ഗുഹകളിൽ കണ്ട വെളുത്തമുഖമുള്ള വായില്ലാ മനുഷ്യർ; വാൻഡ്ജിനയുടെ പിന്നിലെ രഹസ്യം ?
Mail This Article
ലോകകപ്പ് ക്രിക്കറ്റ് ഇപ്പോൾ ഇന്ത്യയിൽ നടക്കുകയാണല്ലോ. ക്രിക്കറ്റിൽ സുവർണനേട്ടങ്ങളൊരുപാട് നേടിയ രാജ്യമാണ് ഓസ്‌ട്രേലിയ. പഴയകാലത്ത് ബ്രിട്ടന്റെ കോളനിയായിരുന്ന ഈ രാജ്യത്ത് വസിച്ച ആദിമനിവാസികൾ അബോറിജിനൽസ് എന്നറിയപ്പെടുന്നു. ഓസ്‌ട്രേലിയയിലെ കിംബർലി മേഖലയിൽ സ്ഥിതി ചെയ്യുന്ന 2 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള മേഖലയാണ് വാൻഡ്ജിന. 60000 വർഷത്തോളം പഴക്കമുള്ള തുടർച്ചയായ സംസ്‌കാരം ഈ മേഖലയിലുണ്ട്.
വൊറോറ, ഗാരിനിയിൻ, വുനുംബുൽ എന്നിങ്ങനെ 3 ഗോത്രങ്ങളിലുള്ളവരാണ് വാൻഡ്ജിനയിലുള്ളത്. ഈ മേഖലയിൽ ഗുഹകളിലും പാറകളിലുമായി ധാരാളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വാൻഡ്ജിന ഫിഗറ്റേറ്റീവ് ആർട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ ചിത്രങ്ങളിൽ കുറേ വെളുത്ത മുഖങ്ങൾ കാണാം. വായില്ലാത്ത, വലിയ കണ്ണുള്ള മുഖങ്ങൾ. ഹെൽമറ്റു പോലെയുള്ള ഏതോ ഒരു ഘടനയും ഈ മുഖങ്ങൾക്കു ചുറ്റുമുണ്ട്. സ്വാഭാവികമായും ഈ ചിത്രങ്ങൾ ഗവേഷകരിലും കലാകുതുകികളിലും വലിയ താൽപര്യം ഉണർത്തി. പണ്ടത്തെ ആളുകളെ വരച്ചതാണെന്നും മൂങ്ങകളെവരച്ചതാണെന്നുമൊക്കെ വിവിധ വിശദീകരണങ്ങൾ ഇവയ്ക്കു കണ്ടെത്താൻ പലരും ശ്രമിച്ചു.
ഈ വിശദീകരണങ്ങളിൽ വലിയ കൗതുകമുയർത്തിയ ഒന്നാണ്, ഇത് അന്യഗ്രഹജീവികളുടെ ചിത്രങ്ങളാണെന്ന വാദം. ഈ മേഖലയിലെ ആദിമ നിവാസികളെ പണ്ട് അന്യഗ്രഹജീവികൾ സന്ദർശിച്ചെന്നും അവരുടെ ചിത്രങ്ങളാണ് ഗുഹാചിത്രങ്ങളിലുള്ളതെന്നുമായിരുന്നു വാദം. വാൻഡ്ജിനയിൽ മാത്രമല്ല, പണ്ട് ഭൂമിയിലുണ്ടായിരുന്ന പല ആദിമസമൂഹങ്ങളിലും അന്യഗ്രഹജീവികൾ സന്ദർശിച്ചെന്നും വാദിക്കുന്നവരുണ്ട്. വാൻഡ്ജിന എന്നുതന്നെയാണ് ഈ ജീവികൾ അറിയപ്പെടുന്നത്.
ഇവയെപ്പറ്റി ആദിമനിവാസികൾക്കിടയിലുള്ള കഥയും വ്യത്യസ്തമാണ്. അവരുടെ വിശ്വാസപ്രകാരം വാൻഡ്ജിന ആകാശത്തു നിന്നെത്തിയ ജീവികളാണ്. ആകാശഗംഗയിലെവിടെനിന്നോ ആണത്രം ഇവയെത്തിയത്. ഭൂമിയും അതിലെ ജീവജാലങ്ങളുമൊക്കെ സൃഷ്ടിച്ചത് വാൻഡ്ജിനകളാണ്. ഇന്നും അവ ഭൂമിയെ നിയന്ത്രിക്കുന്നെന്ന് ആദിമനിവാസികൾ വിശ്വസിക്കുന്നു. എന്നാൽ ഇതൊക്കെ ഐതിഹ്യങ്ങളാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ഗൂഢവാദങ്ങളിൽ വിശ്വസിക്കുന്നവർ വാൻഡ്ജിനകൾ അന്യഗ്രഹജീവികളാണെന്ന വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.