അമേരിക്കൻ യുദ്ധക്കപ്പലിനെ ആക്രമിച്ച ഇസ്രയേൽ! കൊല്ലപ്പെട്ടത് 34 പേർ, ഇന്നും ദുരൂഹതയായ ലിബർട്ടി

Mail This Article
അമേരിക്കയുടെ ഏറ്റവും വലിയ സുഹൃദ് രാഷ്ട്രമേതെന്ന് ചോദിച്ചാൽ ഇസ്രയേൽ എന്ന ഉത്തരമായിരിക്കും ആദ്യം എല്ലാവരുടെയും മനസ്സിൽ എത്തുക, തിരിച്ച് ഇസ്രായേലിനുമങ്ങനെ തന്നെ.ഇസ്രയേലിന് യുഎസ് കൊടുക്കുന്ന വലിയ പിന്തുണയും പരിഗണനയും കാരണം അമേരിക്കയുടെ 51ാം സംസ്ഥാനം എന്നുപോലും ഇസ്രയേലിനെ രാജ്യാന്തര വിദഗ്ധർ കളിയായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയുടെ ഒരു പടക്കപ്പലിനെ ഇസ്രയേൽ ഒരു മണിക്കൂറോളം നിർത്താതെ ആക്രമിച്ചിട്ടുണ്ട്. യുഎസിനെയും ലോകത്തിനെയും ഒരേപോലെ ഞെട്ടിച്ച ഈ സംഭവം ഇന്നും ദുരൂഹതയുടെ ആവരണമണിഞ്ഞു നിൽക്കുന്നു. ലിബർട്ടി ആക്രമണം എന്നാണ് ഇതറിയപ്പെടുന്നത്. ഈ ആക്രമണത്തിൽ 34 അമേരിക്കക്കാർ കൊല്ലപ്പെടുകയും 171 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുഎസ് നേവിയുടെ യുദ്ധരഹിതകാല ചരിത്രത്തിലെ ഏറ്റവും തീവ്രമായ ആക്രമണങ്ങളിൽ ഒന്നാണ് ഇത്.
1967- ആണ് വർഷം. അക്കാലത്ത് യുഎസ് നേവിയുടെ രഹസ്യ നിരീക്ഷണ പദ്ധതിയിൽ ഭാഗമായിരുന്നു യുഎസ്എസ് ലിബർട്ടി എന്ന ആ പടക്കപ്പൽ. വളരെ ആധുനികമായ നിരീക്ഷണക്കപ്പലായ അത് ടെക്‌നിക്കൽ റിസർച് ഷിപ് എന്ന ഗണത്തിലാണ് പെടുത്തിയിരുന്നതെങ്കിലും യഥാർഥത്തിൽ അതൊരു ചാരക്കപ്പലായിരുന്നു. 294 പേർ ഇതിൽ നാവികരായുണ്ടായിരുന്നു. 45 ആന്‌റിനകൾ ആ കപ്പലിൽ ഉണ്ടായിരുന്നു. മറ്റു രാജ്യങ്ങളുടെ സംഭാഷണങ്ങളും മറ്റും ചോർത്തിയെടുക്കുകയായിരുന്നു പ്രധാന ദൗത്യം. അക്കാലത്തെ പ്രക്ഷുബ്ധ യുദ്ധമേഖലകളായ ക്യൂബ, ഉത്തര കൊറിയ, മധ്യപൂർവദേശം എന്നിവിടങ്ങളിലാണ് ഇത്തരം കപ്പലുകൾ നിയോഗിച്ചിരുന്നത്. ഇത്തരം കപ്പലുകളിൽ നാമമാത്രമായ ആയുധങ്ങളേ ഉണ്ടായിരുന്നുള്ളൂ.

പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തായിരുന്നു ലിബർട്ടി. അക്കാലത്ത് ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള ബന്ധം വഷളായി ആറുദിന യുദ്ധത്തിൽ കലാശിച്ചു. ഇതെത്തുടർന്ന് കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലേക്ക് ലിബർട്ടി യാത്രയായി. ഇതിനിടെ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ അങ്ങോട്ടേക്കെത്തി. മുന്നറിയിപ്പെന്ന നിലയിൽ നിരവധി അലാം ശബ്ദങ്ങൾ വിമാനങ്ങൾ പുറപ്പെടുവിച്ചു. എന്നാൽ ലിബർട്ടിയിലെ നാവികർക്ക് പേടിയൊന്നും തോന്നിയില്ല. രാജ്യാന്തര സമുദ്രമേഖലയിലായിരുന്നു അവർ. കൂടാതെ യുഎസ്എസ് ലിബർട്ടി എന്ന പേര് വിമാനപൈലറ്റുകൾക്ക് കാണാവുന്ന രീതിയിൽ വലുതായാണ് കപ്പലിൽ പതിപ്പിച്ചിരുന്നത്. യുഎസിന്റെ പതാകയും വ്യക്തമായി കാണാവുന്ന നിലയിൽ കപ്പലിലുണ്ടായിരുന്നു.
എന്നാൽ കാര്യങ്ങൾ അമേരിക്കക്കാർ വിചാരിച്ചതുപോലെയല്ല പുരോഗമിച്ചത്. താമസിയാതെ ഇസ്രയേലി ഫൈറ്റർ വിമാനങ്ങൾ കപ്പലിനു നേർക്ക് ഷെല്ലുകളും റോക്കറ്റുകളും വർഷിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള യുഎസ് നാവികസംഘത്തെ വിവരമറിയിക്കാൻ ലിബർട്ടിയിലെ നാവികർ ശ്രമിച്ചെങ്കിലും ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായിരുന്നു. തൊട്ടുപിറകെ കൂടുതൽ ഫൈറ്ററുകൾ എത്തി. മാരകമായ നാപാം ബോംബുകൾ അവ കപ്പലിലേക്കു വർഷിച്ചു. കപ്പലിലെ താപനില കുത്തനെ ഉയർന്നു. എന്നാൽ ആകാശത്തു നിന്നു മാത്രമായിരുന്നില്ല ആക്രമണം. 3 ഇസ്രയേലി ബോട്ടുകൾ കപ്പലിലേക്ക് ടോർപിഡോകൾ അയച്ചു. ഇതിലൊരു ടോർപിഡോ കപ്പലിനെ ഇടിക്കുകയും പൊട്ടിത്തെറി ഉടലെടുക്കുകയും ചെയ്തു. ഈ ടോർപിഡോ പതനം കാരണം 24 പേരാണു മരിച്ചത്.
വിമാനങ്ങൾ തുരുതുരാ വെടിയുതിർക്കുന്നതു തുടർന്നു. ഷെല്ലുകൾ പതിച്ചതുകൊണ്ട് മാത്രം 821 ദ്വാരങ്ങൾ കപ്പലിലുണ്ടായെന്നാണു കണക്ക്. അക്കാലത്ത് ലിൻഡൻ ബി ജോൺസനായിരുന്നു യുഎസ് പ്രസിഡന്റ്. ലിബർട്ടി ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന കാര്യം ജോൺസണെ അമ്പരപ്പിച്ചു. അമേരിക്കൻ കപ്പലാണെന്ന് അറിയില്ലായിരുന്നെന്നെന്നും ഈജിപ്തിന്റെ കപ്പലാണെന്നു വിചാരിച്ചാണ് ആക്രമി്ച്ചതെന്നുമായിരുന്നു ഇസ്രയേലിന്റെ വിശദീകരണം. അവർ ക്ഷമ ചോദിക്കുകയും ചെയ്തു. അമേരിക്ക ഈ വിശദീകരണം ശരിവച്ചു. തൊട്ടടുത്ത വർഷം ഇസ്രയേൽ കൊല്ലപ്പെട്ട നാവികർക്ക് നഷ്ടപരിഹാരമായി ഒരു തുക യുഎസിനു കൈമാറി.
അക്കാലത്ത് യുഎസ് രാഷ്ട്രീയവൃത്തങ്ങളിൽ ലിബർട്ടി കൊടുങ്കാറ്റുയർത്തി. ഇസ്രയേൽ മനപൂർവം ആക്രമിച്ചതാണെന്നായിരുന്നു പലരുടെയും ആക്ഷേപം. യുഎസ് നാഷനൽ സെക്യൂരിറ്റി ഏജൻസിയുടെ അക്കാലത്തെ ഡയറക്ടറായിരുന്ന മാർഷൽ കാർട്ടർ സംഭവം മനപൂർവമാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. സിഐഎ ഡയറക്ടർക്കും ഇതേ അഭിപ്രായമായിരുന്നു. പല ഉന്നത നാവിക സേനാ ഉദ്യോഗസ്ഥരും ഇതേ അഭിപ്രായത്തിൽ നിലകൊണ്ടു.
ഫ്രണ്ട്‌ലി ഫയർ അഥവാ സ്വന്തം സേനാ സംവിധാനങ്ങളെയോ, സുഹൃദ് രാജ്യങ്ങളുടെ സംവിധാനങ്ങളെയോ അബദ്ധത്തിൽ ആക്രമിക്കുന്ന സംഭവങ്ങൾ യുദ്ധത്തിൽ സംഭവിക്കാറുണ്ട്. ഇത്തരത്തിലൊന്നായാണ് ലിബർട്ടി ആക്രമണം കണക്കാക്കപ്പെടുന്നത്. എന്നാൽ ചില പ്രശ്‌നങ്ങളുണ്ട്. ഫ്രണ്ട്‌ലി ഫയറുകൾ പലപ്പോഴും മിനുട്ടുകൾ മാത്രമാണ് നീണ്ടുനിൽക്കുന്നത്, എന്നാൽ ലിബർട്ടി ആക്രമണം 2 മണിക്കൂർ നീണ്ടു. ഫ്രണ്ട്‌ലി ഫയറുകൾ രാത്രിയിലോ ദുഷ്‌കര കാലാവസ്ഥയിലോ ആണ് പലപ്പോഴും സംഭവിക്കുന്നത്. എന്നാൽ ഇവിടെ തെളിഞ്ഞ കാലാവസ്ഥയും പട്ടാപ്പകലുമായിരുന്നു. എന്തായിരിക്കാം അന്ന് കിഴക്കൻ മെഡിറ്ററേനിയനിൽ ശരിക്കും സംഭവിച്ചത്. ലിബർട്ടി ഒരു പ്രഹേളികയായി തുടരുന്നു.