സാങ്കൽപികജീവിക്കായി നിർമിച്ച വനോദ്യാനം: മിഗോയ് ശരിക്കുമുണ്ടോ, അതോ കരടിയാണോ?

Mail This Article
വളരെ വിസ്മയകരമായ ജൈവവൈവിധ്യമുള്ള രാജ്യമാണ് നമ്മുടെ അയൽരാജ്യമായ ഭൂട്ടാൻ. മഞ്ഞുപുതച്ച പർവതങ്ങളും താഴ്വരകളും പുരാതന ആരാധനാലയങ്ങളുമൊക്കെ നിലനിൽക്കുന്നയിടം. വളരെ പുരോഗമനപരമായ പരിസ്ഥിതി നിയമങ്ങൾക്കും ഭൂട്ടാൻ പ്രസിദ്ധമാണ്.
ഭൂട്ടാനിലെ ഒരു ദേശീയ വനമാണ് സാക്തെങ്. നീലപ്പൈൻവരങ്ങൾ ഇടതൂർന്ന് വളരുന്ന ഈ കാട് രണ്ടായിരമാണ്ടിനു ശേഷമാണ് വനോദ്യാനമായി മാറിയത്. ലോകത്ത് പലയിടങ്ങളിലും വനോദ്യാനങ്ങൾ ചില ജീവജാലങ്ങളെ സംരക്ഷിക്കാനായി ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിക്കാറുണ്ട്. എന്നാൽ സാക്തെങ്ങിന്റെ കാര്യത്തിൽ കാര്യം കൗതുകകരമാണ്. സാക്തെങ് നിർമിക്കപ്പെട്ടത് മിഗോയ് എന്നയൊരു സാങ്കൽപിക ജീവിയെ സംരക്ഷിക്കാനായാണത്രേ. പാൻഡകൾ, മഞ്ഞുപുലികൾ, കടുവകൾ തുടങ്ങിയവയും ഈ വനത്തിലുണ്ട്.
ഹിമാലയൻ മേഖലകളിലുണ്ടെന്ന് ചിലയാളുകൾ വിശ്വസിക്കുന്ന യതി എന്ന ജീവിയുടെ ഭൂട്ടാനിലെ പേരാണ് മിഗോയ്. എട്ടടി പൊക്കമുള്ള, പിന്നോട്ടു നടക്കുന്ന, പൊടുന്നനെ അദൃശ്യനാവാൻ കഴിവുള്ള ജീവികൾ. വടക്കൻ അമേരിക്കൻ മേഖലകളിലുള്ള സാസ്‌ക്വാച്ച്, ബിഗ്ഫൂട് തുടങ്ങിയ ജീവികളുമായി സാമ്യമുള്ളതാണ് യതിയുടെ സങ്കൽപം. ചില തിബറ്റൻ, ബുദ്ധിസ്റ്റ് പുസ്തകങ്ങളിലും ഇതിനെ കുറിച്ച് പരാമർശമുള്ളതിനാൽ മിഗോയ് വളരെ പ്രശസ്തമാണ്. ആളുകളുടെ മനസ്സ് നിയന്ത്രിക്കാനും ഇതിനു കഴിവുണ്ടെന്നൊക്കെ കഥകളുണ്ട്.
എന്താണ് ഈ ജീവിയെന്നതു സംബന്ധിച്ച് പല വാദങ്ങളുമുയർന്നിട്ടുണ്ട്. ഇതൊരു ടിബറ്റൻ കരടിയാണെന്നാണ് ചില ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നത്. മഞ്ഞിൽ തന്റെ മുൻകാലുകളുണ്ടാക്കുന്ന കാലടികളി്ൽ പിൻകാലുകൾ പതിപ്പിച്ചാണ് ഇത്തരം കരടികൾ നടന്നുനീങ്ങുന്നത്. ഇതുകാരണം 2 കാലുള്ള ഒരു മൃഗമാണെന്നു തെറ്റിദ്ധരിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു.