അന്ന് ഭൂമിയിലേക്കു വന്നിടിച്ച ദുരൂഹഗ്രഹം! അമ്പിളിമാമന്റെ പ്രായം കണ്ടെത്തി

Mail This Article
ഭൂമിയിൽ നിന്നു നോക്കിയാൽ എല്ലാവരെയും നോക്കി ചിരിക്കും അമ്പിളിമാമൻ. നമുക്കെല്ലാം പ്രിയപ്പെട്ട, ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന്റെ കൃത്യം പ്രായം ശാസ്ത്രജ്ഞർ കണക്കാക്കിയത്രേ. 446 കോടി വർഷം മുൻപാണ് ചന്ദ്രൻ രൂപീകൃതമായത്. സൗരയൂഥം സൃഷ്ടിക്കപ്പെട്ട് 11 കോടി വർഷങ്ങൾക്കു ശേഷമാണ് ഇത്. മുൻനിശ്ചയിക്കപ്പെട്ട പ്രായത്തിൽ നിന്നും 4 കോടി വർഷം കൂടുതലാണ് ഇപ്പോൾ നിർണയിച്ച ചന്ദ്രന്റെ പ്രായം.
ചന്ദ്രനിലേക്ക് യുഎസ് അവസാനം വിട്ട ദൗത്യമായ അപ്പോളോ 17ലെ സഞ്ചാരികളായ ഹാരിസൺ ഷ്മിറ്റും യൂജീൻ സെർനാനും 110.4 കിലോഗ്രാം മണ്ണും പാറക്കഷണങ്ങളും ശേഖരിച്ചിരുന്നു. ഇത് ഭൂമിയിലേക്കു കൊണ്ടുവന്നു. 1972ലായിരുന്നു ഇത്.
പാറക്കഷണങ്ങളിലുള്ള സിർകോൺ ധാതുവാണ് ചന്ദ്രന്റെ പ്രായം സംബന്ധിച്ച വിവരങ്ങൾ ശാസ്ത്രലോകത്തിനു നൽകിയത്. ഭൂമി, ചന്ദ്രൻ, ചൊവ്വ എന്നിവിടങ്ങളിലെ ഏറ്റവും പഴക്കമുള്ള ധാതുക്കൾ സിർക്കോണാണെന്നും അതിനാൽ അതു വിലയിരുത്തിയാൽ പഴക്കം നിർണയിക്കാൻ എളുപ്പമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ആറ്റം പ്രോബ് ടോമോഗ്രഫി എന്ന സാങ്കേതികവിദ്യയുപയോഗിച്ചാണ് സാംപിളുകളിൽ വിലയിരുത്തൽ നടത്തിയത്.സീ ഓഫ് സെറിനിറ്റി എന്ന ചന്ദ്രപ്രദേശത്തു സ്ഥിതി ചെയ്യുന്ന ടോറസ് ലിട്രോ താഴ്‌വരയിൽ നിന്നാണ് ഈ സാംപിളുകൾ ശേഖരിച്ചത്.
ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ളതാണ് തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയും .ചൊവ്വയ്ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ ചൊവ്വാഗ്രഹത്തിന്റെ അത്രയ്ക്കും വലുപ്പമുണ്ടായിരുന്നു ഈ ഗ്രഹത്തിന്. ഗ്രീക്ക് ഐതിഹ്യത്തിൽ ചന്ദ്രന്റെ ദേവതയായ സെലീനിന്റെ മാതാവാണു തിയ. ഓർഫിയസ് എന്ന മറ്റൊരു പേരും ഗ്രഹത്തിനുണ്ട്. എൽ 4 എന്ന പ്രത്യേക ഭ്രമണപഠത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്.
എന്നാൽ 450 കോടി വർഷം മുൻപ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ അതു ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്കു നേർക്കായി. സെക്കൻഡിൽ 4 കിലോമീറ്റർ എന്ന വേഗത്തിൽ വന്ന തിയ ഭൂമിയിലേക്ക് കൂട്ടിയിടിച്ച് തുളഞ്ഞുകയറി. ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും തിയയിൽ നിന്നും ഖരപദാർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച ഒരു പ്രബല സിദ്ധാന്തം.1970ലാണ് ഈ കൂട്ടിയിടി സംബന്ധിച്ച സിദ്ധാന്തം ഉടലെടുത്തത്. എന്തുകൊണ്ടാണു ചന്ദ്രൻ വലിയ രീതിയിൽ വരണ്ടുപോയത് എന്ന അന്വേഷണമാണ് ഈ സിദ്ധാന്തത്തിനു വഴിവച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിലും ഉയർന്ന താപനിലയിലും ചന്ദ്രനായി മാറി തെറിച്ച ഭാഗത്തിലെ ജലാംശം എല്ലാം വറ്റിപ്പോയിരിക്കാം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം.