മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലും; ഈ പൗരാണിക ശിൽപത്തിനു പിന്നിൽ കാറ്റെന്ന് പഠനം

Mail This Article
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് ഈജിപിത്. നൈൽനദിയൊഴുകുന്ന ഈ രാജ്യത്ത് അനേകം ചരിത്രശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്നു. ഇക്കൂട്ടത്തിൽ ഏറെ പ്രസിദ്ധമാണ് ഗിസയിൽ സ്ഥിതി ചെയ്യുന്ന സ്ഫിൻക്‌സ് എന്ന പ്രതിമ. മനുഷ്യശരീരവും സിംഹത്തിന്റെ ഉടലും, ചിറകുകളുമുള്ള ഈ പ്രതിമ, ഒറ്റക്കല്ലിൽ തീർത്ത ലോകത്തെ ഏറ്റവും വലിയ ശിൽപങ്ങളിലൊന്നാണ്. സ്ഫിൻക്‌സ് എന്തിനാണു നിർമിച്ചത്, എങ്ങനെയാണ് നിർമിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ ചർച്ചകൾ ഗവേഷകർക്കിടയിൽ നടന്നിരുന്നു. ഇപ്പോഴിതാ സ്ഫിൻക്‌സിനെപ്പറ്റി ഒരു ശ്രദ്ധേയമായ പഠനം പുറത്തുവന്നിട്ടുണ്ട്. കാറ്റ് ആണത്രേ സ്ഫിൻക്‌സിന്റെ നിർമാണത്തിൽ നിർണായകമായ ഒരു പങ്ക് വഹിച്ചത്. ന്യൂയോർക്ക് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇവിടത്തെ അപ്ലൈഡ് മാത്തമാറ്റിക്‌സ് വിഭാഗത്തിലെ ശാസ്ത്രജ്ഞർ 4500 വർഷം മുൻപുള്ള ഘടനകൾ പുനസൃഷ്ടിച്ചാണ് പഠനം നടത്തിയത്.
സ്ഫിൻക്‌സ് നിന്നയിടത്തെ കാറ്റ് ചുണ്ണാമ്പുപാറകളെ ദ്രവിപ്പിച്ച് അവയിൽ മനുഷ്യമുഖം പോലെയുള്ള ഒരു ഘടന ഉണ്ടാക്കിയെന്നും പ്രാചീന ഈജിപ്തുകാർ കൊത്തുപണികളിലൂടെ ഇപ്പോഴുള്ള രൂപത്തിലാക്കിയെന്നുമാണ് ഗവേഷകരുടെ വാദം. ഈജിപ്തിലെ മരുഭൂമിയിൽ പലയിടങ്ങളിലും ഇത്തരം കല്ലുകൾ നിൽക്കുന്നതും ഗവേഷകർ ചൂണ്ടിക്കാട്ടി. 66 അടി പൊക്കമുള്ളതാണ് സ്ഫിൻക്‌സ്. ഇതിന്റെ നിർമാണത്തിനു പിന്നിൽ കാറ്റ് ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന വാദം 1981 മുതൽക്കെയുണ്ട്.
എന്നാൽ പുതിയ പഠനത്തിനെതിരെ ഈജിപ്ഷ്യൻ ഗവേഷകർ രംഗത്തെത്തിയിട്ടുണ്ട്. ശിൽപമുണ്ടാക്കിയ ശേഷം കാറ്റ് അതിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കാം. പക്ഷേ കാറ്റ് മൂലം ദ്രവിച്ച പാറകളാണ് സ്ഫിൻക്‌സിനു വഴിവച്ചതെന്ന വാദം അസംബന്ധമാണെന്ന് കയ്‌റോ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ സലിമ ഇക്രാം പറഞ്ഞു. ഈജിപ്തിലെ നാലാം സാമ്രാജ്യത്തിലെ ഫറവോയായ ഖഫ്രെയുടെ മുഖമാണ് സ്ഫിൻക്‌സിനുള്ളതെന്ന് കരുതിപ്പോരുന്നു, ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ശിൽപമായ സ്ഫിൻക്‌സ് ലോകത്ത് ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന ശിൽപവുമാണ്