വൈറസിനെ കൊളുത്തിപ്പിടിച്ച് സഞ്ചരിക്കും; കണ്ടെത്തി ഡ്രാക്കുള വൈറസിനെ

Mail This Article
ആളുകളുടെ കഴുത്തിൽ കടിച്ച് അവരെ അധീനതയിലാക്കുന്നതാണ് ഡ്രാക്കുളയുടെ കഥ. ഇപ്പോഴിതാ വൈറസുകളുടെ ലോകത്തുനിന്നും ഒരു ഡ്രാക്കുളയെ കണ്ടെത്തി. ഒരു വൈറസിന്റെ ശരീരത്തിലേക്ക് കൊളുത്തുപോലുള്ള ശരീരഭാഗം ഉപയോഗിച്ച് ബന്ധിച്ച്, അവയെ ഉപയോഗിച്ച് ഇരയുടെ ശരീരത്തിലേക്ക് കടന്നുകയറുന്ന മറ്റൊരു വൈറസിനെ യുഎസിലെ മേരിലാൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്.
കോശങ്ങളിൽ കടന്നുകയറുന്ന വൈറസുകൾ, കോശതന്മാത്രകൾ ഉപയോഗിച്ചാണ് പകർപ്പുകൾ സൃഷ്ടിച്ച് അസുഖം പരത്തുന്നത്. എന്നാൽ ചില വൈറസുകളുടെ രീതി വ്യത്യസ്തമാണ്. ഹെൽപർ–സാറ്റലൈറ്റ് എന്നൊരു സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ബാക്ടീരിയകളെ ആക്രമിക്കുന്ന ചില വൈറസുകളിലാണ് ഇവ ആദ്യം കണ്ടിരുന്നത്.
സാറ്റലൈറ്റ് എന്ന ഗണത്തിലെ വൈറസുകൾ ഇരയുടെ കോശത്തിൽ കടന്നു കയറി അവിടെ നിർജീവമായി മറഞ്ഞുകിടക്കും. സ്വന്തം നിലയ്ക്ക് ആക്രമിക്കാൻ ഇവയ്ക്ക് കഴിയില്ല. ഹെൽപർ വൈറസുകൾ എപ്പോഴെങ്കിലും ഇരയുടെ കോശങ്ങളെ ആക്രമിച്ചാൽ സാറ്റലൈറ്റ് വൈറസുകൾ സജീവമാകും. തുടർന്ന് ഹെൽപർ വൈറസുകളുടെ ജനിതകം ഉപയോഗിച്ച് സ്വന്തം നിലയ്ക്ക് പകർപ്പുകളെടുത്ത് അധിനിവേശം തുടങ്ങും. പിൽക്കാലത്ത് ബാക്ടീരിയകളെ ആക്രമിക്കുന്ന വൈറസുകളല്ലാതെ മറ്റു ചിലതിലും ഈ രീതി കണ്ടെത്തി. എന്നാൽ ഈ സംവിധാനത്തിലെ വേറിട്ടൊരു രീതിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
മിനിഫ്ലേയർ എന്ന ബാക്ടീരിയകളെ ആക്രമിക്കുന്ന വൈറസാണിതിനു പിന്നിൽ. സാറ്റലൈറ്റ് ഗണത്തിലുള്ള ഇത് മൈൻഡ് ഫ്ലേയർ എന്ന മറ്റൊരു വൈറസിനെയാണ് ഹെൽപർ ആക്കുന്നത്. എന്നാൽ ഇരയുടെ കോശത്തിൽ കയറി ഹെൽപർ വൈറസ് ഏതെങ്കിലും കാലത്ത് വരുന്നതു വരെ കാത്തിരിക്കാതെ ഹെൽപറായ മൈൻഡ്ഫ്ലേയറിന്റെ ശരീരത്തിൽ കൊളുത്തിപ്പിടിച്ചാണ് ഇവയുടെ സഞ്ചാരം. ഹെൽപർ ഇരയുടെ ശരീരത്തിലേക്കു കയറുന്നതിനൊപ്പം മിനിഫ്ലേയറും കയറും. ഹെൽപറിന്റെ ആരോഗ്യത്തെയും ഇത് ബാധിക്കും. മിനിഫ്ലേയർ വിട്ടുപോയാലും മൈൻഡ്ഫ്ലേയറിന്റെ ശരീരത്തിൽ അതിന്റെ കൊളുത്തിന്റെ അവശിഷ്ടവും കാണും. 10 കോടി വർഷത്തിലധികമായി ഈ വൈറസുകൾ തമ്മിൽ ഇത്തരം പ്രവർത്തനമുണ്ടെന്നാണു കരുതപ്പെടുന്നത്. വൈറസുകൾക്കെതിരെയുള്ള ചികിത്സയിൽ ഇതെങ്ങനെ ഉപയോഗിക്കാമെന്ന ആലോചനയിലാണ് ശാസ്ത്രജ്ഞർ. എന്തെല്ലാം കാര്യങ്ങളാണല്ലേ സൂക്ഷ്മജീവികളുടെ ലോകത്ത് നടക്കുന്നത്.