കാൽനൂറ്റാണ്ടു പിന്നിടുന്ന ബഹിരാകാശകൊട്ടാരം; 2031ൽ പ്രവർത്തനം നിലയ്ക്കും
Mail This Article
രാജ്യാന്തര ബഹിരാകാശ നിലയം ആകാശത്ത് സ്ഥാപിതമായിട്ട് 25 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 1998 നവംബർ 2നാണ് നിലയം സജ്ജമായത്. ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം. നാസയ്ക്കാണു പ്രധാനനേതൃത്വമെങ്കിലും ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയാണു രാജ്യാന്തര ബഹിരാകാശ നിലയം വിഭാവനം ചെയ്തതും സ്ഥാപിച്ചതും. 1984ൽ യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനാണ് പദ്ധതി ആവിഷ്കരിച്ചത്.ബഹിരാകാശത്ത് സ്ഥിരസാന്നിധ്യമൊരുക്കി ഗവേഷണത്തിനും യാത്രികരുടെ താമസത്തിനുമുള്ള സൗകര്യം സജ്ജമാക്കുകയാണ് ബഹിരാകാശ നിലയങ്ങളുടെ ധർമം.
1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. യുഎസ് 153 പേരെയും റഷ്യ 50 പേരെയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. 2021 വരെ 9 രാജ്യങ്ങളിൽ നിന്നായി 244 യാത്രികർ നിലയം സന്ദർശിച്ചിട്ടുണ്ടെന്നു നാസയുടെ കണക്ക് പറയുന്നു.
ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2024 വരെയുള്ള നിലയത്തിന്റെ പ്രവർത്തന പരിപാടികൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2028 വരെ ഇതു പ്രവർത്തന യോഗ്യമായി തുടരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുശേഷം? 2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുമെന്നാണു പറയുന്നത്. ഇതോടെ നാസയുടെ ഈ മേഖലയിലെ അപ്രമാദിത്വത്തിനു തിരശ്ശീല വീഴുമെന്നും ചില കരുതുന്നു. ചൈനയുടെയും റഷ്യയുടെയും നിലയങ്ങൾ ഈ കാലയളവാകുമ്പോഴേക്കും പൂർണ സജ്ജമാകുന്നതു യുഎസിനു വലിയ വെല്ലുവിളി സൃഷ്ടിക്കും.
രാജ്യാന്തര നിലയത്തിന്റെ അന്ത്യത്തോടെ ബഹിരാകാശ നിലയങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടുമെത്തിക്കുന്ന യുഎസിന്റെ ആർട്ടിമിസ് ദൗത്യം നടക്കാനിരിക്കുന്നതിനാൽ നാസയുടെ ശ്രദ്ധ മുഴുവൻ അതിലാണ്. അതിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശനിലയം (ലൂണർ ഗേറ്റ്‌വേ) സ്ഥാപിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. അതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം ഉൾപ്പെടുന്ന താഴ്ന്ന ഭൗമഭ്രമണപഥ സ്പേസ് സ്റ്റേഷൻ മേഖലയിലേക്കു സ്വകാര്യകമ്പനികളെ ക്ഷണിക്കാനാണ് ഏജൻസിക്കു താൽപര്യം.
രാജ്യാന്തര നിലയവുമായുള്ള സഹകരണം 2024ൽ റഷ്യ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തം. സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഉടലെടുത്ത പ്രശ്നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്. ചൈനയുടെ സ്വപ്നപദ്ധതിയായ ടിയൻഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയുമാണ്.രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചൈനയെ സഹകരിപ്പിക്കാൻ യുഎസ് അനുവദിച്ചിരുന്നില്ല. ചൈനയുമായി വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലുള്ള വിലക്കായിരുന്നു കാരണം. സ്വന്തം നിലയിൽ ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്കു താമസിയാതെ ചൈനയെത്തി. ടിയൻഗോങ് എന്ന പേരിൽ ഭൂമിയിൽനിന്ന് 500 കിലോമീറ്റർ ഉയരത്തിലാണു ചൈനയുടെ സ്പേസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബഹിരാകാശക്കൊട്ടാരമെന്നാണു ടിയൻഗോങ്ങിന്റെ അർഥം. ചൈനീസ് ആവശ്യങ്ങൾക്കു മാത്രമായിരിക്കില്ല ഈ ബഹിരാകാശ സ്റ്റേഷനെന്നു ചൈന വെളിപ്പെടുത്തിയിരുന്നു. മറ്റു രാജ്യങ്ങളിലെ യാത്രികരെയും തങ്ങൾ സ്വാഗതം ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു.
മോഡുലാർ ബഹിരാകാശ നിലയമാണു ടിയൻഗോങ്. അതായത്, ആദ്യമൊരു പ്രധാനഭാഗം വിക്ഷേപിച്ച ശേഷം മറ്റു ഭാഗങ്ങൾ അതിലേക്കു കൂട്ടിച്ചേർക്കുന്ന രീതി. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വെർജിൻ ഗലാക്റ്റിക്, ആക്സിയം സ്പേസ്, നോർത്രോപ് ഗ്രുമ്മൻ തുടങ്ങിയ വമ്പൻ സ്പേസ് കമ്പനികളും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. രാജ്യാന്തര നിലയത്തിന്റെ അന്ത്യം സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്കു വലിയ കുതിപ്പേകുമെന്ന വിലയിരുത്തലുമുണ്ട്. ആക്സിയം സ്പേസ് കമ്പനിയുടെ ആക്സിയം സ്റ്റേഷൻ 2024ൽ പ്രവർത്തനം തുടങ്ങുമെന്നാണ് അഭ്യൂഹം. രാജ്യാന്തര നിലയത്തിന്റെ ഭാഗമായാകും ആദ്യം ഈ സ്റ്റേഷൻ വികസിപ്പിക്കുക. തുടർന്ന് 2027ൽ പൂർണരൂപം കൈവരിച്ച ശേഷം മാറും. പൂർണമായും വാണിജ്യാടിസ്ഥാനത്തിലാകും ഈ നിലയത്തിന്റെ പ്രവർത്തനം.