളുണ്ടായപ്പോഴും സെന്റിനലീസ് ഗോത്രക്കാർക്കു പ്രശ്നം കുറവായിരുന്നു. ബ്രിട്ടീഷുകാർക്ക് ഈ ദ്വീപുകളിൽ വലിയ താൽപര്യമില്ലാത്തതായിരുന്നു കാരണം. പിൽക്കാലത്തും ദ്വീപിലേക്കു മറ്റുളളവർ അധികം എത്തിയില്ല. അതിനാൽ തന്നെ ദ്വീപുനിവാസികൾ തങ്ങളുടെ തനതുരീതികൾ നിലനിർത്തി. ആൻഡമാനിലെ മറ്റുഗോത്രങ്ങളെക്കാൾ ഉയരം കൂടിയവരാണു സെന്റിനലുകൾ. ദ്വീപസമൂഹത്തിൽ സെന്റിനലുകൾ ഉൾപ്പെടുന്ന 'നെഗ്രിറ്റോ' വംശജർ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തിൽ  (ഔട്ട് ഓഫ് ആഫ്രിക്ക തിയറി) ദ്വീപിലെത്തിയവർ ആകാമെന്നാണു നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. 

സെന്റിനലീസ് ഗോത്രത്തിന്റെ ഭാഷ, സാമൂഹികഘടന തുടങ്ങിയവ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ല. ശിലായുഗം പിന്നിട്ടിട്ടില്ലാത്ത ഗോത്രമെന്നാണു സെന്റിനലുകൾ തരംതിരിക്കപ്പെടുന്നത്. ഇവർ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഇരുമ്പുണ്ട്. ഇതു  തകർന്ന കപ്പലുകളിൽ നിന്നും മറ്റും ശേഖരിച്ചവയാണ്. അമ്പും ഒരു തരം മഴുവുമാണ് ഇവരുടെ പ്രധാന ആയുധങ്ങൾ. മരക്കമ്പുകളിൽ നാട്ടിയ കുടിലുകളിലാണ്  ജീവിതം.

വേട്ടയും വനോൽപന്നങ്ങളുമാണ് പ്രധാന ഭക്ഷണമാർഗം. കാട്ടുപന്നിയുടെ മാംസം വ്യാപകമായി ഭക്ഷിക്കപ്പെടുന്നു. മൽസ്യം, കടലാമ, തേൻ, പാൻഡനസ് എന്ന പഴം, വിവിധ വേരുകൾ തുടങ്ങിയവയും കഴിക്കാറുണ്ട്. തീയുപയോഗിച്ച് വറുത്താണ് ഇവർ മാംസവും മൽസ്യവുമൊക്കെ കഴിക്കാറുള്ളത്. ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്നവരായിട്ടാണു സെന്‌റിനലുകളെ കണക്കാക്കുന്നത്. എന്നാൽ ഇവരുടെ ആക്രമണം ഒരുപക്ഷേ സ്വയരക്ഷയിലുള്ള പേടിമൂലമാകാമെന്നു വിലയിരുത്തപ്പെടുന്നു. പുറംലോകവുമായി ബന്ധപ്പെട്ടാൽ സെന്റിനലീസ് ഗോത്രങ്ങൾക്കു രോഗങ്ങൾ പിടിപെട്ടേക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ രോഗപ്രതിരോധശേഷിയാണു കാരണം.

English Summary:

Discover the mysterious uncharted forest island in Andaman:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT