ഇസ്രയേലിലെ യാവ്നയിൽ കണ്ടെത്തിയ ‘അദ്ഭുതമോതിരം’! ധരിക്കുന്നവരുടെ മദ്യലഹരി മാറ്റും?

Mail This Article
ഇബെലിൻ, യിബ്ന തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന യാവ്നെ നഗരം ഇസ്രയേലിന്റെ മധ്യമേഖലയിലുള്ള ജില്ലയിൽ പെട്ടതാണ്. ഇസ്രയേലിലെ പുരാതന നാഗരികതകളെ പല കാലയളവിൽ ഈ നഗരം വഹിച്ചിട്ടുണ്ട്. റോമൻ കാലഘട്ടങ്ങളിൽ ഈ നഗരം ജാമ്നിയ എന്നറിയപ്പെട്ടു. കുറേക്കാലം വിഖ്യാത റോമൻ ചക്രവർത്തിയായ അഗസ്റ്റസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ നഗരം. ചരിത്രമുറങ്ങുന്ന ഈ നഗരത്തിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി വമ്പിച്ച ഖനന, പുരാവസ്തു ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
2021ൽ യാവ്നെ മേഖലയിൽ പുരാവസ്തു വിദഗ്ധർ നടത്തിയ ഖനനത്തിൽ അപൂർവ മോതിരം കണ്ടെത്തിയിരുന്നു. സ്വർണത്തിൽ നിർമിച്ച ചട്ടയ്ക്കുള്ളിൽ അമേഥിസ്റ്റ് എന്ന കല്ലുവച്ച മോതിരം കണ്ടെത്തിയത് ഇസ്രയേൽ ആന്റിക്വിറ്റീസ് അതോറിറ്റിയാണ്. 5.11 ഗ്രാം ഭാരമുള്ള മോതിരം പഴയകാലത്ത് മദ്യത്തിന്റെ ലഹരി വിടാൻ സഹായിക്കുമെന്നു വിശ്വസിക്കപ്പെട്ടിരുന്ന മോതിരങ്ങളിൽ പെട്ടതാണ്. ഖനന ഭൂമിയിൽ 150 മീറ്റർ താഴ്ചയിലാണ് ഈ മോതിരം കണ്ടെത്തിയത്.എഡി മൂന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയിലുള്ള കാലയളവിലേതാണീ മോതിരം.
ഇസ്രയേലിന്റെ ബൈസന്റിയൻ (കിഴക്കൻ റോമൻ സാമ്രാജ്യം) ഭരണകാലത്ത് യാവ്നെയിൽ ഇതേ സ്ഥലത്ത് ഒരു മദ്യനിർമാണശാല നിലനിന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. ഖനനത്തിലൂടെ കണ്ടെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലുപ്പമുള്ള മദ്യനിർമാണശാലകളിലൊന്നായിരുന്നു അത്. അക്കാലത്ത് ഇവിടെയെത്തിയ ഒരു സ്ഥിരം കസ്റ്റമറിന്റേതാകാം മോതിരമെന്നും വിദഗ്ധർ സംശയം ഉയർത്തുന്നു. അക്കാലത്തെ സമ്പന്നരുടെ പ്രധാന ചിഹ്നങ്ങളായിരുന്നു അമേഥിസ്റ്റ് മോതിരങ്ങൾ. ഈ മോതിരത്തിന്റെ വലുപ്പം വച്ചു നോക്കുമ്പോൾ ഇതണിഞ്ഞയാൾ സമൂഹത്തിലെ പ്രബലനായ ഒരു വ്യക്തിയാകാനാണു സാധ്യതയെന്നും ഇസ്രയേൽ പുരാവസ്തു വിദഗ്ധർ പറയുന്നു.സ്ത്രീകളും പുരുഷൻമാരും ഇത്തരം മോതിരങ്ങൾ അണിഞ്ഞിരുന്നു.
അമേഥിസ്റ്റ് കല്ലിന് പൗരാണിക ജനത പല സിദ്ധികളുമുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മദ്യം കുടിച്ച ശേഷമുള്ള കെട്ട് വിടാനുള്ള കഴിവുണ്ടെന്ന വിശ്വാസം. റോമാക്കാർക്കായിരുന്നു പ്രധാനമായും ഈ വിശ്വാസമുണ്ടായിരുന്നത്.