മാലദ്വീപിനെ ഗുണ്ടാപ്പടയിൽ നിന്നു രക്ഷിച്ച ഇന്ത്യ; ഓപ്പറേഷൻ കാക്ടസ് എന്ന സൈനിക ത്രില്ലർ
Mail This Article
മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്നു പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മാലദ്വീപിൽ എഴുപതിലേറെ ഇന്ത്യൻ സൈനികർ നിലവിലുണ്ട്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം സുദൃഢമാക്കിയതിലും സൈനികസഹകരണം മെച്ചപ്പെട്ടതിലും ഇന്ത്യൻസേനയുടെ ഒരു ദൗത്യത്തിനു നിർണായക പങ്കുണ്ട്. ഓപ്പറേഷൻ കാക്ടസ് എന്നാണ് ആ ദൗത്യം അറിയപ്പെടുന്നത്. ശ്രദ്ധേയമായ ദൗത്യമായിരുന്നു ഓപ്പറേഷൻ കാക്ടസ്. മാലദ്വീപിൽ നിന്നു ബന്ദികളെ മോചിപ്പിക്കാനുള്ളദൗത്യം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വെളിവാക്കിയ ഏടായി ഈ ദൗത്യം മാറി.
മാലദ്വീപിൽ 1988 നവംബറിൽ അരങ്ങേറിയ ചില സംഭവവികാസങ്ങളാണു ഓപ്പറേഷൻ കാക്ടസിലേക്കു നയിച്ചത്. അന്നത്തെ ദ്വീപിന്റെ പ്രസിഡന്റായിരുന്ന അബ്ദുൽ ഗയീമിനെ പുറത്താക്കാനായി മാലദ്വീപിലെ ഒരു ബിസിനസ്സുകാരനായ അബ്ദുല്ല ലുത്തുഫി ഒരു പദ്ധതി തയാറാക്കി. ശ്രീലങ്കയിൽ ഒരു ഫാം നടത്തുകയായിരുന്നു അക്കാലത്ത് ലുത്തുഫി. തന്റെ പദ്ധതിക്കായി ശ്രീലങ്കയിലെ ഒരു തമിഴ് സായുധ സംഘടനയായ പ്ലോട്ടിന്റെ ഇരൂന്നൂറോളം ആയുധധാരികളായ അംഗങ്ങളെ അബ്ദുല്ല ദ്വീപിൽ ഇറക്കി. തലസ്ഥാനമായ മാലിയിൽ എത്തിയ ശേഷം ഈ ആയുധധാരികൾ നഗരത്തിന്റെ മുക്കും മൂലയിലുമായി നിലയുറപ്പിച്ചു.
മാലദ്വീപിൽ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു രാഷ്ട്രീയക്കാരനും പണ്ഡിതനുമായിരുന്നു പ്രസിഡന്‌റ് അബ്ദുൽ ഗയീം. ക്രിക്കറ്റിനെ വളരെയധികം സ്‌നേഹിച്ച ഗയൂം ഇന്ത്യയുമായി തികച്ചും ചങ്ങാത്തം പുലർത്തി. നവംബർ മൂന്നിന് ഡൽഹിയിലെത്തി ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന അദ്ദേഹത്തിനു പക്ഷേ ഇതിനു പോകാൻ കഴിഞ്ഞിരുന്നില്ല. തന്നെ നിഷ്‌കാസിതനാക്കാനുള്ള വിമതസംഘത്തിന്റെ ശ്രമം അറിഞ്ഞു പരുങ്ങലിലായ ഗയൂം പ്രസിഡൻഷ്യൽ മന്ദിരത്തിൽ നിന്നു രക്ഷപ്പെട്ട് മാലിദ്വീപ് പ്രതിരോധ സേനയുടെ ആസ്ഥാനത്തു രക്ഷനേടി. അപ്പോഴേക്കും അക്രമികൾ ദേശീയ ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളെല്ലാം പിടിച്ചെടുത്തിരുന്നു. പ്രസിഡൻഷ്യൽ പാലസിൽ കടന്നശേഷം അവർ മാലദ്വീപിന്റെ വിദ്യാഭ്യാസമന്ത്രിയെ ബന്ദിയാക്കി തടങ്കല്ലിൽ വയ്ക്കുകയും ചെയ്തു.
കാര്യങ്ങൾ ഇത്രയുമായതോടെ സഹായത്തിനായി യുഎസ്, ബ്രിട്ടൻ, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതപ്രതിനിധികളുമായി ഗയൂം ബന്ധപ്പെട്ടു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മാലദ്വീപിനെ വിമോചിപ്പിക്കാൻ ഇന്ത്യൻ സേനാവൃത്തങ്ങൾക്കു നിർദേശം നൽകിയതോടെ ഓപ്പറേഷൻ കാക്ടസിനു തുടക്കമായി.എന്നാൽ ലുത്തുഫി മാലിദ്വീപിലിറക്കിയ സംഘത്തിനു വളരെ മർമപ്രധാനമായ ഒരു പാളിച്ച പറ്റിയിരുന്നു. തലസ്ഥാനമായ മാലിയിലെ വിമാനത്താവളം അവർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയില്ല. പിറ്റേന്നു മാലിദ്വീപിലേക്ക് ഇന്ത്യൻ സേനയുടെ പാരഷൂട്ട് ബ്രിഗേഡ് പുറപ്പെട്ടു. ആഗ്ര വിമാനത്താവളത്തിൽ നിന്ന് രണ്ടായിരത്തിലധികം കിലോമീറ്ററുകൾ നിർത്താതെ പറന്നാണ് അവർ വിമാനത്താവളത്തിൽ എത്തിയത്.
വന്നെത്തിയ ഉടൻ തന്നെ സേനാംഗങ്ങൾ വിമാനത്താവളം നിയന്ത്രണത്തിലാക്കി. തുടർന്ന് ബോട്ടുവഴി കടൽ കടന്നു മാലി നഗരത്തിലെത്തി. അക്രമികളുമായി താമസിയാതെ തുടങ്ങിയ പോരാട്ടത്തിൽ കുറെയേറെ അക്രമികൾ കൊല്ലപ്പെട്ടു. പ്രസിഡന്‌റ് ഗയൂമിനെ താമസിയാതെ തന്നെ മോചിപ്പിച്ചു. എന്നാൽ പിന്നീടാണു വെല്ലുവിളി ഉടലെടുത്തത്. ഒരു മാലദ്വീപ് മന്ത്രി ഉൾപ്പെടെ 27 ബന്ദികളെയും, വിമത സംഘങ്ങളെയും കയറ്റി എംവി പ്രോഗ്രസ് എന്ന കപ്പലിൽ ലുത്തുഫി കടൽ വഴി രക്ഷപ്പെട്ടു. ബന്തികളെ രക്ഷിക്കുക എന്ന ദൗത്യവും ഇന്ത്യയുടെ മേൽ വന്നു. നാവികസേന അതോടെയാണു രംഗത്തിറങ്ങിയത്.
ഇന്ത്യയുടെ പടക്കപ്പലുകളായ ടിർ, ഗോദാവരി എന്നിവ മാലിദ്വീപിലേക്കു തിരിച്ചുവിട്ടു. ഇതിനൊപ്പം രജപുത്, രഞ്ജിത്, ഗോമതി, ത്രിശൂൽ തുടങ്ങിയ കപ്പലുകളും. ഗോദാവരിയുടെ കമാൻഡർക്കായിരുന്നു ദൗത്യത്തിന്റെ നായകസ്ഥാനം.നവംബർ അഞ്ച് അർധരാത്രിയോടെ എംവി പ്രോഗ്രസ് ഇന്ത്യൻ നാവികസേനാ സംഘത്തിന്റെ ദൃഷ്ടിയിൽ പെട്ടു. നിരവധി താക്കീതുകൾ നൽകിയിട്ടും കീഴടങ്ങാതെ വന്നതോടെ ഇന്ത്യൻ പടക്കപ്പലുകളിലെ തോക്കുകൾ ഗർജിച്ചു. പ്രോഗ്രസിൽ ഇതുമൂലം തീപടർന്നു. ഉടനടി തന്നെ നാവികസേനാംഗങ്ങൾ ബന്തികളെ രക്ഷിക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു. ഓപ്പറേഷൻ കാക്ടസ് ഇതോടെ പൂർണവിജയമായി.സംഭവം രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് വലിയ ഖ്യാതി നേടിക്കൊടുത്തു. ടൈംമാഗസിനുൾപ്പെടെ രാജ്യാന്തര മാധ്യമങ്ങൾ സംഭവം അവരുടെ കവര്‍സ്റ്റോറിയാക്കി.